News

കൂടുതല്‍ ക്രൈസ്തവ സഭകള്‍ ശവദാഹത്തിന്

എറണാകുളം: കേരളത്തിലെ ക്രൈസ്തവ ചരിത്രത്തില്‍ പ്രത്യേകതകള്‍ നിറഞ്ഞ നാളുകളാണ് ഇത്. കോവിഡ് ബാധിതരുടെ മൃതദേഹം ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ സെമിത്തേരിയില്‍ ദഹിപ്പിച്ചുതുടങ്ങി. കോവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കാമെന്ന തീരുമാനം കൈക്കൊണ്ട ആലപ്പുഴ രൂപതയ്ക്കു കീഴിലെ മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14ാം വാര്‍ഡിലെ കാനാശേരില്‍ ത്രേസ്യാമ്മയുടെ സംസ്‌കാരമാണ് ദഹിപ്പിച്ചുകൊണ്ടു രാവിലെ നടന്നത്. മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍സ് പള്ളി സെമിത്തേരിയില്‍ ആറു പുരോഹിതന്‍മാരുടെ സാന്നിധ്യത്തിലാണ് ശവദാഹം നടന്നത്. തുടര്‍ന്ന് കാട്ടൂര്‍ സെന്റ് മൈക്കള്‍സ് പള്ളി സെമിത്തേരിയില്‍ മറിയാമ്മയുടെ സംസ്‌കാരം ഇതേ രീതിയില്‍ നടന്നു. വരാപ്പുഴ അതിരൂപതയ്ക്കു കീഴിലും കോവിഡ് ബാധിച്ച് മരിച്ച വിശ്വാസിയുടെ ശവദാഹം നടത്തി. ലൂസി ജോര്‍ജിന്റെ മൃതദേഹം കാക്കനാട് ചെമ്പുമുക്ക് സെമിത്തേരിയിലാണ് ദഹിപ്പിച്ചത്. മൃതദേഹം ദഹിപ്പിക്കാവുന്നതാണെന്ന് വരാപ്പുഴ അതിരൂപത നേരത്തേ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. കോവിഡ് രോഗ ബാധയേറ്റു മരിച്ച രണ്ടു പേരുടെ സംസ്‌കാരം ആലപ്പുഴയിലും ഒരാളുടെ സംസ്‌കാരം പള്ളിത്തോട്ടിലും മൃതദേഹം ദഹിപ്പിച്ചുകൊണ്ട് നടത്തി.
കോവിഡ് ബാധിച്ച വിശ്വാസികള്‍ മരിക്കാനിടയായാല്‍ സഭാരീതികള്‍ പ്രകാരം മറവു ചെയ്യുന്നതിന് തടസ്സമുണ്ടാകുമെന്ന് നേരത്തേ തിരിച്ചറിഞ്ഞിരുന്നു എന്നും ബദല്‍മാര്‍ഗം നിര്‍ദേശിച്ചിരുന്നു എന്നും ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. മൃതദേഹം ദഹിപ്പിക്കുന്ന രീതി സഭാ വിശ്വാസികള്‍ക്ക് പരിചിതമല്ലെന്നും ഹിന്ദു സമൂഹത്തില്‍ പെട്ടവരാണ് സഹായവും നിര്‍ദേശങ്ങളും നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. കത്തോലിക്കാ സഭയുടെ മരണമാനന്തര ശുശ്രൂഷയില്‍ ദഹിപ്പിക്കലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ബിഷപ് പറഞ്ഞു. കത്തോലിക്കാ സഭാംഗങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് ശവദാഹം നടത്തുന്നതിന് 2016ല്‍ വത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. കാനോനിക നിയമം 1983ലും ഇതു വ്യക്തമാക്കിയിട്ടുണ്ട്. മരണപ്പെടുന്നയാള്‍ അന്തിമവിധി വേളയില്‍ പുനരുത്ഥാനം ചെയ്യുമെന്ന കത്തോലിക്കാ വിശ്വാസത്തിന് എതിരല്ല ശവദാഹമെന്ന് ക്രിസ്ത്യന്‍ പുരോഹിതര്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തില്‍ കൂടുതല്‍ സഭകള്‍ മൃതശരീരം ദഹിപ്പിക്കുന്നതിന് അനുമതി നല്‍കിവരുന്ന ചരിത്രമാണ് ഉള്ളത്. സീറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി രൂപത ശവദാഹം അംഗീകരിച്ചു. വിദേശത്തു മരിക്കുന്നവരുടെ മൃതദേഹം അവിടെ ദഹിപ്പിച്ചശേഷം ഭസ്മം നാട്ടിലെത്തിച്ച് സെമിത്തേരികളില്‍ സംസ്‌കരിക്കുന്നതിന് യാക്കോബായ സഭ അനുമതില്‍ നല്‍കിയിട്ടുണ്ട്. മാര്‍ത്തോമാ സഭയിലെ വൈദികരുടെ മൃതദേഹം ദഹിപ്പിക്കാന്‍ എപ്പിസ്‌കോപ്പല്‍ സിനഡ് നേരത്തേ അനുമതി നല്‍കിയിട്ടുണ്ട്.
.

Back to Top