Sanathanam

പാക്ക് സര്‍ക്കാര്‍ ശ്രീകൃഷ്ണ ക്ഷേത്രം നിര്‍മിക്കുന്നു

ഇസ്ലാമാബാദ്: രാജ്യ തലസ്ഥാനമായ ഇസ്ലാമാബാദില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ക്ഷേത്രം നിര്‍മിക്കുന്നു. ശ്രീകൃഷ്ണ ക്ഷേത്ര നിര്‍മാണത്തിനു തുടക്കമിട്ടുകഴിഞ്ഞു. 10 കോടി രൂപ ചെലവിട്ടാണ് ക്ഷേത്രം പൂര്‍ത്തിയാക്കുക. 20,000 ചതുരശ്ര അടി വിസ്തൃതിയുള്ളതായിരിക്കും അമ്പലം. പാക്കിസ്ഥാന്‍ മനുഷ്യാവകാശ പാര്‍ലമെന്ററി സെക്രട്ടറി ലാല്‍ ചന്ദ് മാലി ക്ഷേത്രത്തിനു സ്ഥലമൊരുക്കുന്ന പ്രവൃത്തിക്കു തുടക്കമിട്ടു. ഇസ്ലാമാബാദിലും പരിസരങ്ങളിലുമായി 1947നു മുന്‍പുള്ള അമ്പലങ്ങളുടെ കെട്ടിടാവശിഷ്ടങ്ങള്‍ ഏറെയുണ്ടെന്ന് ക്ഷേത്രം പണി തുടങ്ങുന്നതോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ ലാല്‍ ചന്ദന്‍ മാലി പറഞ്ഞു.
എന്നാല്‍ ഒരു ക്ഷേത്രവും ഇപ്പോള്‍ ഉപയോഗത്തിലില്ല. ക്ഷേത്രനിര്‍മാണത്തിനു പ്രത്യേക ഗ്രാന്റ് അനുവദിക്കണമെന്ന മതകാര്യ മന്ത്രി പീര്‍ നൂറുല്‍ ഹഖ് ക്വാദ്രി പ്രധാനമന്ത്രി ഇമ്രാന്‍ ഘാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മതകാര്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. മുന്‍കൂട്ടി തീരുമാനിച്ചതു പ്രകാരമാണു ക്ഷേത്രനിര്‍മാണം ആരംഭിച്ചത് എന്നതിനാല്‍ ഫണ്ട് അനുവദിക്കപ്പെടുമെന്നാണു സൂചന. ക്ഷേത്രം നിര്‍മിക്കാനുള്ള സ്ഥലം 2017ല്‍ ഹിന്ദു പഞ്ചായത്തിന് ക്യാപിറ്റല്‍ ഡെവലപ്‌മെന്റ് അതോറിറ്റി അനുവദിച്ചിരുന്നു. പ്ലാന്‍ അനുമതി വൈകുന്നതു പോലുള്ള കാരണങ്ങള്‍ നിമിത്തമാണു നിര്‍മാണം തുടങ്ങാന്‍ വൈകിയത്. ശ്മശാനവും അമ്പലത്തോടൊപ്പം നിര്‍മിക്കുന്നുണ്ട്. മതപരമായ ആചാരങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഒരുക്കുമെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുന്നതായും ഹൈന്ദവ സമൂഹത്തിന് ആരാധനാ സ്വാതന്ത്ര്യം പോലും വിലക്കപ്പെടുന്നതായും ശക്തമായ പരാതിയുണ്ട്. രാജ്യത്തെ ഹിന്ദുക്കളുടെ അംഗസംഖ്യ അനിദിനം ഗണ്യമായി കുറയുകയാണ്. എന്നാല്‍ ന്യൂനപക്ഷ അവകാശങ്ങള്‍ അര്‍ഹമാംവിധം ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഈ സാഹചര്യത്തില്‍ മതസഹിഷ്ണുത ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് രാജ്യാന്തര സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് സര്‍ക്കാര്‍ നേരിട്ട് അമ്പലം നിര്‍മിക്കുന്നതിലൂടെ പാക്കിസ്ഥാനിലെ ഇമ്രാന്‍ മന്ത്രിസഭ ഉദ്ദേശിക്കുന്നതെന്നാണു സൂചന.
.

Back to Top