News

വിവാദ പാഠപുസ്തകം സര്‍വകലാശാല തള്ളി

കോഴിക്കോട്: വിവാദമായി മാറിയ ബി.എ. ഇംഗ്ലീഷ് മൂന്നാം സെമസ്റ്റര്‍ പാഠപുസ്തകം കാലിക്കറ്റ് സര്‍വകലാശാല തള്ളി. സ്വകാര്യ പ്രസാധകരുടേതാണ് വിവാദമായി മാറിയ പാഠപുസ്തകമെന്നും അതുമായി സര്‍വകലാശാലയ്ക്ക് ബന്ധമില്ലെന്നും വൈസ് ചാന്‍സലര്‍ എം.കെ. ജയരാജ് ദ് ഹിന്ദുസ്ഥാന്‍ ഡോട് ഇന്നിനോട് പ്രതികരിച്ചു. സ്വകാര്യ പ്രസാധകര്‍ വരുത്തിയ പിഴവുകളില്‍ സര്‍വകലാശാലയ്ക്ക ഉത്തരവാദിത്തമില്ല. സര്‍വകലാശാല സ്വന്തമായി പാഠപുസ്തകം പുറത്തിറക്കും. പബ്ലിക്കേഷന്‍ വിഭാഗം അതിനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു എന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. അതേസമയം, വിവാദമായ കം സെപ്റ്റംബര്‍ എന്ന അരുന്ധതി റോയിയുടെ ലേഖനം സര്‍വകലാശാല പുറത്തിറക്കുന്ന പാഠപുസ്തകത്തില്‍ ഉണ്ടാവുമെന്നും വി.സി. പറഞ്ഞു. എന്നാല്‍ അരുന്ധതി റോയിയെ പരിചയപ്പെടുത്തുന്ന കുറിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയ സ്വകാര്യ പ്രസാധകരുടെ പുസ്തകത്തില്‍ ഉള്ളതായിരിക്കില്ല. മറ്റൊന്നാണ് സര്‍വകലാശാല ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിവാദമായ സാഹചര്യത്തിലാണോ എഡിറ്റര്‍മാരുടെ കുറിപ്പ് മാറ്റാന്‍ തീരുമാനിച്ചത് എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു വി.സിയുടെ മറുപടി. സ്വകാര്യ പ്രസാധകര്‍ക്കായി പുസ്തകം എഡിറ്റ് ചെയ്ത മുരുകന്‍ ബാബു, ആബിദ ഫാറൂഖി എന്നിവര്‍ സര്‍വകലാശാലയുടെ എഡിറ്റര്‍മാരല്ലെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. കം സെപ്റ്റംബര്‍ എന്ന ലേഖനം വിവാദമാക്കേണ്ടതില്ല എന്നാണ് വി.സിയുടെ നിലപാട്. എന്നാല്‍ പ്രസ്തുത ലേഖനത്തില്‍ അരുന്ധതി റോയി കേന്ദ്ര സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുക മാത്രമല്ല, ഇകഴ്ത്തുക കൂടി ചെയ്യുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ വിവാദ ലേഖനം പുതിയ ബോര്‍ഡ് ഓഫ്് സ്റ്റഡീസിനു വിടും എന്നായിരുന്നു വൈസ് ചാന്‍സലറുടെ പ്രതികരണം. അതേസമയം, സര്‍വകലാശാലയും സ്വകാര്യ പ്രസാധകരും ഒരേ പാഠപുസ്തകം പുറത്തിറക്കുന്നത് വിരളമാണെന്ന് കാലിക്കറ്റ്് സര്‍വകലാശാലയ്ക്കു കീഴിലെ കോളജുകളിലെ അധ്യാപകര്‍ പറയുന്നു. സ്വകാര്യ പ്രസാധകര്‍ പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നത് സര്‍വകലാശാലയുടെ അറിവോടു കൂടി തന്നെ ആയിരിക്കും. മാത്രവുമല്ല, സ്വകാര്യ പ്രസാധകരും സര്‍വകലാശാലയും വെവ്വേറെ പാഠപുസ്തകങ്ങള്‍ പുറത്തിറക്കുന്നത് പലപ്പോഴും അപ്രായോഗികവുമാണ്. അരുന്ധതി റോയിയുടെ കം സെപ്റ്റംബര്‍ എന്ന പ്രസംഗത്തില്‍ ദേശവിരുദ്ധ പ്രസ്താവനകള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടെന്നും അതിനാല്‍ ബി.എ.ഇംഗ്ലീഷ് സിലബസില്‍നിന്ന് പ്രസ്തുത ലേഖനം ഒഴിവാക്കണമെന്നും ഉള്ള ആവശ്യം വ്യാപകമായി ഉയരുന്നുണ്ട്. ഉന്നതവിദ്യാഭ്യാസ അധ്യാപക സംഘം ഇതു സംബന്ധിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രിക്കും കേരള ഗവര്‍ണര്‍ക്കും വൈസ് ചാന്‍സലര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി സംസ്ഥാന സംയോജക് എ.വിനോദ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയും ചെയ്തിയിരുന്നു. സര്‍വകലാശാലയില്‍നിന്ന് വിശദീകരണം തേടിയതായാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ലഭിച്ച പ്രതികരണം. ദേശവിരുദ്ധ ലേഖനം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. നടപടി വേണമെന്ന്് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര മാനവ വിഭവശേഷി മന്ത്രിക്കും കേരള ഗവര്‍ണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. എ.ബി.വി.പി. പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം വൈസ് ചാന്‍സലറെ കണ്ട് അരുന്ധതി റോയിയുടെ വിവാദ ലേഖനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനോട് വൈസ് ചാന്‍സലര്‍ പ്രതികരിച്ചത് ബോര്‍ഡ് ഓഫ് സ്റ്റഡീസിനോട് പരിശോധിക്കാന്‍ ആവശ്യപ്പെടുമെന്നാണ്. സിലബസ് തീരുമാനിച്ചിരുന്ന സമയത്ത് ഉള്ള ബോര്‍ഡ് ഓഫ് സ്റ്റഡീസല്ല ഇപ്പോഴുള്ളത്. പുതിയ ബോര്‍ഡിനോട് അരുന്ധതി റോയിയുടെ വിവാദ ലേഖനം ഒഴിവാക്കേണ്ടതാണോ എന്നു പരിശോധിക്കാന്‍ പറയുമെന്നും വ്യക്തിപരമായി തനിക്ക് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ സാധിക്കില്ലെന്നുമാണ് വൈസ് ചാന്‍സലര്‍ പ്രതികരിച്ചത്. പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ നല്‍കിയ പരാതികളില്‍ സര്‍വകലാശാലയില്‍ അന്വേഷണമൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
.

Back to Top