News

കോവിഡ് 19 കാരറ്റ് സ്വര്‍ണശോഭ

കോഴിക്കോട്: കാണാനെത്തുന്നവരെയെല്ലാം കൊതിപ്പിച്ച്, എന്നാല്‍ ഒന്നു തൊട്ടുനോക്കാന്‍ പോലും സമ്മതിക്കാതെ ചില്ലലമാരകളില്‍ സ്വര്‍ണം. സ്വര്‍ണക്കടകള്‍ ലോക്ഡൗണായതോടെ ആരും കാണാനെത്താതെയായി. എങ്കിലും കനകകാന്തി വര്‍ധിച്ചതേയുള്ളൂ. കൊറോണ കാലത്തു പുറത്തിറങ്ങാനാവാതെ മനുഷ്യന്‍ വാതിലടച്ചിരുന്നപ്പോഴും സ്വര്‍ണം സ്വന്തം വിലയുയര്‍ത്തി; ഇന്ത്യന്‍ വിപണിയില്‍ ആറായിരത്തോളം രൂപ. 35,040 രൂപയാണ് ഇപ്പോഴത്തെ വില. ആഗോള വിപണിയിലാകട്ടെ, ഏഴു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിപ്പോള്‍ സ്വര്‍ണത്തിന്.
എങ്ങനെ വിലകൂടി എന്നു ചോദിക്കുന്നവരോട് സ്വര്‍ണത്തിന് ഇത്രയേ പറയാനുള്ളൂ: നിങ്ങള്‍ക്കു സുരക്ഷിത നിക്ഷേപമാണു ഞാന്‍. അതുകൊണ്ട് ഞാന്‍ സുരക്ഷിതനാണ്. വില ഉയര്‍ന്നുകൊണ്ടേയിരിക്കും. യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോള്‍, സാമ്പത്തിക മാന്ദ്യം വരുമ്പോള്‍, പണത്തിന്റെ മൂല്യം ഇടിയുമ്പോള്‍, അങ്ങനെ പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ എന്റെ വില ഉയര്‍ന്നിട്ടേ ഉള്ളൂ. ഇപ്പോഴത്തെ ആരോഗ്യ പ്രതിസന്ധിയിലും മറിച്ചുണ്ടായില്ല. ആഗോള സമ്പദ്‌വ്യവസ്ഥയിലെ അവ്യക്തതയും ഓഹരിവിപണിയിലെ ചാഞ്ചാട്ടവും സ്വര്‍ണത്തിന്റെ മാറ്റുകൂട്ടി. ഇന്ത്യയിലാകട്ടെ, ആഗോള പ്രശ്‌നങ്ങള്‍ക്കൊപ്പം രൂപയുടെ മൂല്യത്തകര്‍ച്ചയും സ്വര്‍ണത്തെ തുണച്ചു. ഇതിനൊക്കെ കാരണം മഹാമാരി ആയതിനാല്‍ പിന്നില്‍ താനാണെന്ന് കൊറോണ വൈറസിനോടു പറയുന്ന വിപണിവിദഗ്ധരും ഉണ്ട്. സ്വര്‍ണവില ഇനിയും കുതിച്ചുകയറുമെന്നാണു നിരീക്ഷിക്കപ്പെടുന്നത്. കൊറോണ വൈറസ് കീഴടക്കപ്പെടുകയോ നിക്ഷേപമുള്ളവര്‍ വില്‍ക്കാന്‍ തയ്യാറാവുകയോ വേണം സ്വര്‍ണം ഇനി പഴയ വിലയ്ക്കു കിട്ടാന്‍.
.

Back to Top