News

മാപ്പിള കലാപം: അലി അക്ബര്‍ സിനിമയ്ക്ക് ഒരുക്കം തുടങ്ങി

കോഴിക്കോട്: 1921ലെ മാപ്പിള കലാപത്തെ സംബന്ധിച്ച് അലി അക്ബര്‍ പ്രഖ്യാപിച്ച സിനിമയുടെ നിര്‍മാണം ആരംഭിക്കുന്നു. ആദ്യഘട്ടമായി പൊഡക്ഷന്‍ കമ്പനിയായ മമ ധര്‍മ മൂവി മേക്കേഴ്‌സിന്റെ ഓഫീസ് കോഴിക്കോട്ട് തുറക്കും. ഓഗസ്റ്റ് 17ന്, ചിങ്ങം ഒന്നിന് രാവിലെ പത്തരയ്ക്ക് കോഴിക്കോട് തലക്കുളത്തൂരില്‍ സ്വാമി ചിദാനന്ദ പുരിയാണ് ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കുക. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍ കുട്ടി മാസ്റ്റര്‍, പ്രാന്ത പ്രചാര്‍ പ്രമുഖ് എം.ബാലകൃഷ്ണന്‍, സഹ പ്രാന്ത പ്രചാര്‍ പ്രമുഖ് ഡോ. എന്‍.ആര്‍.മധു, പ്രാന്ത ബൗദ്ധിക് പ്രമുഖ് കെ.പി.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പൊതുജനങ്ങളില്‍നിന്ന് മൂന്നു കോടി രൂപയും സ്‌പോണ്‍സര്‍ഷിപ്പായി മൂന്നു കോടി രൂപയും സമാഹരിച്ച് സിനിമ പൂര്‍ത്തിയാക്കുമെന്നു സംവിധായകന്‍ അലി അക്ബര്‍ പറഞ്ഞു. ഇതുവരെ 77 ലക്ഷം രൂപ കിട്ടി. ഡിസംബര്‍ വരെ സമാഹരണം നീളും. മേജര്‍ രവി ഉള്‍പ്പെടെയുള്ള സാങ്കേതിക വിദഗ്ധര്‍ സൗജന്യ സേവനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അലി അക്ബര്‍ വ്യക്തമാക്കി. ക്യാമറ പോലുള്ള ഉപകരണങ്ങളും സൗജന്യമായി ലഭിക്കും. 
ചരിത്രമാണ് സിനിയമാക്കുന്നത് എന്നതിനാല്‍ ഗവേഷണവും പഠനവും അനിവാര്യമാണെന്നു സംവിധായകന്‍ വ്യക്തമാക്കി. നിസ്സഹായരായ ഹിന്ദുക്കളെ മുസ്ലീംകള്‍ കൂട്ടക്കൊല ചെയ്യുകയാണ് ഉണ്ടായതെന്ന് അലി അക്ബര്‍ പലതവണ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍, ഇടതുപക്ഷ, ഇസ്ലാമിക ചരിത്രകാരന്‍മാരും രാഷ്ട്രീയ നേതൃത്വങ്ങളും വസ്തുത മറച്ചുവെക്കാന്‍ ശ്രമിച്ചുവരികയാണ്. ഇത്തരക്കാരുടെ ഇടപെടല്‍ നിമിത്തമാണ് മാപ്പിള കലാപം മലബാര്‍ ലഹളയെന്ന പേരില്‍ അറിയപ്പെടുകയും മനുഷ്യരെ കൊന്നൊടുക്കിയ കലാപകാരികള്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്ന സാഹചര്യമുണ്ടാവുകയും ചെയ്തത്. വിവരശേഖരണത്തിനു ശേഷം ഒന്നിലേറെ പ്രശസ്ത തിരക്കഥാകൃത്തുക്കള്‍ ചേര്‍ന്നായിരിക്കും തിരക്കഥ ഒരുക്കുന്നതെന്ന് അലി അക്ബര്‍ പ്രതികരിച്ചു. തിരക്കഥ തയ്യാറാക്കിയ ശേഷം നടീനടന്‍മാരെ തീരുമാനിക്കും. മുന്‍നിര താരങ്ങളെ അഭിനയിപ്പിക്കാന്‍ ശ്രമിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു.
 
.

Back to Top