News

ഹലാല്‍ ഉല്‍പന്നങ്ങളുടെ കടന്നുകയറ്റം വാണിജ്യ മേഖലയ്ക്കു തിരിച്ചടി

കോഴിക്കോട്: ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങളുടെ ഹലാല്‍വല്‍ക്കരണം അത്ര ലളിതമല്ല. ഹലാല്‍ ഉല്‍പന്നങ്ങള്‍ ഒരു വന്‍ ഗൂഢ തന്ത്രമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വന്തം പണം കൊടുത്ത് ഉല്‍പന്നങ്ങള്‍ വാങ്ങുന്നവരിലേക്ക് ഇസ്ലാമിക മതചിന്ത കടത്തിവിടുന്നു, ഹലാല്‍ ഉല്‍പന്നങ്ങള്‍ എന്നാണു പരാതി. ഭക്ഷ്യ മേഖലയിലാണ് ഇതു കൂടുതലും. ഭക്ഷണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്ന അവകാശവാദവുമായി ഒരേയൊരു ഉല്‍പന്നമായ ബീഫ് നിരോധിക്കപ്പെടുന്നു എന്ന വ്യാജ ആരോപണം ഉന്നയിച്ച് ബിഫ് ഫെസ്റ്റും മറ്റും നടത്തിയ, സ്വയം പുരോഗമനവാദികള്‍ എന്നു വിളിച്ചു സ്വയം പ്രശംസിക്കുന്നവര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതു ദുരൂഹമാണ്.
ഹലാല്‍ ആയവ മാത്രം തെരഞ്ഞെടുക്കണമെന്ന തിട്ടൂരം ചില സ്വകാര്യ ഇസ്ലാമിക ഇടങ്ങള്‍ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഉള്‍പ്പെടെ ലോകത്താകമാനം നടപ്പാക്കുകയാണ്. ലളിതമായ ഉദാഹരണം പറഞ്ഞാല്‍, പന്നികളെ എത്രത്തോളം വൃത്തിയായി വളര്‍ത്തിയെടുത്തു കൊന്ന് ഇറച്ചി പാക്കറ്റിലാക്കിയാലും ഹലാല്‍ ഗണത്തില്‍ പെടില്ല. കാരണം, ഇസ്ലാമിക മതവിശ്വാസ പ്രകാരം പന്നിയിറച്ചി ഹറാമാണ്. എത്രയോ കോടികളുടെ കച്ചവടമായി ഹലാല്‍ ബിസിനസും അതിനു പിന്നിലെ കള്ളക്കളികളും മാറി. ഗവണ്‍മെന്റ് ഏജന്‍സികളില്‍ പോലും സമ്മര്‍ദം ചെലുത്തി ഹലാല്‍ ഭക്ഷണം നിര്‍ബന്ധമാക്കി വരികയാണെന്നാണ് ആരോപണം. അതുവഴി ഇസ്ലാമില്‍ വിശ്വസിക്കാത്തവരെല്ലാം ഇസ്ലാമിക ഭക്ഷണം മാത്രമേ കഴിക്കാവൂ എന്ന സാഹചര്യം സൃഷ്ടിക്കുകയുമാണ്.
കേരള വിപണിയിലും ഹലാല്‍ ഉല്‍പന്നങ്ങള്‍ പിടിമുറുക്കിത്തുടങ്ങി. ഹലാല്‍ ഉല്‍പന്നങ്ങള്‍ തേടി കൂടുതല്‍ പേര്‍ എത്തുന്നു എന്ന ന്യായം പറഞ്ഞ് ഇവയുടെ വില്‍പനയിലേക്കു തിരിഞ്ഞിരിക്കുകയാണ് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മിക്കതും. ഇസ്ലാമിക സമൂഹം മാത്രമാണ് ഹലാല്‍ ഉല്‍പന്നങ്ങള്‍ക്കു മഹത്വം കല്‍പിക്കുന്നത്. ഇതാകട്ടെ, അടുത്ത കാലത്ത് ആരംഭിച്ചതാണു താനും. അതേസമയം, ഇസ്ലാം മതം പിന്‍തുടരാത്തവരൊന്നും തന്നെ ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് ഹലാല്‍ ആണോ അല്ലയോ എന്ന് നോക്കിയല്ല എന്നതിനാല്‍ ഫലത്തില്‍ ലോകത്ത് എല്ലാവരിലേക്കും ഹലാല്‍ ഉല്‍പന്നങ്ങള്‍ അടിച്ചേല്‍പിക്കപ്പെടുകയാണ്.
ക്രമേണയായിരുന്നു ഭക്ഷ്യോല്‍പന്നങ്ങളിലേക്കുള്ള ഹലാല്‍ മാര്‍ക്കിന്റെ തന്ത്രപരമായ കടന്നുകയറ്റം. ഇറച്ചിയില്‍നിന്നായിരുന്നു തുടക്കമെന്ന് പറയാം. പതുക്കെ കൂടുതല്‍ ഉല്‍പന്നങ്ങളിലേക്കു വളര്‍ത്തി. ഇപ്പോള്‍ ഭക്ഷ്യ മേഖലയും കടന്ന് കോസ്‌മെറ്റിക്‌സ് പോലെ പല രംഗങ്ങളിലേക്കും ഹലാല്‍ സാക്ഷ്യപ്പെടുത്തല്‍ എത്തിക്കഴിഞ്ഞു.
ഉല്‍പന്നങ്ങളുടെ മേന്‍മ ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ നിയമം, സര്‍ക്കാരിന്റെ ലൈസന്‍സിങ്, അഗ്മാര്‍ക്കും ബി.ഐ.എസ്സും പോലുള്ള അംഗീകാരങ്ങള്‍ തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങളുണ്ട്. ഇവയെ നോക്കുകുത്തിയാക്കി സമാന്തരമായി തഴച്ചുവളരുകയാണ് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ സംവിധാനങ്ങള്‍. ചെന്നൈയില്‍ ഓഫീസുള്ള ഹലാല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് കേരളത്തില്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഒരു പ്രധാന സംഘം. ലക്ഷങ്ങള്‍ വരെ ഈടാക്കിയാണ് ഇവര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. അപേക്ഷകരുടെ ഫാക്ടറികളും വില്‍പനശാലകളും പരിശോധിച്ച ശേഷമാണ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുക. ജീവനക്കാര്‍ക്ക് നമസ്‌കാരത്തിനു സൗകര്യമുണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെയാണ് പലപ്പോഴും ഗൗരവത്തോടെ പരിശോധിക്കപ്പെടുന്നത്.
ഹലാലിനു വരുന്ന അധികച്ചെലവ് ഫലത്തില്‍ സാധാരണക്കാരുടെ മേല്‍ കെട്ടിവെക്കപ്പെടുകയാണ്. ഉല്‍പന്നങ്ങള്‍ ഹലാലാക്കാന്‍ മുടക്കേണ്ടിവരുന്ന തുക കൂടി ഉല്‍പന്ന വിലയായി ഉപഭോക്താവില്‍നിന്ന് ഈടാക്കുക മാത്രമാണു വ്യാപാരികള്‍ക്കു മുന്നിലുള്ള പോംവഴി.
ഹലാല്‍ സംവിധാനത്തിനു പിന്നില്‍ വാണിജ്യ, വ്യവസായ മേഖലകള്‍ ഒരു മതവിഭാഗത്തിന്റെ കൈപ്പിടിയില്‍ ഒതുക്കുക എന്ന ഗൂഢ തന്ത്രമുണ്ടെന്നു വ്യക്തമാണ്. ഹലാല്‍ ഉല്‍പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാന്‍ വ്യവസായികളും കച്ചവടക്കാരും നിര്‍ബന്ധിതരാകുന്നു. ഹലാല്‍ എന്ന ആശയം മതപരമാണെന്നും മതപരമായ പിടിച്ചടക്കലാണെന്നും കൃത്യമായ ബോധ്യം പുലര്‍ത്തുന്നവരും ഹലാലിനു വഴങ്ങേണ്ടിവരുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്കു കയറ്റി അയക്കുമ്പോള്‍ പലപ്പോഴും ഹലാല്‍ ലേബല്‍ നിര്‍ബന്ധമാണ്.
ഇസ്ലാമിക രീതിയില്‍ അറക്കപ്പെട്ട മൃഗങ്ങളുടെ ഇറച്ചി മാത്രമാണ് ഹലാലായി പരിഗണിക്കപ്പെടുക. ഇത് അന്യമതസ്ഥര്‍ നടത്തിവരുന്ന ഇറച്ചിക്കച്ചവടത്തിനു വന്‍ തിരിച്ചടിയാവുന്നു. പന്നിയിറച്ചി പോലുള്ള പോഷകഗുണമേറിയ ഇറച്ചി ഉല്‍പന്നങ്ങള്‍ മനുഷ്യര്‍ക്കാകെ ലഭ്യമല്ലാതാകുന്ന സാഹചര്യം ഉരുത്തിരിയാന്‍ ഇടയാക്കുകയും ചെയ്യുന്നു.
.

Back to Top