News

സംസ്ഥാന സര്‍ക്കാരിനു വേണ്ട; പട്ടികജാതിക്കാരനായ വി.സിയെ

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യമില്ലായ്മ പട്ടികജാതി വിഭാഗത്തില്‍ പെട്ട അപേക്ഷകന്‍ വൈസ് ചാന്‍സലറാകുന്നതിനു തിരിച്ചടിയാകുമെന്ന് ആശങ്ക. നിയമനം സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം നീളുകയുമാണ്. ഗവര്‍ണറാണു നിയമനം നടത്തേണ്ടത് എന്നിരിക്കെ, രാഷ്ട്രീയ തര്‍ക്കത്തിനു കളമൊരുങ്ങുകയാണോ എന്ന സംശയവും നിലനില്‍ക്കുന്നു. 
അഭിപ്രായ ഭിന്നതകള്‍ നിലനിന്നതുകൊണ്ടാവാം, വി.സി. നിയമനത്തിനുള്ള അഭിമുഖം വൈകിയിരുന്നു. ഒടുക്കം 18നു നടന്ന അഭിമുഖത്തില്‍ ആറു പേര്‍ പങ്കെടുത്തു. സെര്‍ച്ച് കമ്മിറ്റി അംഗങ്ങളായ യു.ജി.സി. പ്രതിനിധി, ജെ.എന്‍.യു. വൈസ് ചാന്‍സലര്‍ എം.ജഗദീഷ് കുമാര്‍, ചീഫ് സെക്രട്ടറി ടോം ജോസ്, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ.രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് അഭിമുഖം നടത്തിയത്. 
തുടര്‍ന്ന് ടോം ജോസും വി.കെ.രാമചന്ദ്രനും കെ.എം. സീതിയെ നിര്‍ദേശിച്ചു. ജഗദീഷ് കുമാര്‍ സി.എ.ജയപ്രകാശിനെയും നിര്‍ദേശിച്ചു. എം.ജി. സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് ഡയറക്ടറാണ് കെ.എം.സീതി. തിരുവനന്തപുരത്തെ സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായ ജയപ്രകാശ് പട്ടികജാതിക്കാരനാണ്. സെര്‍ച്ച് കമ്മിറ്റിക്കു പൊതുവായ പേരിലേക്ക് എത്തിച്ചേരാന്‍ സാധിക്കാഞ്ഞതിനാല്‍ നിയമനത്തിനായി സര്‍ക്കാര്‍ രണ്ടു പേരുകളും ഗവര്‍ണര്‍ക്ക് അയച്ചു. തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. സാമുദായിക സന്തുലനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് കെ.എം.സീതിക്കു നിയമനം നല്‍കണമെന്ന് അഭ്യര്‍ഥിച്ചതായാണു സൂചന. 
അതേസമയം, ബി.ജെ.പിയും ആര്‍.എസ്.എസ്സും ജയപ്രകാശിനെ പിന്‍തുണയ്ക്കുന്നുണ്ട്. മുന്‍ ഗവര്‍ണര്‍മാരില്‍നിന്നു വ്യത്യസ്തമായി സംസ്ഥാന സര്‍ക്കാരിന്റെ ഇംഗിതത്തിനു വഴങ്ങാന്‍ തയ്യാറാകാതിരുന്നിട്ടുള്ള ഗവര്‍ണറാണ് ആരിഫ് മുഹമ്മദ് ഖാന്‍. അതുകൊണ്ടുതന്നെ, അദ്ദേഹം ആരുടെ നിയമന ഉത്തരവിലായിരിക്കും ഒപ്പുവെക്കുകയെന്ന് ഊഹിക്കാന്‍ സാധ്യവുമല്ല. 
 
.

Back to Top