News

ലഹരിമരുന്ന് കേസ്: മുന്‍ മന്ത്രിയുടെ മകന്റെ ബംഗ്ലാവില്‍ റെയ്ഡ്

ബെംഗളൂരു: ലഹരിമരുന്ന് കേസില്‍ കര്‍ണാടകയിലെ മുന്‍ മന്ത്രിയുടെ മകന്റെ ബംഗ്ലാവില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്(സി.സി.ബി.) റെയ്ഡ്. മുന്‍ മന്ത്രി ജീവരാജ് ആല്‍വയുടെ മകന്‍ ആദിത്യ ആല്‍വയുടെ ഹെബ്ബാളിന് സമീപമുള്ള ബംഗ്ലാവിലാണ് സി.സി.ബി. സംഘം പരിശോധന നടത്തിയത്. കന്നഡ സിനിമാ മേഖലയുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനു പിന്നാലെ ആദിത്യ ആല്‍വ ഒളിവില്‍ പോയിരുന്നു. ഈ സാഹചര്യത്തിലാണ് സി.സി.ബി. സംഘം റെയ്ഡ് നടത്തിയത്.
ഹെബ്ബാള്‍ തടാകത്തോടു ചേര്‍ന്ന് നാല് ഏക്കറോളം വരുന്ന സ്ഥലത്താണ് ആദിത്യ ആല്‍വയുടെ 'ഹൗ ഓഫ് ലൈഫ്'  എന്ന ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. ഇവിടെ വച്ചാണ് ആദിത്യ ആല്‍വയും മറ്റു പ്രതികളും ചേര്‍ന്നു ലഹരി പാര്‍ട്ടികള്‍ സംഘട്ടിപ്പിച്ചത് എന്നാണ് സി.സി.ബിയുടെ കണ്ടെത്തല്‍. ബോളിവുഡ് നടന്‍ വിവേക് ഒബ്റോയിയുടെ ബന്ധു കൂടിയാണ് ആദിത്യ ആല്‍വ.
കന്നഡ സിനിമാ മേഖലയിലെ ലഹരി ഉപയോഗവും വിതരണവുമായി ബന്ധപ്പെട്ട് ഇതുവരെ 15 പേര്‍ക്കെതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ നടിമാരായ രാഗിണി, സഞ്ജന ഗല്‍റാണി എന്നിവരടക്കം ഒന്‍പതു പ്രതികളെ സി.സി.ബി. അറസ്റ്റ് ചെയ്തിരുന്നു.
 
.

Back to Top