News

ചൈനയെ തളയ്ക്കാന്‍ ആന്‍ഡമാനിലേക്കു കൂടുതല്‍ സേന

ന്യൂഡെല്‍ഹി: ലഡാക്കിലെ സംഘര്‍ഷത്തില്‍ പൂര്‍ണമായ അയവുണ്ടാകാത്ത സാഹചര്യത്തില്‍ ഭാരതം ആന്‍ഡമാനില്‍ സൈനിക ശക്തി വര്‍ധിപ്പിക്കുന്നു. ഇന്ത്യാ മഹാസമുദ്ര മേഖലയില്‍ നാവിക രംഗത്തുള്ള ചൈനയുടെ സാന്നിധ്യം പരിഗണിക്കുമ്പോള്‍ ഭാരതത്തിന്റെ തന്ത്രപ്രധാനമായ ഇടമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്. ബംഗാള്‍ ഉള്‍ക്കടല്‍, മലാക്ക സ്‌ട്രെയ്റ്റ്, തെക്കുകിഴക്കന്‍ ഏഷ്യ എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രമാണ് ആന്‍ഡമാന്‍ നിക്കോബാര്‍. ഇക്കാര്യം ഇന്ത്യ നേരത്തേ തിരിച്ചറിഞ്ഞതുമാണ്. എന്നാല്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടായില്ല. 2001ല്‍ കര, നാവിക, വ്യോമ സേനകളുടെ സംയുക്ത കമാന്‍ഡ് ഇവിടെ ആരംഭിച്ചിരുന്നു. പുതിയ കമാന്‍ഡിനു പക്ഷേ, വേണ്ടവിധം സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ല. ഫണ്ടില്ലായ്മ, കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനു പരിസ്ഥിതി ക്ലിയറന്‍സ് കിട്ടാത്തത്, ഏകോപനമില്ലായ്മ തുടങ്ങിയ തടസ്സങ്ങളാണ് ഉണ്ടായിരുന്നത്.
ഇത്തരം തടസ്സങ്ങള്‍ നീക്കി ആന്‍ഡമാന്‍ നോക്കോബാര്‍ കമാന്‍ഡിനെ ശക്തമാക്കാനുള്ള തീരുമാനമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഭൂമി അനുവദിക്കുകയും ഉത്തര ആന്‍ഡമാനിലെ ഷിബ്പൂരിലെ ഐ.എന്‍.എസ്. കോഹാസ്സ നാവിക വ്യോമ കേന്ദ്രത്തിന്റെ റണ്‍വേ നീട്ടുന്നതിന് അംഗീകാരം നല്‍കുകയും ചെയ്തു. വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സാധിക്കുംവിധം ഐ.എന്‍.എസ്. കൊഹാസ്സയിലും ക്യാംപെല്‍ ബേയിലുള്ള ഐ.എന്‍.എസ്. ബാസിലും റണ്‍വേ നീളം കൂട്ടാന്‍ പദ്ധതിയുണ്ട്. കമോര്‍ത ദ്വീപില്‍ 10,000 അടി റണ്‍വേയുള്ള എയര്‍ എന്‍ക്ലേവ് നിര്‍മിക്കുകയും ചെയ്യും. 5650 കോടി രൂപയൂടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് നടപ്പാക്കുക. പത്തു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
കൂടുതല്‍ സൈന്യത്തെ എത്തിക്കാനും നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കാനും മിസൈല്‍ പോലുള്ള യുദ്ധ സാമഗ്രികള്‍ വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ യുദ്ധവിമാനങ്ങള്‍ ആന്‍ഡമാനില്‍ സ്ഥിരമായി ഇല്ല. മറ്റു വ്യോമസേനാ ക്യാംപുകളില്‍നിന്ന് ഇവിടേക്കു വിമാനങ്ങള്‍ പറന്നെത്താന്‍ സമയമെടുക്കും. അതിനാല്‍ അടിയന്തര ഘട്ടങ്ങളില്‍ സൈന്യത്തിന് ഒട്ടും വൈകാതെ വിമാനങ്ങള്‍ ലഭ്യമാക്കാനായി സ്ഥിരം വിമാനങ്ങളുള്ള ക്യാംപായി ഇതു പരിഷ്‌കരിക്കും.
വെട്ടിപ്പിടിക്കുക എന്ന ശൈലി ഉപേക്ഷിക്കാന്‍ ചൈന തയ്യാറാകാത്ത സാഹചര്യത്തിലാണ് ആന്‍ഡമാനില്‍ സൈനിക ക്യാംപ് ശക്തമാക്കേണ്ടത് ഭാരതത്തിന് അനിവാര്യതയായി മാറുന്നത് എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ തയ്യാറെടുപ്പ് വഴി യുദ്ധത്തിനപ്പുറമുള്ള നേട്ടം ഇന്ത്യക്കുണ്ടാവുമെന്നും കരുതുന്നു. സംവിധാനങ്ങള്‍ ശക്തമാക്കുന്നപക്ഷം മലാക്ക സ്‌ട്രെയ്റ്റിലൂടെ ചൈന അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതും മറ്റു വ്യാപാര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും നിരീക്ഷിക്കാന്‍ സാധിക്കും.
.

Back to Top