News

നിറകണ്ണുകളോടെ ബാംഗ്ലൂര്‍ എം.എല്‍.എ. മതഭീകരരോട്: നിങ്ങളെന്തിനാണ് നിരപരാധിയായ എന്റെ വീട് കത്തിച്ചുകളഞ്ഞത്?

ബെംഗളുരു: പ്രവാചക നിന്ദ ആരോപിച്ച് നഗരത്തില്‍ അഴിഞ്ഞാടിയ ഇസ്ലാമിക ഭീകരരോട് തൊണ്ടയിടറിക്കൊണ്ട് പുലികേശി നഗര്‍ എം.എല്‍. എ. അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി ചോദിക്കുന്നു: നിങ്ങള്‍ എന്റെ വീട് എന്തിനാണ് അഗ്നിക്കിരയാക്കിയത്? ഞാന്‍ എന്തു തെറ്റാണ് ചെയ്തത്? ശ്രീനിവാസ മൂര്‍ത്തിയുടെ മരുമകന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഉയര്‍ത്തിക്കാട്ടിയാണ് എസ്.ഡി.പി.ഐയുടെ നേതൃത്വത്തില്‍ ഇസ്ലാമിക ഭീകരര്‍ അക്രമം അഴിച്ചുവിട്ടത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അകാരണമായി തന്നെ ഉന്നംവെക്കുകയായിരുന്നു എന്നും ശ്രീനിവാസ മൂര്‍ത്തി എം.എല്‍.എ. ആരോപിച്ചു. ആക്രമണം തന്നെ വേദനിപ്പിക്കുന്നു. സഹോദരിയുടെ മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമപരമായ വഴിയിലൂടെ ശിക്ഷ വാങ്ങിക്കൊടുക്കുകയാണ് വേണ്ടത്, അദ്ദേഹം തുടര്‍ന്നു. ഇന്റര്‍നെറ്റില്‍ അതിവേഗം പ്രചരിക്കുകയാണ് കോണ്‍ഗ്രസ് എം.എല്‍.എയുടെ പ്രതികരണം. ആക്രമണത്തിനു പിന്നില്‍ ഇസ്ലാമിക തീവ്രവാദികളാണെന്നും ഒരു വ്യക്തി പങ്കുവെച്ച പോസ്റ്റിന്റെ പേരില്‍ പൊതുമുതലും ജനപ്രതിനിധിയുടെ വീടുമൊക്കെ നശിപ്പിക്കുന്നത് എന്തിനെന്നുമുള്ള ചോദ്യം വ്യാപകമായി ഉയരുന്നുണ്ട്. പ്രവാചക നിന്ദ നിറഞ്ഞ എത്രയോ പുസ്തകങ്ങളുണ്ട്, കാര്‍ട്ടൂണുകളുണ്ട്, ചിത്രങ്ങളുണ്ട്. ഇസ്ലാം മതത്തെ ചോദ്യംചെയ്യുകയും ഇസ്ലാം മതത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന വെബ്‌സൈറ്റുകളും യു-ട്യുബ് ചാനലുകളും സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളും എത്രയോ ഉണ്ട്. എന്നിരിക്കെ, കേവലം ഒരു ഫേസ്ബുക്ക് പോസ്റ്റ് ഉയര്‍ത്തിക്കാട്ടി അക്രമം നടത്തിയത് മറ്റെന്തോ ലക്ഷ്യംവെച്ചാണെന്ന സംശയം ബലപ്പെടുന്നുണ്ട്. അതിനിടെ, അക്രമം ക്ഷേത്രത്തിലേക്ക് പടരാതിരിക്കാന്‍ മുസ്ലീം യുവാക്കള്‍ സംരക്ഷണമൊരുക്കുന്നു എന്ന അടിക്കുറിപ്പോടെ പങ്കുവെക്കപ്പെട്ട ചിത്രവും ചര്‍ച്ചയാകുന്നുണ്ട്. സുരക്ഷാ കവചമൊരുക്കിയത് മുസ്ലീം യുവാക്കള്‍ മാത്രമല്ലെന്നും ചിന്താശക്തിയുള്ളവരെല്ലാം ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു എന്നുമുള്ള വിശദീകരണം പുറത്തു വരുന്നുമുണ്ട്. അക്രമം അഴിച്ചുവിട്ടത് ഇസ്ലാമിക തീവ്രവാദികള്‍ ആയതിനാല്‍ അവര്‍ വര്‍ധിത വീര്യത്തോടെ ക്ഷേത്രം അക്രമിച്ചേക്കാമെന്നും അതുണ്ടായാല്‍ സംഘര്‍ഷം പടരുമെന്നും പരിസരവാസികള്‍ ഭയപ്പെട്ടു. തുടര്‍ന്നാണ് ക്ഷേത്രത്തിനു മുന്നില്‍ അവര്‍ മനുഷ്യ മതില്‍ക്കെട്ടു തീര്‍ത്തത്. അതേസമയം, അകാരണമായി അക്രമം അഴിച്ചുവിടുന്ന തീവ്രവാദികളില്‍നിന്ന് അകലം പാലിക്കണമെന്ന് മുസ്ലീങ്ങളില്‍ ഒരു വിഭാഗം കരുതുന്നുണ്ട് എന്നു തെളിയുന്നതാണ് മുസ്ലീംകള്‍ തന്നെ ഭീകരവാദികളെ തടയാനെത്തി എന്നതില്‍നിന്നു വ്യക്തമാകുന്നത് എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കലാപകാരികള്‍ എം.എല്‍.എയുടെ വീടും പൊലീസ് സ്റ്റേഷനുകളും മറ്റു കെട്ടിടങ്ങളും പൊലീസിന്റേത് ഉള്‍പ്പെടെയുള്ള വാഹനങ്ങളും ഞൊടിയിടയില്‍ കത്തിച്ചു. കല്ലേറും പൊലീസുമായുള്ള ഏറ്റുമുട്ടലും നടന്നു. അക്രമത്തില്‍ മൂന്നു പേര്‍ക്കു ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഏറെ പേര്‍ക്കു പരുക്കേറ്റു. ഇരുന്നുറോളം വാഹനങ്ങള്‍ക്കു കേടുപാടു സംഭവിച്ചിട്ടുണ്ട്. 125ലേറെ പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്. എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണ് അറസ്റ്റിലായതില്‍ ചിലര്‍. കലാപത്തിനു നേതൃത്വം നല്‍കി എന്നു സംശയിക്കുന്ന ചില എസ്.ഡി.പി.ഐ. നേതാക്കള്‍ ഒളിവിലുമാണ്. ആസൂത്രിതമായി ഒന്നിലേറെ സ്ഥലത്ത് ആക്രമണം സംഘടിപ്പിക്കാന്‍ തീവ്രവാദികള്‍ക്കു സാധിച്ചു എന്നത് കര്‍ണാടക പൊലീസ് ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.
.

Back to Top