News

യുദ്ധത്തിനു പുറപ്പാട്; സമാധാനത്തിനും നീക്കം

ന്യൂഡെല്‍ഹി: ചൈനാ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാവുകയാണ്. കരസേനയുടെ അംഗബലവും ആയുധ ബലവും വര്‍ധിപ്പിക്കുന്നതിനു പുറമെ വ്യോമ, നാവിക സേനകളെയും സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കുക വഴി സൈനിക ശക്തി വര്‍ധിപ്പിക്കുകയാണ് ഭാരതം. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്താണു മൂന്നു സേനാമേധാവികളുമായി ചര്‍ച്ച ചെയ്തു കരുക്കള്‍ നീക്കുന്നത്. യുദ്ധ വിമാനങ്ങള്‍ സജ്ജമാക്കി നിര്‍ത്തും. മലാക്ക സ്‌ട്രെയറ്റിനു സമീപം യുദ്ധക്കപ്പലുകള്‍ അടുപ്പിക്കും. ഇന്നലെ സൈന്യങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നു സൈനിക തലത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍, ഒത്തുതീര്‍പ്പ് ഉണ്ടാകാഞ്ഞതിനാലാണു സൈനികശക്തി വര്‍ധിപ്പിക്കാന്‍ ഭാരതം തീരുമാനിച്ചത്. നിലവിലുള്ള സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വകക്ഷി യോഗം വിളിച്ചു എന്നതു ലഡാക്കിലെ പ്രശ്‌നം ഗൗരവമേറിയതാണെന്ന് സൂചിപ്പിക്കുന്നു.
പല തലത്തിലുമുള്ള ഗൗരവമേറിയ ചര്‍ച്ചകളാണു കേന്ദ്രസര്‍ക്കാര്‍ നടത്തിവരുന്നത്. ഇന്നലെ രാത്രി വൈകി പ്രധാനമന്ത്രിയുടെ വസതിയില്‍ പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, വിദേശകാര്യ മന്ത്രി തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഉന്നതതല യോഗം നടന്നിരുന്നു. ഇന്ന് പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തിലും ഉന്നതതല യോഗം നടന്നു.
അതിനിടെ, ഗല്‍വാന്‍ താഴ്‌വരയില്‍ തിങ്കളാഴ്ച രാത്രി ഉണ്ടായ ഏറ്റുമുട്ടലില്‍ ചൈനീസ് കമാന്‍ഡിങ് ഓഫീസറും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടു. ഇരു ഭാഗത്തും എത്ര സൈനികര്‍ മരിച്ചു, എത്ര സൈനികര്‍ക്കു പരുക്കേറ്റു എന്നതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഏതാനും സൈനികര്‍ സംഘര്‍ഷ മേഖലയിലുള്ള പുഴയില്‍ വീണതായി സംശയിക്കപ്പെടുന്നുണ്ട്.
അതിനിടെ, പിന്‍മാറില്ലെന്ന് ചൈന വാശിപിടിക്കുന്നത് എന്തുകൊണ്ട് എന്ന ചര്‍ച്ച രാജ്യാന്തര തലത്തില്‍ തന്നെ സജീവമായി. തങ്ങളുടെ ഭൂപ്രദേശത്തേക്ക് ഇന്ത്യ അതിക്രമിച്ചുകടന്നു എന്ന് ചൈന വാദിക്കുന്നുണ്ടെങ്കിലും ഭാരതത്തെ ചൈന പ്രകോപിപ്പിക്കുന്നതു മറ്റു ചില കാരണങ്ങളാല്‍ ആണെന്നാണു സൂചന. ഭരണത്തിലുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വലിയ പ്രതിസന്ധിയെ നേരിടുകയാണ്. രാഷ്ട്രീയ തലത്തില്‍ പ്രസിഡന്റ് ഷി ചിന്‍പിങ്ങ് നേരിടുന്ന എതിര്‍പ്പുകളെ മറികടക്കാനുള്ള തന്ത്രമായി ഇന്ത്യന്‍ അതിര്‍ത്തിയിലെ കടന്നുകയറ്റത്തെ ഒരു വിഭാഗം രാഷ്ട്രതന്ത്രജ്ഞര്‍ വിലയിരുത്തുന്നു. കൊറോണ വൈറസ് വ്യാപിക്കാന്‍ കാരണം ചൈനയാണെന്ന പരാതി ആ രാജ്യത്തെ വല്ലാത്ത പ്രതിസന്ധിയിലേക്കു തള്ളിവിടുന്നുണ്ട്. വുഹാനില്‍ വൈറസ് പടര്‍ന്നുപിടിച്ചതു ലോകത്തിനു മുന്നില്‍നിന്നു മറച്ചുവെച്ചു എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. യു.എസ്. പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപും മറ്റും ചൈനയാണ് മഹാവ്യാധിക്കു കാരണക്കാരെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. വൈറസിന്റെ ഉറവിടം തേടണമെന്ന യു.എസ്. പോലുള്ള രാജ്യങ്ങളുടെ ആവശ്യത്തെ ഇന്ത്യ പിന്‍തുണച്ചതില്‍ ചൈനയ്ക്കു പ്രതിഷേധമുണ്ട്. കൂടുതല്‍ രാജ്യങ്ങള്‍ ട്രംപിന്റെ വാക്കുകളെ പിന്‍തുണയ്ക്കുന്നു എന്നത് ചൈനയ്ക്ക് അലോസരം സൃഷ്ടിക്കുന്നുണ്ട്. ചൈനീസ് ഉല്‍പന്നങ്ങളെ ബഹിഷ്‌കരിക്കാന്‍ ഇന്ത്യയില്‍ നടക്കുന്ന ആഹ്വാനങ്ങള്‍ ചൈനയെ ആശങ്കയില്‍ ആഴ്ത്തുകയും ചെയ്യുന്നു. ചൈനയുടെ പ്രധാന വിപണികളിലൊന്നാണ് അയല്‍രാജ്യമായ ഇന്ത്യ. കോവിഡനന്തര കാലത്ത് ചൈന സാമ്പത്തികമായി തളരാനിടയുണ്ടെന്നും അത്തരമൊരു സാഹചര്യത്തില്‍ ലോകത്തിന്റെ ഉല്‍പാദന കേന്ദ്രമായി ഇന്ത്യ മാറുമെന്നും പ്രചരിപ്പിക്കപ്പെടുന്നതാണ് അകല്‍ച്ചയ്ക്കു മറ്റൊരു കാരണം. കൂടുതല്‍ വിദേശ കമ്പനികളെ നിക്ഷേപത്തിനായി ക്ഷണിക്കുകയാണ് ഭാരത സര്‍ക്കാര്‍. പ്രതിരോധത്തിനു യോഗയും ആയുര്‍വേദവും, മികച്ച മരുന്ന് ഉല്‍പാദന കേന്ദ്രം തുടങ്ങി കോവിഡ് കാലത്ത് ഭാരതത്തിനു ലഭിച്ചതു ലോകത്തിന്റെ പ്രശംസയാണെങ്കില്‍, ചൈനയ്ക്കു ലഭിച്ചതു മാരക രോഗത്തിനു കാരണമായ രാജ്യമെന്ന കുറ്റപ്പെടുത്തലാണ്. ഈ പേരുദോഷം നീണ്ടുനിന്നാല്‍ രാജ്യത്തിന്റെ സാമ്പത്തികവും അല്ലാത്തതുമായ ഭാവി പ്രതിസന്ധിയിലാകുമെന്ന് ചൈന ഭയക്കുന്നുണ്ട്.
ഇതാദ്യമല്ല, ആഭ്യന്തര പ്രതിസന്ധി മറികടക്കാന്‍ ചൈന ഭാരതത്തെ കരുവാക്കുന്നതെന്നതും ഈ അവസരത്തില്‍ ഓര്‍മിക്കപ്പെടുന്നു. 1962ല്‍ ക്ഷാമം വര്‍ധിച്ചപ്പോഴാണ് അന്നത്തെ ഭരണാധികാരിയായ മാവോ സേ ദുങ് ഇന്ത്യക്കെതിരെ യുദ്ധം ആരംഭിച്ചത്.
.

Back to Top