News

മന്ത്രി ജലീലിനെ എന്‍.ഐ.എ. ചോദ്യംചെയ്യും

ന്യൂഡെല്‍ഹി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീലിനെ എന്‍.ഐ.എ. ചോദ്യംചെയ്യും. വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മന്ത്രിയെ ചോദ്യംചെയ്യുമെന്നു മുതിര്‍ന്ന എന്‍.ഐ.എ. ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കഴിഞ്ഞ ദിവസങ്ങളില്‍ ജലീലിനെ ചോദ്യംചെയ്തിരുന്നു. തുടര്‍ന്നും ചോദ്യംചെയ്യുമെന്ന സൂചനകളും ഉണ്ട്. എന്‍.ഐ.എ. ചോദ്യംചെയ്യുന്നതു സംബന്ധിച്ച് ജലീല്‍ പ്രതികരിച്ചതായി റിപ്പോര്‍ട്ടില്ല. ഇ.ഡി. ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതും ചോദ്യംചെയ്തതും അതീവ രഹസ്യമായി വെക്കുകയായിരുന്നു ജലീലും സര്‍ക്കാരും. ചോദ്യംചെയ്യാന്‍ വിളിപ്പിച്ചോ എന്ന ചോദ്യത്തിനു ഹാജരായി വിശദീകരണം നല്‍കുന്നതില്‍ സന്തോഷമേ ഉള്ളൂ എന്നായിരുന്നു ജലീല്‍ പ്രതികരിച്ചത്. എന്നാല്‍, ചോദ്യംചെയ്യലിനു പോയതാകട്ടെ അതീവ രഹസ്യമായും. ഔദ്യോഗിക വാഹനം ഒഴിവാക്കി സുഹൃത്തായ വിവാദ വ്യവസായിയുടെ കാറിലായിരുന്നു യാത്ര. ചോദ്യംചെയ്യല്‍ വാര്‍ത്ത പുറത്തായതോടെ മാധ്യമങ്ങള്‍ അറിയാതെ താന്‍ പോയില്ലേ എന്നായി വാദം.
.

Back to Top