News

സ്വപ്‌ന സുരേഷ് പിടിയില്‍

ബംഗളുരു: തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് പിടിയില്‍. സന്ദീപ് നായരും പിടിയിലായതായാണ് റിപ്പോര്‍ട്ട്. ബംഗളുരുവില്‍ വെച്ചാണ് ഇരുവരെയും എന്‍.ഐ.എ. അറസ്റ്റ് ചെയ്തത്. ഇരുവരെയും ചോദ്യംചെയ്യുന്നതിനായി എറണാകുളത്തെത്തിക്കും. എന്‍.ഐ.എ. സംഘം പ്രതികളുമായി ബംഗളുരുവില്‍നി്ന്നു തിരിച്ചതായാണ് വിവരം. രാവിലെയോടെ കൊച്ചിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. സ്വപ്‌നയും സന്ദീപും ഒരുമിച്ച് ഒളിവില്‍ പോവുകയായിരുന്നു എന്നാണ് സൂചന. എന്നാല്‍ അന്വേഷണം എന്‍.ഐ.എ. ഏറ്റെടുത്ത സാഹചര്യത്തില്‍ കീഴടങ്ങാനുള്ള ആലോചനയിലായിരുന്നത്രെ. സ്വപ്‌നയും സന്ദീപും രണ്ടു വഴിക്കു കേരളത്തിലേക്കു മടങ്ങാനിരിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. സ്വപ്‌ന ഗുഡല്ലൂര്‍, പെരിന്തല്‍മണ്ണ വഴി എത്താനും സന്ദീപ് സേലം, പൊള്ളാച്ചി, അതിരപ്പള്ളി വഴി വരാനുമാണത്രെ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പുറപ്പെടുംമുമ്പ് ഇരുവരും കഴിയുന്ന കേന്ദ്രത്തിലെത്തി എന്‍.ഐ.എ. അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളത്ത് സന്ദീപ് നായരുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടക്കുന്നുണ്ട്. നാടകീയമായ രീതിയിലാണ് എന്‍.ഐ.എ. സ്വര്‍ണം കള്ളക്കടത്തു കേസിലെ രണ്ടു പ്രതികളെയും പിടികൂടിയിരിക്കുന്നത്. കേസ് ഏറ്റെടുത്ത് രണ്ടു ദിവസത്തിനകം തന്നെ ശ്രദ്ധേയമായ നേട്ടം അന്വേഷണത്തില്‍ ഉണ്ടാക്കാന്‍ കേന്ദ്ര ഏജന്‍സിക്കു കഴിഞ്ഞു. നേരത്തേ കസ്റ്റംസാണ് അന്വേഷണം പൂര്‍ണമായും നടത്തിയിരുന്നത് എന്നാണ് സൂചന. കേരള പൊലീസ് ഒന്നും ചെയ്യുന്നില്ല തുടങ്ങിയ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങള്‍ക്കിടയില്‍ നടന്ന ഗൗരവമേറിയ കുറ്റകൃത്യമെന്ന നിലയില്‍ കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ മനസ്സിലാക്കി പഴുതടച്ചാണ് എന്‍.ഐ.എ. നീങ്ങുന്നതെന്നാണ് സൂചന. തിരുവനന്തപുരത്തുള്ള യു.എ.ഇ. കോണ്‍സുലേറ്റ് കേന്ദ്രീകരിച്ചാണ് കള്ളക്കടത്ത് നടന്നത് എന്നതും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേരിലും ആരോപണം നിലനില്‍ക്കുന്നു എന്നതും ഗൗരവമേറിയ സാഹചര്യമാണ്. അന്വേഷണം യു.എ.ഇയിലേക്കു വ്യാപിപ്പിക്കേണ്ടിവന്നേക്കാം. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.എ.എസ്.ഉദ്യോഗസ്ഥനുമായ ശിവശങ്കര്‍ സംശയിക്കപ്പെടുന്നുണ്ട് എന്നതിനാല്‍ കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ടോ എന്നു സംശയിക്കപ്പെടുന്നുമുണ്ട്. എന്‍.ഐ.എയുടെ ബംഗളുരു യൂണിറ്റാണ് പ്രതികളെ വലയിലാക്കിയത്. അന്വേഷണ ഏജന്‍സികള്‍ക്കു പിടികൊടുക്കാതെ ഒളിവില്‍പ്പോയി ആറാം ദിവസമാണ് സ്വപ്‌നയും സന്ദീപും പിടിയിലാകുന്നത്. അതിനിടെ, രഹസ്യ കേന്ദ്രത്തില്‍നിന്ന് മാധ്യമങ്ങള്‍ക്ക് ശബ്ദസന്ദേശം അയച്ചത് സ്വപ്‌നയ്ക്കു കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. കഴിഞ്ഞയാഴ്ച മുന്‍കൂര്‍ ജാമ്യം തേടി സ്വപ്ന ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ജാമ്യാപേക്ഷ പരിഗണിക്കുന്നതു മാറ്റിവെച്ച കോടതി, സ്വപ്നയെ അറസ്റ്റ് ചെയ്യുന്നതു വിലക്കിയിരുന്നില്ല. സ്വര്‍ണക്കടത്തില്‍ സ്വപ്‌നയ്ക്കും സന്ദീപിനും പങ്കുണ്ടെന്ന് എന്‍.ഐ.എ. ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. സ്വര്‍ണം കള്ളക്കടത്തു കേസിലെ ഒന്നാംപ്രതിയും കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒയുമായ സരിത്ത് ഇപ്പോള്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്.
.

Back to Top