News

അയോധ്യയിലെ തർക്കമന്ദിരം തകർത്ത കേസിൽ വിധി 30ന്

ന്യൂഡൽഹി: അയോധ്യയിലെ തർക്കമന്ദിരം തകർത്ത കേസിൽ 30നു പ്രത്യേക കോടതി വിധി പറയും. മുതിർന്ന ബി.ജെ.പി. നേതാക്കളായ എൽ.കെ.അദ്വാനി, മുരളി മനോഹർ ജോഷി, ഉമ ഭാരതി തുടങ്ങിയവരാണ് കേസിലെ പ്രധാന പ്രതികൾ. 1992ലാണു തർക്കമന്ദിരം തകർക്കപ്പെട്ടത്. കർക്കപ്പെട്ട് 28 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പ്രസ്താവിക്കാൻ പോകുന്നത്.
ലഖ്നൗവിലെ പ്രത്യേക സി.ബി.ഐ. കോടതിയാണ് വിധി പ്രഖ്യാപിക്കുക. 30നു വാദം കേട്ടു വിധി പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. ഗൂഢാലോചനക്കേസും തർക്കമന്ദിരം തകർത്തതമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഒരുമിച്ചു വിച്ചാരണ നടത്തണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്ന് ഒരുമിച്ചായിരുന്നു വിചാരണ നടന്നത്. മുതിർന്ന ബി.ജെ.പി. നേതാക്കളായ എൽ.കെ.അദ്വാനി, മുരളീ മനോഹർ ജോഷി, ഉമാ ഭാരതി, വിനയ് കട്യാർ, കല്യാൺ സിങ് തുടങ്ങി കേസിലെ 32 പ്രതികളും അന്നേ ദിവസം കോടതിയിൽ ഹാജരാകണമെന്ന് പ്രത്യേക കോടതി ജഡ്ജി സുരേന്ദ്ര കുമാർ യാദവ് നിർദേശിച്ചു.
ഈ മാസമാദ്യം കേസിലെ എല്ലാ നടപടികളും കോടതി പൂർത്തിയാക്കി. ഓഗസ്റ്റ് 31ന് കേസിൽ വിധി പറയണമെന്ന് നേരത്തെ സുപ്രിം കോടതി നിർദേശിച്ചിരുന്നു. പിന്നീടത് ഒരുമാസത്തെക്ക് കൂടി നീട്ടുകയായിരുന്നു. നേരത്തെ പലതവണയായി സുപ്രീം കോടതി കേസിൽ നടപടികൾ പൂർത്തിയാക്കാൻ സമയ പരിധി നിശ്ചയിച്ചിരുന്നു. ക്രിമിനൽ വിചാരണ ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കാനും അതു കഴിഞ്ഞു മൂന്നു മാസത്തിനുള്ളിൽ വിധി പറയാനുമായി ആകെ ഒമ്പതു മാസത്തെ സമയമാണ് നേരത്തേ പരമോന്നത കോടതി അനുവദിച്ചിരുന്നത്. ഈ വർഷം ഏപ്രിൽ 19ന് ഈ സമയ പരിധി അവസാനിച്ചിരുന്നു. നടപടികൾ പൂർത്തിയാക്കാൻ സാധിക്കാഞ്ഞതിനാൽ ഓഗസ്റ്റ് 31 വരെ സമയം നീട്ടി നൽകുകയാണ് ഉണ്ടായത്.  
കേസിൽ ദിവസവും വിചാരണ നടത്തി രണ്ടു വർഷത്തിനകം വിചാരണ പൂർത്തിയാക്കാൻ 2017 ഏപ്രിൽ 19ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. കേസിലെ വി.ഐ.പികൾക്കെതിരെയുള്ള ഗൂഢാലോചന കുറ്റം പുനഃസ്ഥാപിക്കാൻ സുപ്രീം കോടതി സി.ബി.ഐക്ക് അനുമതി നൽകുകയും ചെയ്തിരുന്നു. 2001 ഫെബ്രുവരിയിൽ അദ്വാനി അടക്കമുള്ളവരെ ഗൂഢാലോചന കേസിൽ നിന്ന് ഒഴിവാക്കിയ അലഹാബാദ് ഹൈക്കോടതി വിധി തെറ്റാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. തർക്കമന്ദിരം തകർത്തതിനു പിന്നിലെ ഗൂഢാലോചനയിൽ പങ്കില്ലെന്നും രാഷ്ട്രീയപകപോക്കലിനായി കേസിലേക്കു വലിച്ചിഴച്ചതാണെന്നും എൽ.കെ.അദ്വാനി കോടതി മുമ്പാകെ മൊഴി നൽകിയിരുന്നു. മുരളീമനോഹർ ജോഷിയും വിചാരണയിൽ കുറ്റം നിഷേധിച്ചിരുന്നു. കേസിലെ ചില സാക്ഷികളുടെ മൊഴി വീഡിയോ കോൺഫറെൻസ് വഴിയാണ് കോടതി രേഖപ്പെടുത്തിയിരുന്നത്.
.

Back to Top