News

അതിര്‍ത്തിയില്‍ ഏകപക്ഷീയമായ മാറ്റം വരുത്താന്‍ ചൈനയെ അനുവദിക്കില്ല: രാജ്‌നാഥ് സിങ്‌

ന്യൂഡല്‍ഹി: ഏകപക്ഷീയമായി അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ മാറ്റാനുള്ള ശ്രമങ്ങള്‍ ഉഭയകക്ഷി കരാറുകളുടെ ലംഘനമാണെന്ന് നയതന്ത്ര ചര്‍ച്ചകളില്‍ ഇന്ത്യ ചൈനയെ അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. അതിര്‍ത്തിയില്‍ സുതാര്യതയും സമാധാനവും പുലര്‍ത്താനാണ് ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഇരു രാജ്യങ്ങളും ധാരണയിലെത്തിയിട്ടുള്ളതെന്നും മന്ത്രി ലോക്സഭയില്‍ പറഞ്ഞു. ഇന്ത്യയുമായുള്ള എല്ലാ കരാറുകളും ലംഘിച്ചാണ് ചൈനീസ് പട്ടാളം ഇന്ത്യന്‍ സേനയ്ക്കുനേരെ ആക്രമണം നടത്തിയത്. ഭാരത സൈന്യം ശക്തമായി പ്രതിരോധിക്കുകയും അതിര്‍ത്തി സംരക്ഷിക്കുകയും ചെയ്തിരുന്നു.
ലഡാക്ക് അതിര്‍ത്തിയില്‍ നിലവിലുള്ള സൈനിക വിന്യസം ഭൂമിശാസ്ത്രപരമായ ഘടന അടിസ്ഥാനമാക്കി സ്ഥാപിച്ചതാണെന്നും ഇന്ത്യയുടെ പരാമാധികാരത്തെ സംരക്ഷിക്കാന്‍ ആവശ്യമായതെന്തും ചെയ്യാന്‍ തയാറാണെന്നും മോസ്‌കോയില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ ചൈനീസ് പ്രതിരോധമന്ത്രിയെ അറിയിച്ചിരുന്നു. അതിര്‍ത്തി പ്രശ്നം സമാധാനപരമായി പരിഹരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനായി ചൈന സഹകരിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഏതു സാഹചര്യത്തെയും നേരിടാന്‍ ഇന്ത്യന്‍ സേന തയാറാണ്. ചൈനയെ നേരിടാന്‍ യാഥാര്‍ഥ നിയന്ത്രണ രേഖയിലും അതിര്‍ത്തിയിലും വന്‍ സൈനിക, ആയുധ സന്നാഹം ഒരുക്കിയിട്ടുണ്ട്. പ്രശ്ന മേഖലകളായ കിഴക്കന്‍ ലഡാക്ക്, ഗോഗ്ര, കോങ്ഗാ, പാങ്ഗോങ് തടകത്തിന്റെ വടക്കു പടിഞ്ഞാറന്‍ പ്രദേശം എന്നിവിങ്ങളില്‍ ഇന്ത്യ ശക്തമായ സൈനിക വിന്യാസം നടത്തിയിട്ടുണ്ടെന്നും രാജ്നാഥ് സിങ് അറിയിച്ചു.
ഇരു രാജ്യങ്ങളുടെയും കോര്‍പ്സ് കമാന്‍ഡര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഇതിനകം അഞ്ചു തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ജൂണ്‍ 15ന് ലഡാക്കിലെ ഗല്‍വാനിലുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യക്കു വലിയ നഷ്ടമാണു സംഭവിച്ചതെന്നും 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇരു രാജ്യങ്ങളും സൈനിക ഉദ്യോഗസ്ഥര്‍ ഈ ആഴ്ച വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും പ്രതിരോധ മന്ത്രി അറിയിച്ചു.
ചൈനയെ തടഞ്ഞുനിര്‍ത്താന്‍ ഓഗസ്റ്റ് 29ന് അര്‍ധരാത്രി നടത്തിയ സുപ്രധാന നീക്കത്തിലൂടെ ഭാരത സൈന്യം പാങ്ഗോങ് സോയുടെ പ്രധാനപ്പെട്ട മേഖലകള്‍കൂടി കൈവശപ്പെടുത്തിയശേഷം ആദ്യമായാണു യോഗം ചേരുന്നതെന്ന് രാജ്നാഥ് സിങ് അറിയിച്ചു. മന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെ നിരവധി ചോദ്യങ്ങളുയര്‍ത്തി കോണ്‍ഗ്രസ് എം.പിമാര്‍ രംഗത്തെത്തി. ഇതു സ്പീക്കര്‍ ഓം ബിര്‍ല അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് അവര്‍ ഇറങ്ങിപ്പോയി. 
 
.

Back to Top