News

ഊരാളുങ്കല്‍ സൊസൈറ്റി അഴിമതിയുടെ നിഴലില്‍

കോഴിക്കോട്: അങ്ങനെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേര് പുറത്തുവന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ഊരാളുങ്കല്‍ സൊസൈറ്റിക്കെതിരെയുള്ള ആരോപണം മാധ്യമങ്ങളിലൂടെ ഉന്നയിച്ചത്. കെ-ഫോണ്‍ ഇടപാടില്‍ വന്‍ അഴിമതിയുണ്ടെന്നും ഇതിന്റെ ഒന്നാമത്തെ ഗുണഭോക്താവ് ഊരാളുങ്കല്‍ സൊസൈറ്റിയാണെന്നുമാണ് സുരേന്ദ്രന്‍ ആരോപിച്ചത്. ഇതില്‍നിന്ന് മനസ്സിലാകുന്നത് കെ-ഫോണ്‍ ഇടപാടില്‍ ശിവശങ്കറിനും സ്വപ്‌ന സുരേഷിനും മാത്രമല്ല, സി.പി.ഐ.എം. നേതാക്കള്‍ക്കും പങ്കുണ്ട് എന്നാണ്. നോട്ട് നിരോധനം വന്നപ്പോഴും ഊരാളുങ്കല്‍ സൊസൈറ്റി സംശയത്തിന്റെ നിഴലിലായിരുന്നു. ഏറെ കാലമായി സംശയിക്കപ്പെടുന്നതാണ് ഈ സ്ഥാപനത്തിന്റെ സത്യസന്ധത. അടുത്തിടെ ഉണ്ടായ വളരെ പെട്ടെന്നുള്ള വളര്‍ച്ച സംശയത്തിന് ഇടനല്‍കുന്നതായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. മലബാറിലെ മുന്‍കാല ആത്മീയ ആചാര്യനും ആത്മവിദ്യാ സംഘം സ്ഥാപകനുമായ വാഗ്ഭടാനന്ദന്റെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ട് സ്ഥാപിതമായതാണ് ഈ സഹകരണ സ്ഥാപനം. കോഴിക്കോട് വടകര മടപ്പള്ളിയില്‍ കേന്ദ്ര ഓഫീസുള്ള യു.എല്‍.സി.സി.എസ്. 1925ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കത്തില്‍ സ്വന്തമായി ഓഫീസ് പോലുള്ള സൗകര്യങ്ങള്‍ ഇല്ലായിരുന്നു. 14 ജോലിക്കാരോടെ ആയിരുന്നു തുടക്കം. 1924ലെ വെള്ളപ്പൊക്കത്തില്‍ അപ്രത്യക്ഷമായ കൃഷിടിയങ്ങളിലെ ബണ്ട് പുതുക്കിക്കെട്ടുകയായിരുന്നു ആദ്യം ഏറ്റെടുത്തു നടപ്പാക്കിയ ജോലി. തുടര്‍ന്ന്, വടകരയിലും ചുറ്റുവട്ടത്തും ചെറിയ തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. കുറഞ്ഞ നിരക്കില്‍ മെച്ചപ്പെട്ട നിലയിലുള്ള നിര്‍മാണം എന്നതു വിശ്വാസ്യതയേകി. എങ്കിലും, ഗണ്യമായ വളര്‍ച്ച നേടാനൊന്നും സാധിച്ചില്ല. 1944ല്‍ കോഴിക്കോട് കനോലി കനാല്‍ വീതി കൂട്ടുന്നതിനുള്ള പ്രവൃത്തിയാണ് പിന്നീട് ലഭിച്ച ഏറ്റവും വലിയ പ്രവൃത്തി. 1948ല്‍ റോഡ് എന്‍ജിനീയറിങ് രംഗത്തേക്കു തിരിഞ്ഞെങ്കിലും വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. 1952ല്‍ പാലേരി കണ്ണന്‍ മാസ്റ്റര്‍ പ്രസിഡന്റായി ചുമതലയേറ്റു. 32 വര്‍ഷം അദ്ദേഹമായിരുന്നു പ്രസിഡന്റ്. 1952ലാണ് ആദ്യ കള്‍വേര്‍ട്ട് നിര്‍മാണ കരാര്‍ ലഭിച്ചത്. 1954ല്‍ മടപ്പള്ളിയില്‍ ഓഫീസ് തുറന്നു. 1995ല്‍ രമേശന്‍ പാലേരി പ്രസിഡന്റായതോടെ സ്ഥിതി മാറി. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളോടും മെയ്‌വഴക്കത്തോടെ ഇടപെടുന്നതില്‍ അദ്ദേഹം വിജയിച്ചു. എങ്കിലും കൂടുതല്‍ അടുപ്പം ഇടതുപക്ഷത്തോടായിരുന്നു. 1997ല്‍ ഇടതുപക്ഷ സര്‍ക്കാരില്‍നിന്നു കൂടുതല്‍ ജോലികള്‍ ലഭിച്ചുതുടങ്ങി. ഇതിനായി പ്രത്യേക നിയമനിര്‍മാണം പോലും നടത്തപ്പെട്ടു. സി.പി.ഐ.എമ്മിന്റെ ധനാഗമ മാര്‍ഗവും ധനാകര്‍ഷണ യന്ത്രവുമായി സൊസൈറ്റി മാറി. 2005ല്‍ ഐ.ടി. രംഗത്തേക്കു തിരിഞ്ഞു. 2006ല്‍ തിരുവനന്തപുരത്ത് ഓഫീസ് തുറന്നതോടെ രാഷ്ട്രീയ രംഗത്തു സ്വാധീനം വര്‍ധിച്ചു. യു.എല്‍. സൈബര്‍ പാര്‍ക്ക് യാഥാര്‍ഥ്യമാക്കാനുള്ള ചിന്ത പിറന്നത് തിരുവനന്തപുരത്ത് എം.എല്‍.എ. ഹോസ്റ്റലിലെ ഒരു ചായകുടി ചര്‍ച്ചയിലായിരുന്നു. 2011ല്‍ സര്‍ഗാലയ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് ഏറ്റെടുത്തു. അതേവര്‍ഷം തന്നെ ചാരിറ്റി രംഗത്തേക്കും തിരിഞ്ഞു. ഐക്യരാഷ്ട്ര സംഘടന യു.എല്‍.സി.സി.എസ്സിനെ കുറിച്ച് ഡോക്യുമെന്ററിയെടുക്കാന്‍ തീരുമാനിച്ചിരുന്നു 2013ല്‍. 2016ല്‍ യു.എല്‍. സൈബര്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്യപ്പെട്ടു. എന്നാല്‍ ഉദ്ദേശിച്ച രീതിയില്‍ വിജയിപ്പിക്കാന്‍ സാധിച്ചില്ല. 2017ല്‍ ഡോ. തോമസ് ഐസക് മൈക്കിള്‍ വില്യംസുമായി ചേര്‍ന്ന് ഊരാളുങ്കലിന്റെ വിജയഗാഥ പുസ്തകമാക്കി, ബില്‍ഡിങ് ഓള്‍ട്ടര്‍നേറ്റീവ്‌സ്, ദ് സ്‌റ്റോറി ഓഫ് ഇന്ത്യാസ് ഓള്‍ഡസ്റ്റ്കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് എന്ന പേരില്‍. സംഘത്തിന്റെ ഉപദേഷ്ടാവ് കൂടിയാണ് തോമസ് ഐസക്. 2018ല്‍ വിദ്യാഭ്യാസ രംഗത്തേക്കും 2019ല്‍ ഭവന നിര്‍മാണ രംഗത്തേക്കും കടന്നെത്തിനില്‍ക്കുമ്പോഴാണ് അഴിമതിക്കഥ ഊരാളുങ്കലിനെ ചുറ്റിവരിയുന്നത്.
.

Back to Top