News

നമുക്കൊപ്പമേ മാധ്യമങ്ങളും നന്നാവൂ: കെ.എന്‍.എ. ഖാദര്‍

മലപ്പുറം: വിനാശകരമായ വാര്‍ത്താലോകം തുറന്നിടുന്നത് സമൂഹം തന്നെയെന്ന് കെ.എന്‍.എ.ഖാദര്‍ എം.എല്‍.എ.. പ്രേക്ഷകനോ വായനക്കാരനോ ആവശ്യമായതു നല്‍കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. അവ തമ്മില്‍ കിടമല്‍സരമാണ്. പിടിച്ചുനില്‍ക്കണമെങ്കില്‍ കൂടുതല്‍ പേരുടെ സ്വീകാര്യത പിടിച്ചുപറ്റുകയല്ലാതെ മാര്‍ഗമില്ല. മോശം വാര്‍ത്തകള്‍ തേടിനടക്കുന്ന സമൂഹത്തിന് മോശം വാര്‍ത്തകളേ ലഭിക്കൂ. നല്ലതു തേടുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ തീര്‍ച്ചയായും ലഭിക്കുമെന്നും ഖാദര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഞാനും നിങ്ങളും നന്നാവുമ്പോഴേ മാധ്യമങ്ങളും നന്നാവുകയുള്ളൂ എന്നു വ്യക്തമാക്കിയ ശേഷം തന്റെ ഹൃദയത്തെ സ്പര്‍ശിച്ച ഒരു വാര്‍ത്ത വിവരിക്കുകയാണ് കെ.എന്‍.എ.ഖാദര്‍. അദ്ദേഹത്തിന്റെ വിവരണം: ഇന്നത്തെ ഏറ്റവും നല്ല വാര്‍ത്ത മാതൃ സ്‌നേഹത്തിന്റെ ഉദാത്തമായ ഉയരങ്ങളെ നമ്മില്‍ ഉണര്‍ത്തുന്ന ഒന്നാണ്. ഒരു കുടുംബം രണ്ടേ രണ്ട് ദിവസം മുമ്പ് ഭൂമിയില്‍ പിറന്നുവീണ ഒരു കുഞ്ഞിനെ ഏതു വിധം സ്‌നേഹം പകര്‍ന്നു സംരക്ഷിക്കുന്നു, ആ കുടുംബത്തെ മറ്റുള്ളവര്‍ എങ്ങനെ സഹായിക്കുന്നു എന്നീ കാര്യങ്ങള്‍ മറക്കാനാവാത്തതും ഹൃദയ സ്പര്‍ശിയുമാണ്. സംഭവം ഇന്ത്യന്‍ അതിര്‍ത്തിയിലെ ലേയിലാണ്, ലഡാക്കില്‍. കഴിഞ്ഞ മാസം പതിനാറിന് ഡോര്‍ജെ പാല്‍മൊ എന്ന യുവതി ഒരാണ്‍കുഞ്ഞിനെ പ്രസവിക്കുന്നു. അന്ന നാളത്തിനു ജന്മനാ തകരാറായതിനാല്‍ കുഞ്ഞിനു പാല്‍ കുടിക്കാന്‍ കഴിയാതെ വന്നു. അടിയന്തിര ശസ്ത്രക്രിയ വേണം. അതിനുള്ള സൗകര്യം ഡല്‍ഹിയില്‍ മാത്രമേ ഉള്ളു, ആയിരം കിലോമീറ്റര്‍ അകലെ. പെണ്‍കുഞ്ഞിന്റെ അച്ഛന്‍ ജിക് മത് വാങ്ഡസ് മൈസൂരില്‍ ജോലിയിലാണ്. യുവതിയുടെ സഹോദരന്‍ ജിഗ് മത് ഗ്യാല്‍ പോ കുട്ടിയെയും കൊണ്ട് ഡല്‍ഹിക്കു പറന്നു. അച്ഛന്‍ മൈസൂരില്‍ നിന്നെത്തുന്നു. കോവിഡ് കാലമായതിനാല്‍ അമ്മയ്ക്ക് കുഞ്ഞിനെ അനുഗമിക്കാനായില്ല. കുഞ്ഞിന് അമൃതായ മുലപ്പാല്‍ ലഭ്യമാക്കാന്‍ ആ അമ്മ നിത്യവും അമ്മിഞ്ഞപ്പാല്‍ പെട്ടിയിലാക്കി സ്വകാര്യവിമാനത്തില്‍ ആയിരം കിലോമീറ്റര്‍ അകലെ ഡല്‍ഹിയില്‍ എത്തിച്ച് കൊടുക്കുന്നു. വിമാനക്കമ്പനി സൗജന്യമായാണ് നിത്യവും മുലപ്പാല്‍ വഹിച്ചു ഡല്‍ഹിക്കു പറക്കുന്നത്. ഹിമാലയ സാനുക്കളില്‍ ഇന്ത്യയെ ചേര്‍ത്തുവെക്കുന്ന ലേയില്‍ തന്റെ കുഞ്ഞിനെയോര്‍ത്ത് ഒരമ്മ ചുരത്തുന്ന മുലപ്പാല്‍, ആകാശങ്ങള്‍ താണ്ടി  വഴിഞ്ഞൊഴുകുന്ന മാതൃവാത്സല്യത്തിന്റെ പുത്തന്‍ മേഘസന്ദേശമായി ആശുപത്രിക്കിടക്കയില്‍ ഒന്നുമറിയാതെ വിശ്രമിക്കുന്ന റിങ്‌സിന്‍ എന്ന ഇളം പൈതലിന്റെ വിശപ്പു മാറ്റുന്നു. അമ്മമാരുടെ സ്‌നേഹത്തിനു മുമ്പില്‍ ഹിമാലയങ്ങള്‍ എത്രയോ ചെറുതാണ്. നന്ദി, ശ്രീ. കെ.എന്‍.എ. ഖാദര്‍. 
 
.

Back to Top