News

ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കും; ദിലീപില്‍നിന്നു വിശദീകരണം തേടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്റെ ഹര്‍ജി കോടതി വെള്ളിയാഴ്ച പരിഗണിക്കും. നടന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായാണ് പ്രോസിക്യൂഷന്റെ ആക്ഷേപം. കേസ് അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമമുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. കൊച്ചിയിലെ വിചാരണ കോടതിയിലാണു വാദം നടക്കുന്നത്.
കേസില്‍ രണ്ടു സാക്ഷികള്‍ കൂറുമാറിയിരുന്നു ഇതിനു പിന്നലെ മറ്റൊരു സാക്ഷിയെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നാണ് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടെന്നു തെളിയിക്കുന്ന ടെന്നിസ് ക്ലബിലെ ജീവനക്കാരനെ കൂറുമാറ്റാന്‍ നടന്‍ ശ്രമിച്ചു. അങ്ങനെയെങ്കില്‍ നടന്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണു ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്റെ വാദം.
കേസില്‍ നടനും എം.എല്‍.എയുമായ മുകേഷ് ഹാജരായിരുന്നു. ദിലീപിനെയും പള്‍സര്‍ സുനിയെയും പരിചയപ്പെടുത്തിയത് മുകേഷാണ്. മുകേഷിന്റെ ഡ്രൈവറായിരുന്നു പള്‍സര്‍ സുനി. 
പ്രോസിക്യൂഷന്‍ വിസ്താരമാണ് ഇന്നു നടന്നത്. മറ്റു സാക്ഷികളുടെ വിസ്താരം 17നു നടക്കും. കേസില്‍ 302 സാക്ഷികളുടെ വിസ്താരമാണു പൂര്‍ത്തിയാക്കണ്ടത്. ആക്രമിക്കപ്പെട്ട നടിയടക്കം 44 സാക്ഷികളുടെ വിസ്താരം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ഇതിനുമുമ്പും നിരവധി പ്രമുഖര്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു ഹാജരായിട്ടുണ്ട്.
പി.ടി.തോമസ് എ.എല്‍.എയും കഴിഞ്ഞ ദിവസങ്ങളില്‍ ഹാജരായിരുന്നു. കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളാണ് പി.ടി.തോമസ്. നടിയെ അക്രമികള്‍ ലാലിന്റെ കാക്കനാട്ടുള്ള വീട്ടില്‍ ഇറക്കിവിട്ടതിനെ തുടര്‍ന്ന് ലാല്‍ വിളിച്ചതനുസരിച്ചാണ് അര്‍ധരാത്രി തന്നെ പി.ടി.തോമസ് തൃക്കാക്കരയില്‍ എത്തുകയും നടിയോടു സംസാരിക്കുകയും ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പി.ടി.തോമസിനെ സാക്ഷി ചേര്‍ത്തത്. അടച്ചിട്ട മുറിയിലായിരുന്നു വിചാരണ നടപടികള്‍. 
കേസിന്റെ ഘട്ടംഘട്ടമായുള്ള സാക്ഷിവിസ്താരമാണ് ഇപ്പോള്‍ നടക്കുന്നത്. ആദ്യ ഘട്ടത്തിലാണ് എം.എല്‍.എയെ വിസ്തരിച്ചത്. വേറെയും നിരവധി പ്രമുഖരുടെ സാക്ഷിവിസ്താരം നടക്കുന്നുണ്ട്. മഞ്ജുവാര്യര്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരെയും പ്രാരംഭ ഘട്ടത്തില്‍ തന്നെ ചോദ്യം ചെയ്തിരുന്നു. വിചാരണ നടപടികള്‍ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും കോവിഡ് ലോക്ക്ഡൗണ്‍ നിമിത്തം പ്രത്യേക കോടതി ജഡ്ജി കൂടുതല്‍ സമയം തേടുകയായിരുന്നു.
 
.

Back to Top