News

ലാ ഇലാഹ ഇല്ലല്ലാഹ് സി.എ.എ. സമരത്തില്‍ രാഷ്ട്രീയ മുദ്രാവാക്യമാക്കി: ഹമീദ് ചേന്ദമംഗലൂര്‍

കോഴിക്കോട്ഛ സി.എ.എയ്‌ക്കെതിരെ നടന്നുവന്നിരുന്ന സമരത്തില്‍ ലാ ഇലാഹാ ഇല്ലല്ലാഹ് എന്ന മുദ്രാവാക്യം ഉയര്‍ത്തിയത് ജമാ അത്തെ ഇസ്ലാമിയെന്നും ലക്ഷ്യം ഇന്ത്യയില്‍ ഇസ്ലാമിക ഭരണ വ്യവസ്ഥ സ്ഥാപിക്കലെന്നും പ്രൊഫ. ഹമീദ് ചേന്നമംഗലൂര്‍. ലാ ഇലാഹ ഇല്ലല്ലാഹ് വെറുമൊരു ആത്മീയ മുദ്രാവാക്യമല്ല. അത് കരുത്തുറ്റ രാഷ്ട്രീയ മുദ്രാവാക്യമാണ്. 'ജയ് ശ്രീറാം' എന്നോ 'ക്രിസ്തുദേവന്‍ ജയിക്കട്ടെ ക്രിസ്തുരാജ്യം പിറക്കട്ടെ' എന്നോ ഉള്ള മുദ്രാവാക്യങ്ങള്‍ മതനിരപേക്ഷ രാഷ്ട്രീയ സമരങ്ങളില്‍ എത്രത്തോളം അനഭിലഷണീയമാണോ അത്രത്തോളം അനഭിലഷണീയമാണ് ലാ ഇലാഹ ഇല്ലല്ലാഹുമെന്ന് പ്രൊഫസര്‍ ഹമീദ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
സമരത്തില്‍ ലാ ഇലാഹ് ഇല്ലല്ലാഹ് മുദ്രാവാക്യം മുഴക്കിയതും അതിനെ ന്യായീകരിച്ചതും ഇസ്ലാം മതത്തിന്റെ മൗദൂദിയന്‍ വ്യാഖ്യാനം പിന്‍തുടരുന്നവരാണ്. അല്ലാഹുവിനെ ആത്മീയ തലത്തില്‍നിന്നു ഭൗതിക തലത്തിലേക്ക് ഇറക്കിക്കൊണ്ടുവന്ന വ്യക്തിയാണ് ജമാഅത്ത് ഗുരുവായ മൗദൂദി. അല്ലാഹു അഥവാ റബ്ബ് ആധ്യാത്മിക ലോകത്തിന്റെ മാത്രമല്ല, രാഷ്ട്രീയം ഉള്‍പ്പെടുന്ന ഭൗതിക ലോകത്തിന്റെകൂടി പരമാധികാരിയും നിയമനിര്‍മാതാവുമാണ്. മുസ്ലിംകള്‍ നമസ്‌കാരം, വ്രതം, ഹജ്ജ് തുടങ്ങിയ അനുഷ്ഠാനങ്ങളില്‍ മുഴുകിയാല്‍ മാത്രം പോരാ, മറിച്ച് ഇസ്ലാമിക നിയമവ്യവസ്ഥയായ ശരീ അത്തില്‍ അധിഷ്ഠിതമായ രാഷ്ട്രം അഥവാ സ്‌റ്റേറ്റ് സ്ഥാപിക്കുകയും ഇസ്ലാമികമല്ലാത്ത രാഷ്ട്രീയ വ്യവസ്ഥ തകര്‍ത്തെറിയുകയും ചെയ്യേണ്ടതുണ്ട്. ഇതാണ് മൗദൂദിയന്‍ വ്യാഖ്യാനമെന്നിരിക്കെ, ജമാ അത്തെ ഇസ്ലാമിക്കാര്‍ക്ക് ലാ ഇലാഹ ഇല്ലല്ലാഹ് വെറുമൊരു ആത്മീയ മുദ്രാവാക്യമല്ല. രാഷ്ട്രീയ മുദ്രാവാക്യമാണ്. ഇന്ത്യയില്‍ ഉള്‍പ്പെടെ ഇസ്ലാമിക ഭരണ വ്യവസ്ഥ വേണമെന്ന് കരുതുന്നവര്‍ വര്‍ഗീയ വാദികള്‍ മാത്രമല്ല, ഫാസിറ്റുകള്‍ കൂടിയാണെന്നും പ്രൊഫ. ഹമീദ് ചേന്നമംഗലൂര്‍ ആരോപിച്ചു. പണ്ട് സിമിക്കാര്‍ വിളിച്ച ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യത്തെ ഓര്‍മിപ്പിക്കുന്നു ഇപ്പോഴത്തെ മൗദൂദി അനുകൂലികളുടെ ലാ ഇലാഹ ഇല്ലല്ലാഹ് മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു.
സി.എ.എ. വിരുദ്ധ സമരത്തില്‍ അണിനിരന്ന മറ്റു മതസ്ഥരെ ജമാ അത്തെ ഇസ്ലാമി വഞ്ചിച്ചതായും പോസ്റ്റില്‍ ആരോപിച്ചിട്ടുണ്ട്. മുസ്ലിംകള്‍ക്കു തങ്ങളെ തന്നെ തിരിച്ചറിയാനാണ് ലാ ഇലാഹ ഇല്ലല്ലാഹ് വിളിച്ചതെന്ന് ഇസ്ലാമിക മതമൗലിക വാദികള്‍ പറയുന്നുണ്ട്. എന്നാല്‍, ഹിന്ദുക്കള്‍ അടക്കമുള്ള അമുസ്ലീങ്ങളുടെയെന്നപോലെ ഇന്ത്യയിലെ മുസ്ലിംകളുടെയും പ്രാഥമികവും പരമപ്രധാനവുമായ സ്വത്വം ഭാരതീയന്‍ എന്നതാണെന്ന് പ്രൊഫ. ഹമീദ് വ്യക്തമാക്കി. സി.എ.എ. വിരുദ്ധ സമരത്തില്‍ ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍ തുടങ്ങിയ മതാത്മക മുദ്രാവാക്യങ്ങള്‍ മുഴക്കരുതെന്നു ചൂണ്ടിക്കാട്ടിയതിന് ശശി തരൂര്‍ എം.പി. എതിര്‍പ്പു നേരിടേണ്ടിവന്നത് പോസ്റ്റില്‍ അനുസ്മരിച്ചിട്ടുണ്ട്. തരൂരിന്റെ പ്രസ്താവന പുറത്തുവന്ന ഉടന്‍ തന്നെ അദ്ദേഹം മുസ്ലീം വിരുദ്ധനായി ചിത്രീകരിക്കപ്പെട്ടു. ജമാഅത്തെ ഇസ്ലാമിക്കാര്‍ ജാമിയ മില്ലിയയില്‍ തരൂരിനെതിരെ ആക്രാമക ശൈലിയില്‍ പ്രതിഷേധം നടത്തുകയും ചെയ്തുവെന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
.

Back to Top