News

മുഗള്‍ മ്യൂസിയം ഇനി ഛത്രപതി ശിവജി മ്യൂസിയം

ലക്നൗ: ഉത്തര്‍പ്രദേശിലെ ചരിത്ര നഗരമായ ആഗ്രയില്‍ നിര്‍മാണത്തിലിരിക്കുന്ന മുഗള്‍ മ്യൂസിയം ഇനി ഛത്രപതി ശിവജി മ്യൂസിയം എന്ന പേരില്‍ അറിയപ്പെടും. 
ആഗ്രയിലെ വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായി ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇക്കാര്യം പ്രഖ്യാപിച്ചത്. മുഗളന്മാര്‍ നമ്മുടെ നായകന്മാരല്ലെന്നും ശിവജി മഹാരാജ് ആണു നമ്മുടെ യഥാര്‍ത്ഥ നായകന്‍ എന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ഉത്തര്‍പ്രദേശില്‍ അടിമത്ത മാനസികാവസ്ഥ വെച്ചുപുലര്‍ത്തുന്ന ഒന്നിനും സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
താജ് മഹലിനോട് ചേര്‍ന്ന് ആറ് ഏക്കര്‍ ഭൂമിയിലാണ് മ്യൂസിയത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. 2015ല്‍ അഖിലേഷ് യാദവ് സര്‍ക്കാര്‍ ആണ് മ്യൂസിയം നിര്‍മിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നത്. ഡെല്‍ഹിയില്‍ നിന്ന് ഇവിടേക്ക് 2010 കിലോമീറ്റര്‍ ആണ് ഉള്ളത്. സംസ്ഥാന ടൂറിസം വകുപ്പാണ് 141 കോടി രൂപ ചെലവഴിച്ചു നിര്‍മാണം നടത്തുന്നത്. നാലു വര്‍ഷം മുന്‍പു നിര്‍മ്മാണം ആരംഭിച്ച മ്യൂസിയത്തിന്റെ ചില മിനുക്കുപണികള്‍ മാത്രമാണ് അവശേഷിക്കുന്നത്.  മുഗള്‍ സംസ്‌കാരം, മുഗള്‍ കാലഘട്ടത്തിലെ പുരാവസ്തുക്കള്‍, പെയിന്റിങ്, വസ്ത്രരീതി, ആയുധം തുടങ്ങിയവ പ്രദര്‍ശിപ്പിക്കാനാണ് മ്യൂസിയം നിര്‍മാണം തുടങ്ങിയത്.
മൂന്നു വര്‍ഷത്തെ ഭരണത്തിനിടെ  ഉത്തര്‍പ്രദേശിലെ നിരവധി സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ യോഗി സര്‍ക്കാര്‍ മാറ്റിയിട്ടുണ്ട്. 
'നിങ്ങളുടെ പുതിയ ഉത്തര്‍പ്രദേശില്‍ അടിമത്ത മാനസികാവസ്ഥയുടെ ചിന്ഹങ്ങള്‍ക്ക് ഇടമില്ല. ശിവജി മഹാരാജ് നമ്മുടെ നായകനാണ്. ജയ്ഹിന്ദ്, ജയ്ഭാരത് '- മ്യൂസിയത്തിന്റെ പേരുമാറ്റത്തോട് അനുബന്ധിച്ച് യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു. 
 
.

Back to Top