News

സ്ത്രീസമരം: കടുത്ത എതിര്‍പ്പുമായി സമസ്ത

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തിവരുന്ന സമരങ്ങളെ കുറിച്ച് ഇസ്ലാമിക സംഘടനകള്‍ക്കിടയിലുള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നു. പ്രബല വിഭാഗമായ സമസ്തയിലെ മുതിര്‍ന്ന മതാധ്യാപകനും പ്രഭാഷകനുമായ റഹ്മത്തുല്ല ഖാസിമി സ്ത്രീകളെ സമരത്തില്‍ പങ്കെടുപ്പിക്കുന്നതിനെ എതിര്‍ത്തും പരിഹസിച്ചും രംഗത്തെത്തി. ബാങ്ക് വിളിക്കാന്‍ പോലും അധികാരമില്ലാത്ത സ്ത്രീകള്‍ നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതെങ്ങനെ എന്ന ചോദ്യം അദ്ദേഹം ഉയര്‍ത്തി. സ്ത്രീകളെ സമരമുഖത്തേക്കു നയിക്കുന്നതു വഹാബികളാണെന്നും അവര്‍ക്കു ഗൂഢലക്ഷ്യമുണ്ടെന്നും അതു നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കുന്ന പ്രഭാഷണത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചുതുടങ്ങി.
ശക്തമായ ഭാഷയിലാണ് റഹ്മത്തുല്ല ഖാസിമിയുടെ പ്രതികരണം.
പ്രഭാഷണത്തിലെ ചില ഭാഗങ്ങള്‍: കറുത്ത കുപ്പായമിട്ട് പോത്തിനെ പോലെയുള്ള സ്ത്രീകളുടെ പ്രകടനം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുകിടക്കുകയാണ്. ഈ ആഭാസം അന്യസമുദായക്കാര്‍ കാണില്ലേ? മനുഷ്യന്‍മാര്‍ കാണില്ലേ? അയ്യയ്യേ, വൃത്തികേട്!
പെണ്ണുങ്ങള്‍ ജാഥ വിളിച്ചുനടക്കാന്‍ പാടില്ല. മുസ്ലീം സമൂദായം ഒരുമിച്ചുനില്‍ക്കുകയാണെന്നു വിചാരിച്ച് ചിലര്‍ അങ്ങനെ ചെയ്യുകയാണ്. തങ്ങളുട നയം നടപ്പാക്കാന്‍ വഹാബികള്‍ ശ്രമിക്കുകയാണ്. മുദ്രാവാക്യം വിളിക്കുന്ന പെണ്ണുങ്ങളൊക്കെ എവളാ? സ്ത്രീകള്‍ വീട്ടിലിരിക്കുകയും കുട്ടികളെ വളര്‍ത്തുകയും ചെയ്താല്‍ മതി. വീടു സംരക്ഷിക്കുകയാണ് ഉത്തരവാദിത്തം. മര്യാദ വിട്ടാല്‍ വിവരമറിയും. പണിതീര്‍ക്കാന്‍ അല്‍പനേരം മതിയാകും. പെണ്ണുങ്ങള്‍ മുദ്രാവാക്യം വിളിച്ചുനടക്കുന്നത് മുസ്ലീമിനു പറ്റിയ പണിയില്ല.
ബാങ്ക് വിളി പെണ്ണുങ്ങള്‍ക്കില്ലല്ലോ. പടച്ചോന്‍ തന്നിട്ടില്ലല്ലോ. പിന്നെയെങ്ങനെ നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിക്കും?
എന്തു പ്രശ്‌നം വന്നാലും പെണ്ണുങ്ങള്‍ പുറത്തിറങ്ങാന്‍ പാടില്ലെന്നു സമസ്തയുടെ പ്രമേയം പുറത്തിറക്കിയിട്ടുണ്ട്. ദീന്‍ എന്നാല്‍ പരിശുദ്ധ ഇസ്ലാമാണ്; തോന്നിയതുപോലെ ചെയ്യലല്ല. ഒരു ബില്ല് വന്നു എന്നു വിചാരിച്ചിട്ട് പെണ്ണുങ്ങള്‍ മുദ്രാവാക്യം വിളിച്ചു നടക്കുകയാണോ റോഡിലൂടെ? പെണ്ണുങ്ങള്‍ അങ്ങാടിയില്‍ ഇറങ്ങാന്‍ പാടില്ല.
 ഇവിടെ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുണ്ട്. തോന്നിയപോലെ നടക്കാന്‍ സമ്മതിക്കില്ല. സമസ്തയ്ക്ക് മര്യാദയ്ക്കു ദീന്‍ പഠിപ്പിക്കാന്‍ പറ്റിയ പട്ടാളവുമുണ്ട്. പെണ്ണുങ്ങള്‍ മുദ്രാവാക്യം വിളിച്ചു നടക്കുക. ചുറ്റുമുള്ള ആണുങ്ങള്‍ അവരെ നോക്കി നടക്കുക.
ഇതൊക്കെ ആരാണ് ഇവിടെ ചെയ്യുന്നത് എന്നു ഞങ്ങള്‍ക്കറിയാം. അവസരം മുതലെടുക്കാന്‍ മെനക്കെട്ടാല്‍ സമസ്തയുടെ കുട്ടികള്‍ നോക്കിനില്‍ക്കില്ല. ഞങ്ങള്‍ക്ക് എല്ലാ സമരവും ഒരേ സമയത്തു നടത്താനും കഴിയും.
.

Back to Top