News

ലോക്ഡൗണ്‍ പണലഭ്യതയില്‍ ഗണ്യമായ കുറവുണ്ടാക്കിയില്ല

മുംബൈ: ലോക്ഡൗണ്‍ രാജ്യത്തെ ഒരു വിഭാഗം ജനങ്ങളില്‍ വലിയ സാമ്പത്തിക പ്രത്യാഘാതം സൃഷ്ടിച്ചിട്ടില്ലെന്നു സൂചന. ബാങ്ക് വായ്പകളുടെ തിരിച്ചടവാണ് ഇതു വ്യക്തമാക്കുന്നത്. ജനങ്ങള്‍ക്കു വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കാതെവരുമെന്ന സംശയം മുന്‍നിര്‍ത്തി പ്രഖ്യാപിച്ച വായ്പാ തിരിച്ചടവ് മൊറട്ടോറിയം അധികം പേര്‍ ഉപയോഗപ്പെടുത്തിയില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്നു വായ്പയെടുത്തവരില്‍ 20 ശതമാനം പേര്‍ മാത്രമേ മൊറട്ടോറിയം പ്രയോജനപ്പെടുത്തിയുള്ളൂ. വായ്പാ തിരിച്ചടവ് ഓര്‍മിപ്പിക്കാനായുള്ള ബാങ്കുകളുടെ കോള്‍ സെന്ററുകള്‍ ഏറെക്കുറെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. എങ്കിലും സ്റ്റേറ്റ് ബാങ്കില്‍ മൊറട്ടോറിയം ബാധകമായ വായ്പകളില്‍ 80 ശതമാനത്തിലും തിരിച്ചടവു മുടങ്ങിയിട്ടില്ലെന്നതു വ്യക്തമാക്കുന്നതു ജനങ്ങളുടെ പണലഭ്യതയില്‍ ഗണ്യമായ കുറവുണ്ടായിട്ടില്ല എന്നാണ്.
തിരിച്ചടയ്ക്കാന്‍ സാധിക്കുന്നവര്‍ മൊറട്ടോറിയം ആനുകൂല്യം ഉപയോഗപ്പെടുത്താതിരിക്കുന്നതാണു നല്ലതെന്ന് ബാങ്കിങ് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. പലിശയിനത്തില്‍ നഷ്ടം വര്‍ധിക്കുമെന്നതുകൊണ്ടാണു മുടക്കമില്ലാതെ വായ്പാ തിരിച്ചടവു തവണകള്‍ അടയ്ക്കാന്‍ നിര്‍ദേശിക്കുന്നത്. മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതോടെയാണ് മേയ് 31 വരെ വായ്പകള്‍ക്ക് ആദ്യഘട്ട മൊറട്ടോറിയം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഇതു മൂന്നു മാസത്തേക്കുകൂടി നീട്ടി. ഇതോടെ ഓഗസ്റ്റ് 31 വരെ തവണകള്‍ തിരിച്ചടയ്‌ക്കേണ്ട ബാധ്യത ഒഴിഞ്ഞുകിട്ടും. ഇതു ജോലി നഷ്ടപ്പെട്ടതിനാലോ അല്ലാത്ത കാരണങ്ങളാലോ വരുമാനം നഷ്ടമായവര്‍ക്ക് എന്നപോലെ പോലെ വായ്പയെടുത്ത സംരംഭങ്ങള്‍ക്കും കമ്പനികള്‍ക്കുമൊക്കെ സഹായകമാകും. മൂന്നു തവണ തിരിച്ചടവു മുടങ്ങിയാല്‍ സാധാരണ സാഹചര്യത്തില്‍ അത്തരം വായ്പകള്‍ നിഷ്‌ക്രിയ ആസ്തി ആയി പരിഗണിക്കപ്പെടും. എന്നാല്‍, മൊറട്ടോറിയം ഇളവു നിലനില്‍ക്കുന്നതില്‍ ഇപ്പോള്‍ അതുണ്ടാവില്ല.
.

Back to Top