News

അയോധ്യയില്‍ യോഗി താരം

ന്യൂഡെല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രത്തിനൊപ്പം ഹിന്ദു ഹൃദയ സാമ്രാട്ടായി യോഗി ആദിത്യനാഥും ഉയരുന്നു. രാമക്ഷേത്ര നിര്‍മാണത്തോടെ ലോകത്തിലെങ്ങുമുള്ള ഹൈന്ദവരുടെ ഹൃദയങ്ങളില്‍ ഇടംനേടുന്ന നേതാവായി അദ്ദേഹം മാറുമെന്നാണ് സൂചന. യു.പി. മുഖ്യമന്ത്രി സ്ഥാനവും ഹൈന്ദവ ആത്മീയ ആചാര്യനുമെന്ന പദവികള്‍ ഒരേ സമയം ഉയര്‍ത്തിപ്പിടിച്ച് വ്യക്തിപരമായി ഏറെ ശ്രദ്ധയാണ് രാമക്ഷേത്ര നിര്‍മാണത്തിന് യോഗി ആദിത്യനാഥ് നല്‍കിവരുന്നത്. ഒരാഴ്ചയ്ക്കിടെ മൂന്നു തവണ ക്ഷേത്രഭൂമി സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ അദ്ദേഹം വിലയിരുത്തി. ക്ഷേത്രനഗരിയിലുള്ള സന്യാസിമാരും വിശ്വാസികളുമായി ഇടപഴകാന്‍ മുഖ്യമന്ത്രി പ്രത്യേക താല്‍പര്യം കാട്ടുന്നുണ്ട്. മുഖ്യമന്ത്രി ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷവും മുന്‍കാലങ്ങളില്‍ എന്നപോലെ തന്നെയാണ് യോഗി ആദിത്യനാഥിന്റെ ജിവിതം. ഹിന്ദുത്വവുമായി ചേര്‍ന്നുനിന്നാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഗോരഖ്‌നാഥ് പീഠത്തിലെ പുരോഹിതനെന്ന പദവി ഇപ്പോഴും അദ്ദേഹം നിലനിര്‍ത്തുന്നുണ്ട്. വിശേഷാവസരങ്ങളില്‍ ക്ഷേത്രത്തിലെത്തി പൂജകള്‍ക്കും മറ്റും കാര്‍മികത്വം വഹിക്കാറുമുണ്ട്. ഹിന്ദുത്വത്തെ സംരക്ഷിക്കുക എന്നതാണ് യോഗി ആദിത്യനാഥ് തുടക്കമിട്ട ഹിന്ദു യുവ വാഹിനി പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം. അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ക്കപ്പെടുന്ന കാലത്ത് യു.പി. ഭരിച്ചിരുന്നത് ബി.ജെ.പിയാണ്. കല്യാണ്‍ സിങ്ങായിരുന്നു അപ്പോഴത്തെ മുഖ്യമന്ത്രി. എന്നാല്‍, കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ കല്യാണ്‍ സിങ് രാഷ്ട്രീയത്തില്‍ അപ്രസക്തനായി മാറി. തുടര്‍ന്നുള്ള കാലത്താണ് യോഗി ആദിത്യനാഥിന്റെ രംഗപ്രവേശം. ഹിന്ദുത്വത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കല്യാണ്‍ സിങ്ങിനു ചിലപ്പോഴെങ്കിലും സാധിച്ചിരുന്നില്ല. എന്നാല്‍, യോഗിക്ക് അത്തരമൊരു ചാഞ്ചല്യം ഒരിക്കലും ഉണ്ടായില്ല. കാവി വസ്ത്രധാരിയായ ആധ്യാത്മിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ യു.പി. ജനത അദ്ദേഹത്തിനു നല്ല സ്വീകരണമാണ് നല്‍കിയത്. തനിക്കുള്ള സ്വീകാര്യതക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ദേശീയ നേതൃത്വവുമായി മികച്ച ബന്ധം പുലര്‍ത്തുക കൂടി ചെയ്യുക വഴി യോഗി ആദിത്യനാഥ് രാഷ്ട്രീയത്തില്‍ തിളങ്ങി. യു.പിക്കു പുറത്തും ബിജെപി, സംഘപരിവാര്‍ പ്രസംഗവേദികള്‍ക്ക് അദ്ദേഹം പ്രിയങ്കരനാണ്. തര്‍ക്കമന്ദിരം പൊളിക്കപ്പെട്ട കാലത്ത് യു.പിയിലാകമാനം സഞ്ചരിച്ച് ജനപിന്തുണ ഉറപ്പാക്കാന്‍ അന്നത്തെ ബി.ജെ.പി. മുഖ്യമന്ത്രിയായ കല്യാണ്‍ സിങ് ശ്രമിച്ചിരുന്നു. ഇപ്പോള്‍ കോവിഡ് കാലമായതിനാല്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന നിലയിലല്ല യോഗി ആദിത്യനാഥ്. അതുകൊണ്ടുതന്നെ, വിവിധ മാധ്യമങ്ങളിലൂടെ സമൂഹവുമായി സംവദിക്കാനാണ് ശ്രമം നടത്തിവരുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം പുറത്തുവിട്ട പത്രിക ഉത്തരേന്ത്യയില്‍ വ്യാപകമായി പ്രചരിച്ചുവരുന്നുണ്ട്. അയോധ്യയില്‍ ആരതി നിര്‍വഹിക്കുന്ന യോഗി ആദിത്യനാഥിന്റെ ഫോട്ടോയും വൈറലായിട്ടുണ്ട്. 
.

Back to Top