News

വ്യാജവാര്‍ത്ത: എന്‍ഡി ടിവിയെ ട്രോളി സോഷ്യല്‍ മീഡിയ

ന്യൂഡെല്‍ഹി: തൊഴിലാളികളുടെ ജീവിതം ദുരിതമയമാണെന്ന വിവരണത്തോടെ മുന്‍നിര ടിവി ചാനലായ എന്‍.ഡി. ടിവി പുറത്തുവിട്ടതു വ്യാജ വിഡിയോ ആണെന്ന് ആരോപണം. ഇതേ തുടര്‍ന്ന് ചാനലിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ എതിര്‍പ്പും ട്രോളുകളും വ്യാപകമായി. ഹരിയാനയിലെ കലനോറില്‍നിന്ന് യു.പിയിലെ സഹറാന്‍പൂരിലേക്കു നടന്നുപോകുന്ന തൊഴിലാളികള്‍ എന്ന വിവരണത്തോടെ പുറത്തുവിട്ട വിഡിയോ ആണു വിവാദം ക്ഷണിച്ചുവരുത്തിയത്. തൊഴിലാളികളെ അഭിനയിപ്പിച്ച് വിഡിയോ എടുത്തതാണ് എന്നാണ് ആരോപണം. വീഡിയോയുടെ തുടക്കത്തില്‍ തൊഴിലാളിയെ നിര്‍ബന്ധിച്ചു നടത്തിക്കുകയും ഷൂട്ട് ചെയ്യുന്നതിനുള്ള സൗകര്യത്തിനായി വീണ്ടും വീണ്ടും നടക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ടെന്നാണു വിമര്‍ശകരുടെ വാദം. വിവാദം കത്തിപ്പടര്‍ന്നതോടെ നിലപാടു മാറ്റിയിരിക്കുകയാണ് എന്‍ ഡി ടിവി. പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ നല്‍കിയ വീഡിയോ ആണ് പുറത്തുവിട്ടതെന്നാണ് ചാനല്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. കുടിയേറ്റ സമൂഹത്തിന്റെ ജീവിതവും പ്രധാനമാണ്, കോവിഡ് 19 മഹാവ്യാധി എന്നീ അര്‍ഥങ്ങള്‍ വരുന്ന ഹാഷ്ടാഗോടെയാണ് എന്‍.ഡി. ടിവി വിഡിയോ പങ്കുവെച്ചത്. പൊതുവെയും കോവിഡ് വിഷയത്തില്‍ പ്രത്യേകിച്ചും, വ്യാജ വാര്‍ത്തകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ വ്യാജവാര്‍ത്തകളുടെ ചുരുളഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ടു നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രധാന ചാനലുകളില്‍ ഒന്ന് തെറ്റിദ്ധരിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത് എന്നതു ശ്രദ്ധേയമാണ്. ലോക്ഡൗണില്‍ ഉഴലുന്ന അന്യ സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായി ഒന്നും ചെയ്യുന്നില്ല എന്നു വരുത്താന്‍ വീഡിയോ ഷൂട്ട് ചെയ്തു പ്രചരിപ്പിക്കുകയാണ് ചാനലെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനും തങ്ങളുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ക്കും എതിരെ എന്‍.ഡി.ടിവി ബോധപൂര്‍വം വാര്‍ത്തകള്‍ പടച്ചുവിടുന്നതായുള്ള ബി.ജെ.പിയുടെ പരാതിയും നിലനില്‍ക്കുന്നുണ്ട്.
.

Back to Top