News

ആനയെ കൊന്നതു വിളിച്ചുപറഞ്ഞതിന് ബി.ജെ.പിക്കെതിരെ

മലപ്പുറം: കാട്ടാനയുടെ ദാരുണമായ അന്ത്യം പുറത്തുവന്നതില്‍ സംസ്ഥാന സര്‍ക്കാരിനും സി.പി.ഐ.എമ്മിനും ബി.ജെ.പി. വൃത്തങ്ങളോട് അമര്‍ഷം. പറഞ്ഞതെല്ലാം മാറ്റിപ്പറഞ്ഞുകൊണ്ടിരിക്കുന്ന മാധ്യമങ്ങളാകട്ടെ സംഘപരിവാറിനെതിരെ കൊടിപിടിക്കുകയാണ്.
വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് പിടിയാന കൊല്ലപ്പെടാനിടയായ ദുഃഖകരമായ വിശദാംശങ്ങള്‍ പുറത്തറിഞ്ഞത്. എന്നാല്‍, അതു ഗൗരവമേറിയ വാര്‍ത്തയായി കേരളത്തിലെ മാധ്യമങ്ങള്‍ക്കു തോന്നിയില്ല. ബി.ജെ.പി. നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മനേക ഗാന്ധി ഇടപെട്ടതോടെയാണ് സംഭവം ലോകശ്രദ്ധ പിടിച്ചുപറ്റിയത്. മൃഗസ്‌നേഹിയായ അവര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ പ്രതികരിച്ചത് കേരളത്തിലെ വനംവകുപ്പിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ്. ക്ഷേത്രങ്ങളില്‍ ഉള്‍പ്പെടെയായി അറുനൂറോളം ആനകള്‍ ചെരിഞ്ഞു എന്നും നടപടിയുണ്ടായില്ല എന്നുമാണ് ട്വീറ്റിന്റെ തുടക്കം. ഇക്കാര്യം വിശദീകരിച്ച ശേഷമാണ് മലപ്പുറത്തിന്റെ കാര്യം പരാമര്‍ശിച്ചത്. മലപ്പുറത്തു കുറ്റകൃത്യങ്ങള്‍ കൂടുതലാണെന്നും മൃഗങ്ങള്‍ക്കു നേരെ വിശേഷിച്ചും കൂടുതലാണെന്നും തുടര്‍ന്നു പറഞ്ഞു.. വന്യമൃഗങ്ങളെ കൊല്ലുന്ന ഒരാള്‍ക്കെതിരെയും നടപടി ഉണ്ടാകുന്നില്ല എന്നു വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന വനംമന്ത്രിയോടും ഉദ്യോഗസ്ഥരോടും പരാതിപ്പെടൂ എന്നു പറയാനേ എനിക്കു കഴിയൂ എന്നു പറഞ്ഞശേഷം വനംമന്ത്രി കെ.രാജു, ഡോ. ആശ തോമസ് ഐ.എ.എസ്., പി.കെ.കേശവന്‍ ഐ.എഫ്.എസ്. എന്നിവരുടെ ഫോണ്‍ നമ്പറുകളും ഇ-മെയ്ല്‍ ഐ.ഡികളും നല്‍കുകയും ചെയ്തു.
എന്നാല്‍, ബി.ജെ.പി. നേതാവ് മനേക ഗാന്ധി മലപ്പുറത്തെ കുറിച്ചു മോശം പരാമര്‍ശം നടത്തി എന്ന രീതിയിലായി മാധ്യമങ്ങളുടെ പോക്ക്. ചാനല്‍ചര്‍ച്ചകള്‍ക്കു പോലും ഈ വിഷയം തെരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പി. സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഈ വിഷയത്തില്‍ പോസ്റ്റിട്ടപ്പോള്‍ മലപ്പുറം എന്ന് ഹാഷ്ടാഗ് ചെയ്തതായി മാധ്യമങ്ങള്‍ കണ്ടെത്തിയ മറ്റൊരു വീഴ്ച. മാധ്യമങ്ങള്‍ തന്നെയാണു സംഭവം മലപ്പുറത്താണു നടന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തതെന്ന് സന്ദീപ് പ്രതികരിച്ചു. ഇടതുപക്ഷ ചായ്‌വുള്ള ദേശീയ മാധ്യമമായ എന്‍ ഡി ടിവി, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് പുറത്തിറക്കുന്ന ഇക്കണോമിക് ടൈംസ്, മനോരമ ടിവിയും പത്രവും, മാതൃഭൂമി, 24 ന്യൂസ്, കൈരളി ടിവി എന്നിവയെല്ലാം ആന കൊല്ലപ്പെട്ടത് മലപ്പുറം ജില്ലയിലാണെന്ന് റിപ്പോര്‍ട്ട് ചെയ്തതായി വെളിപ്പെടുത്തുകയും ചെയ്തു.
തെറ്റു മനസ്സിലായി, ഇനി തിരുത്തുക്കൂടേ എന്നായി അപ്പോള്‍ സന്ദീപിനോടുള്ള ചോദ്യം. എന്‍ഡി ടിവി വാര്‍ത്തയുടെ ലിങ്കാണ് താന്‍ എഫ്.ബി. പോസ്റ്റിനൊപ്പം പങ്കുവെച്ചതെന്നും എന്‍ഡി ടിവി വാര്‍ത്തയിലുള്ളത് മലപ്പുറം എന്നാണെന്നും സന്ദീപ് വിശദീകരിച്ചു. എന്നാല്‍, പിന്നീട് എന്‍ ഡി ടിവി തിരുത്തി. അപ്പോഴും ചോദ്യമുയര്‍ന്നു, സന്ദീപ് വാര്യര്‍ എന്താണ് തിരുത്താത്തതെന്ന്. വാര്‍ത്തയില്‍ തിരുത്തല്‍ വരുത്തിയെങ്കിലും യു.ആര്‍.എല്ലില്‍ തിരുത്തല്‍ വരുത്താന്‍ എന്‍ഡി ടിവി തയ്യാറായിട്ടില്ലെന്ന് സന്ദീപ് മറുപടി നല്‍കി. ഇന്റര്‍നെറ്റില്‍ ട്രെന്‍ഡിങ് ആയതിനാലാവാം എന്‍ഡി ടിവി യു.ആര്‍.എല്ലില്‍ മലപ്പുറം നിലനിര്‍ത്തിയത്. ഇതില്‍ തെറ്റു കാണാത്ത മാധ്യമങ്ങള്‍ പക്ഷേ, മലപ്പുറം ഹാഷ്ടാഗിട്ട സന്ദീപ് വാര്യരുടെ നടപടി ശരിയല്ലെന്ന നിലപാടില്‍ തന്നെയാണ്.
ആന കൊല്ലപ്പെട്ട സംഭവം മനേക ഗാന്ധി അറിഞ്ഞതും എന്‍ഡി ടിവി പോലുള്ള മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് വഴിയാകാനാണ് സാധ്യത. അല്ലാതെ സ്വയം തോന്നി മലപ്പുറമെന്നു പരാമര്‍ശിക്കില്ലല്ലോ. ആന കൊല്ലപ്പെട്ടതു സംബന്ധിച്ച് ഇതേ രീതിയില്‍ മനേക പ്രതികരിച്ചതാകട്ടെ, ട്വീറ്റിലൂടെ മാത്രമല്ല. ഒന്നോ അതിലേറെയോ ടിവി ചാനലുകള്‍ക്കു നല്‍കിയ പ്രതികരണത്തിലും അവര്‍ മലപ്പുറത്തെ കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. ജൂണ്‍ മൂന്നിനാണ് മനേക ഗാന്ധി പ്രതികരിച്ചതെങ്കിലും ഏതാണ്ട് ജൂണ്‍ അഞ്ചു വരെ ആരും അവരെ എതിര്‍ത്തില്ല. ജൂണ്‍ നാലിന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് ആന ചെരിഞ്ഞത് പാലക്കാടാണെന്ന് ട്വീറ്റ് ചെയ്തത്. തൊട്ടുപിറകെ മലപ്പുറത്തെ കുറ്റപ്പെടുത്തുന്നേ എന്നു കാടിളക്കി ഇടതുപക്ഷ, ഇസ്ലാമിക സൈബര്‍ സംഘങ്ങള്‍ രംഗത്തെത്തി.
സംഘികള്‍ വിഷം ചീറ്റുന്നു എന്ന സ്ഥിരം ശ്രുതി മീട്ടിക്കൊണ്ട് കടുത്ത പ്രതികരണങ്ങളുടെ ഒഴുക്കായി. ഇത്രയുമായപ്പോഴേക്കും കഴിഞ്ഞ ദിവസം ആന കൊല്ലപ്പെട്ടത് മലപ്പുറത്താണെന്നു തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു ജനങ്ങള്‍ മറന്നുകാണുമെന്ന് ചാനലുകാര്‍ കണക്കാക്കി. ആന ചത്തത് പാലക്കാട്ടാണെന്നും മലപ്പുറത്താണെന്നു പ്രത്യേക ലക്ഷ്യംവെച്ചു സംഘപരിവാറുകാര്‍ പ്രചരിപ്പിക്കുകയാണെന്നും ആങ്കര്‍മാരും റിപ്പോര്‍ട്ടര്‍മാരും മാറിമാറി ഘോരഘോരം പ്രസംഗത്തിലാണ്. സംഘപരിവാറിനെതിരെ അടിക്കാന്‍ വടി കിട്ടിയ ആവേശത്തില്‍ ചാനല്‍ ചര്‍ച്ചകള്‍ക്കു വിഷയമാക്കുകയും ചെയ്തു. ചര്‍ച്ചകളില്‍ വസ്തുതകളും വാദവും നിലപാടും വിശദീകരിക്കാന്‍ ശ്രമിച്ച സംഘപരിവാറുകാരെയോ പ്രതിനിധികളെയോ സംസാരിക്കാന്‍ അനുവദിക്കാതെ അടിച്ചിരുത്തി.
സംഘപരിവാറുകാരുടേതായി ആരോപിക്കുന്ന വിഷംചീറ്റല്‍ ഭംഗിയായി തന്നെ ചില ആങ്കര്‍മാര്‍ നടത്തി. പലവുരു ആവര്‍ത്തിച്ചു നുണയാക്കിയെടുക്കുംമുന്‍പേ പക്ഷേ, ആന ചെരിയാനിടയായ സംഭവത്തില്‍ മലപ്പുറം സ്വദേശിയെ അറസ്റ്റ് ചെയ്തു. രണ്ടു സഹ കുറ്റവാളികളെ കൂടി പിടികൂടാനുണ്ടെന്ന വെളിപ്പെടുത്തലും ഉണ്ടായി. ചാനലുകള്‍ ഇതൊക്കെ പല രീതിയില്‍ പറയുന്നുണ്ട്. പിടിയിലായത് പാലക്കാട് ജില്ലയില്‍ തോട്ടംതൊഴിലാളിയായ മലപ്പുറംകാരന്‍ എന്നതു വരെ എത്തിയിട്ടുണ്ട്. ഇതില്‍ ഇനി എപ്പോള്‍ മാറ്റം വരും എന്നറിയില്ല. തെറ്റു പറയാനും തെറ്റു തിരുത്തുന്നതിനു പകരം പ്രേക്ഷകരെ പറ്റിച്ചു മാറ്റിപ്പറയാനുമൊക്കെയുള്ള മെയ്‌വഴക്കം കേരളത്തിലെ ദൃശ്യമാധ്യമ മേഖലയ്ക്കു വേണ്ടുവോളമുണ്ട്. ഏതായാലും ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അറസ്റ്റിലായത് മലപ്പുറം സ്വദേശിയാണെന്നതിനാല്‍ അടുത്ത വിദ്വേഷ പോസ്റ്റിനുള്ള തയ്യാറെടുപ്പിലാണോ എന്നു വ്യക്തമല്ല; ഇടത്, ഇസ്ലാമിക തീവ്രവാദ സൈബര്‍ സംഘങ്ങള്‍ ഈ ഘട്ടത്തില്‍ മൗനത്തിലാണ്.
മനേക ഗാന്ധിക്കും ബി.ജെ.പിക്കും മലപ്പുറത്തോട് എന്താണിത്ര വെറുപ്പ്, ആ വെറുപ്പ് വെച്ചല്ലേ ആന ചത്തതു വിവാദമാക്കാന്‍ ശ്രമിക്കുന്നത് എന്നതാണ് ഉയര്‍ത്തുന്ന ചോദ്യം. ഇതില്‍നിന്നു മനസ്സിലാക്കേണ്ടത് മനേക ഗാന്ധിക്കും ബി.ജെ.പിക്കും മലപ്പുറത്തോടുള്ള താല്‍പര്യങ്ങള്‍ പലതാണെന്ന് കേരളത്തിലെ രാഷ്ട്രീയം മാത്രം വിഷയമാകുന്നവര്‍ക്കു ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല എന്നാണ്. എ.ഐ.സി.സി. പ്രസിഡന്റായിരിക്കെ രാഹുല്‍ ഗാന്ധി മല്‍സരിക്കാന്‍ തെരഞ്ഞെടുത്ത മണ്ഡലം വയനാടാണ്. ഈ മണ്ഡലമാകട്ടെ മലപ്പുറം ജില്ലയിലും വ്യാപിച്ചുകിടക്കുന്നു. ജയസാധ്യതയുള്ള മണ്ഡലം വടക്കന്‍ സംസ്ഥാനങ്ങളിലെങ്ങും ഇല്ലെന്ന ഭീതിയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം രാഹുല്‍ ഗാന്ധിക്കായി വയനാട് തെരഞ്ഞെടുക്കുകയായിരുന്നല്ലോ. തുടര്‍ന്നു തെരഞ്ഞെടുപ്പു കാലത്താകട്ടെ, വര്‍ഗീയ ചിന്തകള്‍ അഴിച്ചുവിടുന്ന പ്രചരണ കാര്‍ഡുകള്‍ ഇറക്കുകയും ചെയ്തിരുന്നു. സ്ഥാനം രാജി വച്ചെങ്കിലും ഇപ്പോഴും എ.ഐ.സി.സി. പ്രസിഡന്റിനു സമം വാഴുന്ന കോണ്‍ഗ്രസ് നേതാവാല്ലേ രാഹുല്‍? അതു തന്നെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വയനാട് മണ്ഡലം ഉള്‍പ്പെടുന്ന മലപ്പുറത്തോട് ബി.ജെ.പി. ദേശീയ നേതൃത്വത്തിനുള്ള പ്രത്യേക താല്‍പര്യത്തിനുള്ള കാരണവും. മനേക ഗാന്ധിയുടെ ട്വീറ്റില്‍ വിഷംചീറ്റലൊന്നും ഉണ്ടായിട്ടില്ല. കണ്ടവര്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ അത് അത്തരക്കാരുടെ ദൃഷ്ടിദോഷം.
മറ്റു സമകാലിക വിഷയങ്ങളിലൊന്നും ഇല്ലാത്ത താല്‍പര്യത്തോടും ആവേശത്തോടുംകൂടിയാണ് സി.പി.ഐ.(എം) നേതാക്കള്‍ ആന കൊല്ലപ്പെട്ട സംഭവത്തില്‍ ഇടപെടുന്നത്. ഗര്‍ഭിണിയായ പിടിയാനയ്ക്കും കേരളത്തില്‍ രക്ഷയില്ല എന്നതു പുറംലോകം അറിയുന്നതു സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു കൂടുതല്‍ മങ്ങലേല്‍പിക്കും എന്ന ആശങ്കയാവാം കാരണം. ആന ദാരുണമായി കൊല്ലപ്പെടാന്‍ ഇടയായതില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍ സംഘപരിവാറില്‍ ഒരു ശത്രുവിനെ കണ്ടെത്തുകയായിരുന്നു എന്നു വേണം കരുതാന്‍. സംഘപരിവാറിനെ കുറിച്ചാകുമ്പോള്‍ എന്തും വിശ്വസിച്ചുകൊള്ളുമെന്ന മാനസികാവസ്ഥയിലേക്ക് അണികളെ എത്തിച്ചിട്ടുള്ളതിനാല്‍ കാര്യങ്ങള്‍ എളുപ്പമാവും എന്നു കണക്കുകൂട്ടുകയും ചെയ്തുകാണാം. ആ ചീട്ടുകൊട്ടാരമാണു വസ്തുതകള്‍ പുറത്തുവന്നു തുടങ്ങിയതോടെ തകര്‍ന്നുവീഴുന്നത്.
.

Back to Top