News

യു.ഡി.എഫിലെ വിചിത്രമായ തീരുമാനം

തിരുവനന്തപുരം: ബോട്ടിങ്ങെത്താറായി, ജെട്ടി കെട്ടിയില്ല എന്ന നിലയിലാണ് യു.ഡി.എഫ്. ഒന്നു തീര്‍ക്കുമ്പോള്‍ പത്തായി പ്രശ്‌നങ്ങള്‍ ഉയരുകയാണ്. ഓരോ പ്രശ്‌നത്തിനു പരിഹാരം തേടി പ്രതിച്ഛായ മുിനുക്കാന്‍ കണ്ണാടി നോക്കുമ്പോഴേക്കും അടുത്ത ശകുനംമുടക്കി എത്തും. പ്രശ്‌നം, പരിഹാരം, പിന്നെയും പ്രശ്‌നം... ഒരു ജൈത്രയാത്ര തന്നെ. വന്നുവന്ന്, മെലിഞ്ഞ മുന്നണിയെ തൊഴുത്തില്‍ കെട്ടാമെന്നായിട്ടുണ്ട്. മുന്നണിക്ഷീണത്തിന് ഇപ്പോള്‍ കാരണം തേടുന്നതു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയിലാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിനു ജീവന്‍ പോരാ, വാക്കുകള്‍ക്കു കനം പോരാ, ആകെക്കൂടി ഒരു പ്രതിപക്ഷ നേതാവിന്റെ ഗൗരവം വരുന്നില്ല എന്നൊക്കെ കണ്ടെത്തി. സമവായത്തിന്റെ അരുപിടിച്ച് എല്ലാമൊന്നു നേരെയാക്കാന്‍ ഇറങ്ങിയതാണ്. അങ്കവും കാണാം, താളിയുമൊടിക്കാം എന്നു കരുതിയാണ് രമേശ് ചെന്നിത്തലയെ മുന്നില്‍ നിര്‍ത്തി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഉപവാസം സംഘടിപ്പിച്ചത്. വെറുതേയൊരു സര്‍ക്കാര്‍വിരുദ്ധ സമരമായിരുന്നില്ല. കേരളത്തിലേക്കു മടങ്ങാന്‍ പ്രവാസികള്‍ കോവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ സാധിക്കൂ എന്ന വ്യവസ്ഥയെ എതിര്‍ത്തായിരുന്നു സമരം. സംസ്ഥാന സര്‍ക്കാരിന്റെ ഈ വ്യവസ്ഥ ഗള്‍ഫില്‍നിന്നു മടങ്ങുന്ന പ്രവാസികളെ മാത്രം ഉദ്ദേശിച്ചാണെന്ന യു.ഡി.എഫ്.വാദത്തിനു പിന്നില്‍ ലക്ഷ്യമുണ്ടായിരുന്നു. മുസ്ലീങ്ങളില്‍നിന്ന് യു.ഡി.എഫ്. അകലുകയും എല്‍.ഡി.എഫ്. ആ അകല്‍ച്ച മുസ്ലീങ്ങളോട് അടുക്കാന്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ടോ എന്ന സംശയത്തിനു പരിഹാരം കാണുകയായിരുന്നു ലക്ഷ്യം. സി.എ.എ. സമരം പോലെ തങ്ങളുടെ മതത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് വേണ്ടത്ര ആവേശം കാട്ടിയില്ല എന്ന പരാതി മുസ്ലീം ലീഗിനുണ്ട്. പ്രതിപക്ഷ നേതാവിന്റെ സത്യഗ്രഹം ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ചത് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ. ഉദ്ഘാടനത്തിനെത്തിയ മുല്ലപ്പള്ളി ഇടതുപക്ഷ സര്‍ക്കാരിനെതിരെ പതിവില്ലാത്തവിധം കത്തിക്കയറി. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയെ ഒറ്റപ്പെടുത്തി കുറ്റപ്പെടുത്തി. കോവിഡ് റാണി, നിപ്പ രാജകുമാരി തുടങ്ങിയ പ്രയോഗങ്ങള്‍ ചേര്‍ത്തലക്കി. പ്രസംഗം കേട്ടവര്‍ കേട്ടവര്‍ അന്തംവിട്ടുവത്രെ. 
ആ പ്രസംഗത്തിനു പിന്നില്‍ വേറെയെന്തോ ഇല്ലേ എന്നായി കോണ്‍ഗ്രസ് വൃത്തങ്ങളിലെ; അല്ല, യു.ഡി.എഫ്. ഉപശാലകളിലെ സംസാരം. കാട്ടുതീ പോലെ പരന്നത് പ്രതിപക്ഷ നേതാവിനെ വെട്ടാന്‍ കെ.പി.സി.സി. പ്രസിഡന്റ് ബോധപൂര്‍വം മഴുവെറിഞ്ഞതാണ് എന്നാണ്. ഇതൊരു പ്രശ്‌നമാണല്ലോ. ഇവിടെയും പരിഹാരം കണ്ടെത്താതെ വയ്യല്ലോ. കണ്ടെത്തി. അതിതാണ്. ശൈലജ ടീച്ചര്‍ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ വ്യക്തിപരമായ പരാമര്‍ശങ്ങളെ കോണ്‍ഗ്രസ്സോ യു.ഡി.എഫോ ഏല്‍ക്കില്ല. വിവാദം കത്തിയാറുംവരെ മുല്ലപ്പള്ളി സ്വയം പ്രതിരോധിച്ചോ പ്രത്യാക്രമണം നടത്തിയോ കഴിഞ്ഞോണം. ഇതിനു കാരണമുണ്ട്. അല്‍പം പേടിയുടെ കഥയാണ്. ഇടതുപക്ഷ നേതാക്കള്‍ക്കെതിരെ വ്യക്തിഹത്യാപരമായ ആക്രമണങ്ങള്‍ നടക്കുമ്പോള്‍ സൈബര്‍ സഖാക്കളോടു പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നില്ല. പറഞ്ഞുനാറ്റിക്കുക എന്ന സി.പി.ഐ.(എം) തന്ത്രത്തോടു പൊരുതിനില്‍ക്കാന്‍ മാത്രം യു.ഡി.എഫ്.-കോണ്‍ഗ്രസ് വാര്‍ റൂം സജ്ജമല്ല. തങ്ങള്‍ക്കെതിരെ സൈബറിടങ്ങളിലെ റെഡ് ആര്‍മി ഉയര്‍ത്തുന്ന വാദങ്ങള്‍ ശരിയെന്നു സാമൂഹ്യ മാധ്യമങ്ങള്‍ വഴി ജനങ്ങള്‍ തെറ്റിദ്ധരിക്കും. അതു പാരയാവും. അതുകൊണ്ട്, വ്യക്തിഹത്യ എന്ന അധ്യായം തെരഞ്ഞെടുപ്പുവരെ തുറക്കേണ്ടതില്ല എന്നാണു തീരുമാനം. ഈ ധാരണയ്ക്കു മീതെയാണ് കെ.പി.സി.സി. പ്രസിഡന്റ് കത്തിവെച്ചത്. അതോടെ, യു.ഡി.എഫും കോണ്‍ഗ്രസ്സില്‍ കണ്ടാല്‍ മിണ്ടുന്നവരുമൊക്കെ ചേര്‍ന്ന് അതിവിചിത്രമായ ഒരു തീരുമാനം കൈക്കൊണ്ടു. മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി. പ്രസിഡന്റായി മുന്നില്‍ നിര്‍ത്തും. ഭരണപക്ഷത്തിനെതിരെ അദ്ദേഹം ഉള്‍പ്പെടെ നടത്തുന്ന നയസംബന്ധിയായ വാദങ്ങളെയും ആരോപണങ്ങളെയും പിന്‍തുണയ്ക്കും. എന്നാല്‍, സി.പി.ഐ.എമ്മിലെ, സി.പി.ഐയിലെ എന്നുവേണ്ട എല്‍.ഡി.എഫിലെ ഏതെങ്കിലും നേതാവിനെ വ്യക്തിഹത്യ നടത്താന്‍ മുതിര്‍ന്നാല്‍ അതു കെ.പി.സി.സി. പ്രസിഡന്റായാലും ഒറ്റപ്പെടുത്തി പാഠം പഠിപ്പിക്കും.
 
.

Back to Top