News

ക്ഷേത്രങ്ങള്‍ക്കു കൈത്താങ്ങുമായി ക്ഷേത്രസംരക്ഷണ സമിതി

കോഴിക്കോട്: പ്രതിസന്ധി നേരിടുന്ന ക്ഷേത്രങ്ങളെ സംരക്ഷിക്കുന്നതിനായി കേരള ക്ഷേത്ര സംരക്ഷണ സമിതി ക്ഷേത്രഭദ്രതാ പദ്ധതി 2020നു തുടക്കമിട്ടു. ഇതോടൊപ്പം ദേവനൊരു കിഴി പദ്ധതിയും ആരംഭിച്ചു. ക്ഷേത്രഭദ്രതാ പദ്ധതിയുടെ ഉദ്ഘാടനം മിസോറാം ഗവര്‍ണര്‍ അഡ്വ. പി.എസ്.ശ്രീധരന്‍ പിള്ളയും ദേവനൊരു കിഴി പദ്ധതിയുടെ ഉദ്ഘാടനം കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരിയും നിര്‍വഹിച്ചു. പി.മാധവ്ജി അനുസ്മരണവും ഇതൊടൊപ്പം നടന്നു. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ പ്രഫ. പി.സി.കൃഷ്ണവര്‍മരാജ അധ്യക്ഷത വഹിച്ചു.
ക്ഷേത്രങ്ങള്‍ സംരക്ഷിക്കുന്നതിനായി മാധവ്ജിയും കേളപ്പജിയും നടത്തിയ ശ്രമങ്ങള്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാമെന്ന ചിന്തയുണ്ടാവണമെന്ന് സ്വാമി ചിദാനന്ദ പുരി പറഞ്ഞു. ലോക്ഡൗണ്‍ ഇളവുകള്‍ പിന്‍വലിച്ചു ക്ഷേത്രങ്ങള്‍ തുറക്കാന്‍ ദേവസ്വം ബോര്‍ഡുകള്‍ തീരുമാനിച്ചത് ഏകപക്ഷീയമായാണെന്ന് അദ്ദേഹം ആരോപിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരും തന്ത്രിമാരുടെ ഒരു പ്രതിനിധിയും ശിവഗിരിയിലെ സ്വാമി സാന്ദ്രാനന്ദയും മാത്രമാണു ക്ഷേത്രങ്ങള്‍ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലേക്കു ക്ഷണിക്കപ്പെട്ടത്. ക്ഷേത്രാചാരങ്ങളെ കുറിച്ച് അറിയുന്ന തന്ത്രിവര്യന്‍മാരെയും ക്ഷേത്രവിശ്വാസികളെയും അകറ്റിനിര്‍ത്തുകയാണ് ഉണ്ടായത്. അധികാര കേന്ദ്രങ്ങളില്‍നിന്ന് ഉണ്ടാകുന്ന അവഗണന വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നത് സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍നിന്നു ക്ഷേത്രങ്ങള്‍ വിമുക്തമാക്കപ്പെടേണ്ടതിന്റെ ആവശ്യകതയാണെന്നും സ്വാമി ചിദാനന്ദ പുരി വ്യക്തമാക്കി.
ശാസ്ത്രം അധീശത്വം നേടിയ കാലമാണെങ്കിലും കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള വഴികാട്ടാന്‍ ശാസ്ത്രത്തിനു സാധിക്കുന്നില്ലെന്ന് അഡ്വ. പി.എസ്.ശ്രീധരന്‍ പിള്ള ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. അതേസമയം, വെല്ലുവിൡളെ നേരിടുന്നതിനുള്ള കരുത്ത് ഭാരതത്തിനുണ്ട്. പ്രതിസന്ധി നിറഞ്ഞ ഈ നാളുകളില്‍ ഭാരതത്തെ ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണെന്നു ലോകാരോഗ്യ സംഘടനാ തലവന്‍ അടുത്തിടെ പറഞ്ഞിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, മാധവ്ജിയെ അനുസ്മരിച്ചു. എതിര്‍പ്പുകളെ അതിജീവിച്ച് സംഘടനയിലേക്കും സംഘാടനത്തിലേക്കും കടന്നെത്തിയ വ്യക്തിത്വമാണ് മാധവ്ജിയെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാധവ് ജി നേതൃത്വം നല്‍കി. നവോത്ഥാന നായകന്‍ കൂടിയാണ് അദ്ദേഹമെന്ന് ഗോപാലന്‍ കുട്ടി മാസ്റ്റര്‍ പറഞ്ഞു.
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സംഘടനാ കാര്യദര്‍ശി ടി.യു.മോഹനന്‍, സമിതി സംസ്ഥാന ട്രഷറര്‍ ഇ.കുഞ്ഞിരാമന്‍ നായര്‍, സംസ്ഥാന ക്ഷേത്രശക്തി പ്രമഖ കെ.ജയചന്ദ്രന്‍, മാതൃസമിതി സംസ്ഥാന ട്രഷറര്‍ രുഗ്മിണി കരുണാകരന്‍, സമിതി ജില്ലാ പ്രസിഡന്റ് കെ.വി.രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
.

Back to Top