News

ബോളിവുഡ് സംഗീതവുമായി കാസര്‍കോടിന്റെ സിനിമ

കോഴിക്കോട്: ഹോളിവുഡ് സംഗീതജ്ഞന്‍ ഇവാന്‍ ഇവാന്‍സിന്റെ സംഗീതത്തില്‍ ആദ്യമായി മലയാള സിനിമ ഒരുങ്ങുന്നു. സുരങ്കങ്ങള്‍ ഉള്‍പ്പെടെയുള്ള കാസര്‍കോട്ടെ നിഗൂഢ വഴികള്‍ ദൃശ്യവല്‍ക്കരിച്ചാണ് 'വഴിയെ' എന്ന ഹൊറര്‍ ചിത്രം ഒരുങ്ങുന്നത്. 
സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ പുഴകള്‍ ഒഴുകുന്ന ജില്ലയിലെ എല്ലാ നദികളും സിനിമയില്‍ ഉണ്ടാകുമെന്നും 'വഴിയെ' ഒരു പരീക്ഷണ ചിത്രമായിരിക്കുമെന്നും സംവിധായകന്‍ നിര്‍മല്‍ ബേബി വര്‍ഗീസ് പറഞ്ഞു. ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിങ് രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്. ഇന്ത്യന്‍ സിനിമയില്‍ അത്രകണ്ട് പരിചിതമല്ലാത്ത ഫിലിം മേക്കിങ് രീതിയാണ് ഫൗണ്ട് ഫൂട്ടേജ്. 
എണ്‍പതില്‍പ്പരം ഹോളിവുഡ് സിനിമകള്‍ക്കു സംഗീതം ഒരുക്കിയിട്ടുള്ള വ്യക്തിയാണ് ഇവാന്‍ ഇവാന്‍സ്. അദ്ദേഹം ആദ്യമായാണ് ഇന്ത്യന്‍ സിനിമയുടെ ഭാഗമാകുന്നത്. 
ഹൊറര്‍ ത്രില്ലര്‍ ആയാണ് 'വഴിയെ' ഒരുങ്ങുന്നത്. അജ്ഞാതവും നിഗൂഢവുമായ ഒരു പ്രദേശത്തെക്കുറിച്ച് ഡോക്യുമെന്ററി ചിത്രം എടുക്കാന്‍ ഒരുങ്ങുന്ന രണ്ട് യൂട്യൂബ് വ്‌ളോഗര്‍മാരുടെ അനുഭവങ്ങളും അവര്‍ നേരിടുന്ന അപകടങ്ങളുമാണു ചിത്രത്തിന്റെ ഇതിവൃത്തം. പുതുമുഖങ്ങളായ ജെഫിന്‍ ജോസഫ്, അശ്വതി അനില്‍ കുമാര്‍ എന്നിവരാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിഥുന്‍ ഇരവിന്‍, ഷോബിന്‍ ഫ്രാന്‍സിസ്, കിരണ്‍ കാന്‍പ്രത്ത് എന്നിവരാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ എഡിറ്റിങ്, സൗണ്ട് ഡിസൈന്‍ എന്നിവ നിര്‍വഹിക്കുന്നതു സംവിധായകനായ നിര്‍മല്‍ ബേബി വര്‍ഗീസ് തന്നെയാണ്. 
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഈ മാസം 19നാണു ചിത്രീകരണം ആരംഭിക്കുക. കാസ്ബ്ലാങ്ക ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യയാണു ചിത്രം നിര്‍മിക്കുന്നത്. 
സംവിധായകന്റെ തന്നെ 'തരിയോട്' എന്ന ഡോക്യുമെന്ററിയുടെ ചലച്ചിത്രരൂപമായ 'തരിയോട്: ദി ലോസ്റ്റ് സിറ്റി' എന്ന വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇതിഹാസ താരം റോജര്‍ വാര്‍ഡിനെ കൂടാതെ ഹോളിവുഡില്‍ നിന്നുള്ള മറ്റു പല താരങ്ങളും ഈ ചിത്രത്തിന്റെ  ഭാഗമാകും.
 
.

Back to Top