News

കേരളത്തിലെ ഐ.എസ്. കേന്ദ്രങ്ങളിലേക്ക് എന്‍.ഐ.എ. കുതിക്കുന്നു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിനു പിന്നില്‍ ആഗോള ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐ.എസിനു പങ്കുണ്ടെന്നു കണ്ടെത്തിയതോടെ കേരളത്തില്‍ പത്തിവിടര്‍ത്താനൊരുങ്ങുന്ന മതഭീകരതയുടെ വേരറുക്കാന്‍ എന്‍.ഐ.എ. ശക്തമായ നീക്കം തുടങ്ങി. കേരളത്തില്‍ ഐ.എസ്സിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ സജീവമാണെന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു പിടിയിലായ ഭീകരവാദികള്‍ തന്നെ അന്വേഷണ ഏജന്‍സികളോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണവും നടപടികളും വേഗത്തിലാക്കിയത്. സംശയിക്കപ്പെടുന്ന മൂന്നു പേരെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുവെച്ചു പിടികൂടിയിട്ടുണ്ട്. ആ ദിവസം പെട്ടെന്ന് തിരുവനന്തപുരത്ത് എത്താന്‍ എറണാകുളത്തുള്ള എന്‍.ഐ.എ. സംഘത്തിനു നിര്‍ദേശം ലഭിച്ചിരുന്നു. വൈകാതെ നെയ്യാറ്റിന്‍കരയിലും പിന്നീട് നെടുമങ്ങാട്ടും എത്താന്‍ നിര്‍ദേശിക്കപ്പെട്ടു. നെടുമങ്ങാട്ട് എത്തിയപ്പോള്‍ കസ്റ്റഡിയിലെടുത്ത മൂന്നു പേരെ കൈമാറി. മൂവരെയും എറണാകുളത്തേക്കു മാറ്റി. ഹൈദരാബാദില്‍നിന്ന് ഉള്‍പ്പെടെയുള്ള സംഘമെത്തി ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് സൂചന. 
ബെംഗളുരുവില്‍ കോണ്‍ഗ്രസ് നേതാവായിരുന്ന തന്‍വീര്‍ സേട്ടിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ആബിദ് പാഷ കേരളത്തിലാണ് ആക്രമണം നടത്തുന്നതിനുള്ള പരിശീലനം നേടിയത്. ഇയാള്‍ കേരളത്തിലുള്ള ഐ.എസ്. സാന്നിധ്യത്തെ കുറിച്ച് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. കര്‍ണാടകയിലെയും കേരളത്തിലെയുമൊക്കെ ഇസ്ലാമിക തീവ്രവാദ സംഘങ്ങള്‍ പരസ്പര ബന്ധം പുലര്‍ത്തുന്നുണ്ടെന്നതിനു തെളിവു ലഭിച്ചിട്ടുമുണ്ട്. തൊടുപുഴയില്‍ കോളജ് അധ്യാപകന്റെ കൈ വെട്ടിയ കേസില്‍ പ്രതിയായിരുന്ന മുഹമ്മദലിയെ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ. അറസ്റ്റ് ചെയ്തിരുന്നു. കൈവെട്ടു കേസില്‍ വിട്ടയക്കപ്പെട്ട ആളാണ് മുഹമ്മദലി. മുഹമ്മദലിയാണ് കേസിലെ പ്രതികള്‍ക്കു പണം നല്‍കിയതെന്ന എന്‍.ഐ.എയുടെ വാദം കൈവെട്ടുകേസ് വിചാരണ വേളയില്‍ കോടതി അംഗീകരിച്ചിരുന്നില്ല. ആ വ്യക്തി സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നു തെളിയുന്നതു നിര്‍ണായകമാകും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട ഫൈസല്‍ ഫരീദ് തുടങ്ങിയവരില്‍നിന്ന് കോളജ് അധ്യാപകന്റെ കൈ വെട്ടിമാറ്റിയത് ഉള്‍പ്പെടെയുള്ള സംഭവങ്ങളെ കുറിച്ച് വിശദ വിവരങ്ങള്‍ ലഭിക്കുമെന്നാണ് സൂചന. കൈവെട്ടു കേസിലെ പിടികിട്ടാപ്പൂള്ളിയെ കുറിച്ച് അറിയാന്‍ സാധിച്ചേക്കുമെന്നും അന്വേഷണ ഏജന്‍സികള്‍ കരുതുന്നു. 
 
.

Back to Top