News

വിടവാങ്ങട്ടെ വിടവാങ്ങട്ടെ വിരുന്നുനാളുകള്‍ തീര്‍ന്നു

എം.ബാലകൃഷ്ണന്‍
 

വിടവാങ്ങട്ടെ വിടവാങ്ങട്ടെ 

വിരുന്നുനാളുകള്‍ തീര്‍ന്നു 

ഒരു പക്ഷെ, ഞാനിത്തിരി നാളുകള്‍ 

കൂടുതലിവിടെപ്പാര്‍ത്തു 

ഇണക്കമായി ഞാനും വീടും 

മലരും മണവും പോലെ 

ഇനി ഞാനിവിടെ പാര്‍പ്പു തുടര്‍ന്നാല്‍ 

വിരഹം ദുസ്സഹമാകും

വിടവാങ്ങട്ടെ വിടവാങ്ങട്ടെ 

വിരുന്നു നാളുകള്‍ തീര്‍ന്നു...

 

(പരമേശ്വര്‍ജിയുടെ യജ്ഞപ്രസാദം കവിതാസമാഹാരത്തില്‍ നിന്ന്)

 

ചിന്തകനും എഴുത്തുകാരനും ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടറും കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അധ്യക്ഷനും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായ പി. പരമേശ്വര്‍ജി (94) അന്തരിച്ചു. ഒറ്റപ്പാലത്ത് ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെ 12.10നായിരുന്നു അന്ത്യം. വൈചാരിക മേഖലയില്‍ ഭാരതീയ ദര്‍ശനത്തിന്റെ ആഴവും വ്യാപ്തിയും പകര്‍ന്ന ചിന്തകനായിരുന്നു അദ്ദേഹം.  2018ല്‍ പത്മവിഭൂഷണനും 2004ല്‍ പദ്മശ്രീയും നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. സ്വാമി വിവേകാനന്ദന്റെയും മഹര്‍ഷി അരവിന്ദന്റെയും ദര്‍ശനങ്ങള്‍ മലയാളികളുടെ വായനക്ക് സുപരിചിതമാക്കിയ എഴുത്തുകാരനായിരുന്നു പരമേശ്വര്‍ജി. 1927 സപ്തംബറില്‍ ആലപ്പുഴ ജില്ലയിലെ മുഹമ്മയിലായിരുന്നു ജനനം. 

പരമേശ്വര്‍ജിയെകുറിച്ച് ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസകാരന്‍ മഹാകവി അക്കിത്തം പറഞ്ഞു ''ഈ നൂറ്റാണ്ടില്‍ കേരളത്തില്‍ ജനിയ്ക്കുകയും ഭാരതത്തിലാകെ പടര്‍ന്നു നില്‍ക്കുകയും ചെയ്ത മൂന്നു വ്യക്തികളാണ് കേളപ്പജി, ഇഎംഎസ്, പരമേശ്വര്‍ജി എന്നിവര്‍. എന്തൊക്കെ അഭിപ്രായഭിന്നതയുണ്ടായാലും അവനവനോടു കളവു പറഞ്ഞു എന്ന കുറ്റം ഈ മൂന്നുപേരിലും ചുമത്താനാവില്ല. കവിയുടേതില്‍ നിന്നു ഭിന്നമല്ലാത്ത ആത്മാരാധനയോടുകൂടി സാമൂഹ്യജീവിതത്തെ സേവിച്ചവരാണ് മൂന്നുപേരും. മൂന്നുപേരും സാഹിത്യാദികലകളോട് ദൃഢാഭിമുഖ്യം പുലര്‍ത്തി. എന്നാല്‍ മുന്നുപേരുടെയും രചനകള്‍ സാധാരണസാഹിത്യത്തിന്റെ മാനദണ്ഡങ്ങളെവെച്ച് അളക്കാവുന്നതിന്നുപരിയായിരുന്നു.

അക്കിത്തത്തിന്റെ വിലയിരുത്തല്‍ കേരളത്തിന്റെ കഴിഞ്ഞ നൂറ്റാണ്ടിനെക്കുറിച്ചുള്ള അടയാളപ്പെടുത്തലാണ്. വിയോജിക്കാനും വിമര്‍ശിക്കാനും ഏറെ സാധ്യതകള്‍ ഉള്ള വിലയിരുത്തലാണത്. എന്നാല്‍ അത് ഒരു ക്രാന്തദര്‍ശിയുടെ സത്യസാക്ഷ്യം തന്നെയാണ്.കേരളത്തിലെ ഈ മൂന്നു പ്രതിഭകളെ വിലയിരുത്തുമ്പോള്‍ അത് ആധുനിക കേരള ചരിത്രത്തെക്കുറിച്ചുള്ള വിശദമായ വായനായി മാറും.  അത് മുന്നോട്ടുവെക്കുന്ന സൂചനകള്‍ ഏറെ അര്‍ത്ഥഗര്‍ഭവുമാണ്. 1920 ആഗസ്റ്റ് 21ന് പൊന്നാനിയില്‍ ഖിലാഫത്തു തടയാന്‍ കുതിച്ചെത്തിയ കെ. കേളപ്പന്‍ സ്വാതന്ത്ര്യത്തിനുശേഷം പി. പരമേശ്വരനോടൊപ്പം മലപ്പുറം ജില്ലാവിരുദ്ധ സമരത്തിനും അങ്ങാടിപ്പുറം തളി ക്ഷേത്ര വിമോചന സമരത്തിനും നേതൃത്വം നല്‍കി.

കേരളത്തിന്റെ നവോത്ഥാന പരിസരങ്ങളില്‍ ചുകപ്പുരാശി പടര്‍ന്നിരുന്നുവെങ്കിലും ആശയതലത്തില്‍ മാത്രമായിരുന്നില്ല സായുധ സംഘര്‍ഷത്തിന്റെയും ചേരുവകള്‍ നിറഞ്ഞതായിരുന്നു സര്‍വ്വാധിപത്യത്തിന്റെ ഈ പടപ്പുറപ്പാട്. അക്രമങ്ങള്‍, രക്തച്ചൊരിച്ചിലുകള്‍, ബലിദാനികള്‍ കമ്മ്യൂണിസ്റ്റ് കേരളത്തിന്റെ വഴികളില്‍ രക്തത്തിന്റെ ഗന്ധവും നിറവും നിറഞ്ഞു. ആയുധബലവും അധികാരബലവും ചേര്‍ന്നപ്പോള്‍ അതിന് കരുത്തുകൂടി. ഇനിയൊരു പുലരിയും നിലാവെളിച്ചവുമുണ്ടാവില്ലെന്ന തരത്തില്‍ ഇരുട്ട് നിറഞ്ഞകാലം. എതിരാളികളെ ഉന്മൂലനം ചെയ്യാനുള്ള അടവുകള്‍ പാര്‍ട്ടി ഗ്രാമങ്ങളിലെ പാഠ്യപദ്ധതിയായി.

ഒരു ബദല്‍ സാധ്യമാണെന്നുറക്കെപ്പറയാന്‍ കരുത്തില്ലാതെ കേരളം ഉഴലുമ്പോഴും പ്രതീക്ഷയുടെ ഒരു തിരിനാളം കാലം കാത്തുവെച്ചിരുന്നു. ദേശീയ പ്രസ്ഥാനങ്ങളുടെ ചുവടുറപ്പിച്ച മുന്നേറ്റമായിരുന്നു അത്. 1942ല്‍ ദത്തോപാന്ത് ഠേംഗ്ഡി കോഴിക്കോട്ട് തുടങ്ങിവെച്ച രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ പ്രവര്‍ത്തനം എതിര്‍പ്പുകളെ വകവെക്കാതെ വളരുകയായിരുന്നു. 'ഇപ്പരിപ്പിവിടെ വേവില്ല മോനെ'- എന്ന പഴമ്പാട്ടിന് താളംതെറ്റിത്തുടങ്ങിയിരുന്നു.

മനസ്സല്ല ഞാന്‍ ബുദ്ധ്യഹങ്കാരചിത്തം

തനുസ്സല്ലതിന്നുള്ള മാറ്റങ്ങളല്ല

പൃഥ്വിവ്യാദിയല്ലല്ല, നേത്രാദിയും സ-

ച്ചിദാനന്ദരൂപന്‍, ശിവന്‍ ഞാന്‍ ശിവന്‍ ഞാന്‍

 

എന്ന് ശ്രീ ശങ്കരകൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി സഖാവ് ടി.എസ്. തിരുമുമ്പിന്റെ പുതിയ വേഷപ്പകര്‍ച്ചയിലേക്ക് കേരളം മാറുകയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമെന്ന മഹാകാവ്യമെഴുത്തിലേക്ക് അക്കിത്തവും മാറിയകാലം.

മാറുന്ന കേരളത്തിന്റെ ദൃശ്യമായിരുന്നു അത്. കേരളത്തിനെ ചൂഴ്ന്നുനിന്ന സമഗ്രാധിപത്യത്തിനെതിരായ ചരിത്രത്തിന്റെ സഞ്ചാരം. ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും ഒരുക്കിയെടുത്ത നവോത്ഥാന കേരളത്തെ വഴിപിഴപ്പിച്ച കമ്മ്യൂണിസ്റ്റ് ഫാസിസത്തിനെതിരായ പ്രതിരോധം. കേരളത്തിന്റെ സര്‍വ്വരംഗങ്ങളെയും ആഴത്തില്‍ സ്വാധീനിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ ആശയഗതികളും എതിര്‍ക്കപ്പെടാന്‍ കഴിയാത്ത രാവണന്‍ കോട്ടയായി മാറിക്കഴിഞ്ഞിരുന്നു. ആദ്യത്തെ ജനാധിപത്യ മന്ത്രിസഭ എന്ന പേരില്‍ അധികാരമേറ്റെടുത്തത് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായിരുന്നു. ഒരു വിമോചന സമരത്തിലൂടെ പിഴുതെറിയാന്‍ കഴിയുന്നതല്ല കേരളത്തെ ഗ്രസിച്ച ഈ ഫാസിസ്റ്റ് വിപത്ത് എന്ന തിരച്ചറിവില്‍ എത്തിയവര്‍ പി. പരമേശ്വരനെപ്പോലെയുള്ള ഏറെ പേരുണ്ടായിരുന്നു.

1957 ലെ ആദ്യതെരഞ്ഞെടുപ്പില്‍ നീലേശ്വരത്ത് ഇ.എം.എസിനു വേണ്ടി രാഷ്ട്രീയ പ്രചാരണം നടത്തിയ വിഷ്ണുഭാരതീയന്‍- അറസ്റ്റ് ചെയ്യപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റിന് മുമ്പില്‍ എത്തിച്ചപ്പോള്‍ പേരെന്ത് എന്ന ചോദ്യത്തിന് ഭാരതീയനെന്ന ഉത്തരം നല്‍കിയ വിഷ്ണുനമ്പീശന്‍ എന്ന കമ്മ്യൂണിസ്റ്റ് സഹയാത്രികന്‍- തളിപ്പറമ്പില്‍ ജനസംഘയോഗത്തില്‍ കെ.ജി. മാരാരോടൊപ്പം പൊതുയോഗത്തില്‍ പങ്കെടുത്തുകൊണ്ട് ആ മാറ്റത്തിന്റെ മറ്റൊരു സൂചന നല്‍കിയിരുന്നു.

കേരള നവോത്ഥാനത്തെ അതിന്റെ നേര്‍മാര്‍ഗത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ചിന്താമഥനത്തിന് ആസൂത്രിതമായ പരിശ്രമങ്ങള്‍ ആവശ്യമാണെന്ന തിരിച്ചറിവിലാണ് ഭാരതീയവിചാരകേന്ദ്രം ഉടലെടുക്കുന്നത്. ഇതിന്റെ സ്ഥാപകന്‍ പരമേശ്വര്‍ജിയും. കേരളത്തിന്റെ ധൈഷണിക ലോകത്ത് പര്യായപദങ്ങള്‍ പോലെയായി പരമേശ്വര്‍ജിയും വിചാരകേന്ദ്രവും മാറിയത് ചരിത്രം.

1982 ഒക്‌ടോബര്‍ 27 വിജയദശമി ദിനത്തില്‍ ഭാരതീയവിചാരകേന്ദ്രം എന്ന പഠനഗവേഷണകേന്ദ്രം പിറന്നുവീണത് ഈ ചരിത്രത്തിന്റെ തുടര്‍ച്ചയാണ്. കാലത്തിന്റെ കരുതിവെപ്പായി ഒരു യുഗപ്പിറവി. ദല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് തന്റെ പ്രവര്‍ത്തനമേഖല മാറ്റിയതോടെ പി. പരമേശ്വരന്‍ എന്ന ക്രാന്തദര്‍ശി കേരളത്തെ ദല്‍ഹിയോടടുപ്പിക്കുകയായിരുന്നു.

ചിന്തകനും തൊഴിലാളി നേതാവുമായിരുന്ന ദത്തോപാന്ത് ഠേംഗ്ഡിയായിരുന്നു വിചാരകേന്ദ്രത്തിന്റെ ഉദ്ഘാടന പ്രസംഗകന്‍. ''എല്ലാ ജനസമൂഹങ്ങളുടെയും ചരിത്രഗതി ഒരേ തരത്തിലാണെന്നും അതിനാല്‍ അവയുടെയെല്ലാം വികാസത്തിനുള്ള മാതൃകകള്‍ ഒന്നു തന്നെയായിരിക്കണമെന്നുള്ള ചിന്താപദ്ധതി യുക്തിക്കും അനുഭവത്തിനും വിരുദ്ധമാണെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞതിന് നമ്മുടെ ദേശീയ ജീവിതത്തിലെ ഒരടിയന്തിരാവശ്യം നിര്‍വഹിക്കുവാന്‍ വേണ്ടിയുള്ള വിനീതമായ ഒരു സംരംഭമാണ് ഭാരതീയ വിചാരകേന്ദ്രം എന്ന പരമേശ്വര്‍ജിയുടെ കൂട്ടിച്ചേര്‍ക്കലുമായതോടെ വിചാരകേന്ദ്രത്തിന്റെ ജാതകം കുറിച്ചു.

അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയ വൈചാരിക ഇടപെടലുകളാണ് ഭാരതീയ വിചാരകേന്ദ്രം നടത്തിപ്പോന്നത്. കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ ഇ.എം.എസ് നമ്പൂതിരിപ്പാടും പി. പരമേശ്വരനും പങ്കെടുത്ത ദര്‍ശനസംവാദം ആശയസംവാദത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നതായിരുന്നു. പി. പരമേശ്വരന്‍ പറഞ്ഞ ആശയത്തിനനുസരിച്ച് ചിന്തിക്കുന്നവര്‍ ലോകസഭയില്‍ വളരെക്കുറച്ചേ ഉള്ളൂവെന്ന കുടിലയുക്തിയിലാണ് അന്ന് ഇഎംഎസ് സംവാദം അവസാനിപ്പിച്ചത്.

കമ്മ്യൂണിസ്റ്റ് കേരളത്തിന് പരിചിതമല്ലാത്ത വഴികളിലൂടെയാണ് പിന്നീട് സംവാദങ്ങളുടെ തുടര്‍ച്ചയുണ്ടായത്. കൊട്ടിഘോഷിക്കപ്പെട്ട കേരള മാതൃകയുടെ തകര്‍ച്ചയെക്കുറിച്ച് അത് സംവദിച്ചു. പുതിയ കേരളം ഉടലെടുക്കാനുള്ള ഒരു സംവാദസംസ്‌കാരത്തിന് കേരളം തുടക്കംകുറിച്ചു.

സംവാദമാകാം; വിവാദമല്ല

ധൈഷണിക സംവാദത്തിന് പുതിയതലം നല്‍കുന്നതായിരുന്നു വിചാരകേന്ദ്രത്തിന്റെ ഇടപെടലുകള്‍. കമ്മ്യൂണിസ്റ്റ് കാര്‍ക്കശ്യം വേരുപിടിപ്പിച്ച ചര്‍ച്ചകളുടെ സ്വഭാവത്തെ അത് അട്ടിമറിച്ചു. വ്യത്യസ്ത വീക്ഷണങ്ങള്‍ക്ക് ഒരേ വേദിയില്‍ ഇടം നല്‍കുന്ന പുതിയ സംവാദസംസ്‌കാരത്തിന് കേരളത്തിന്റെ വൈചാരിക മേഖലയെ പരിവര്‍ത്തനം ചെയ്യിക്കാന്‍ കഴിഞ്ഞു. കേരളത്തിന്റെ വൈചാരികമേഖലയ്ക്ക് പി. പരമേശ്വരന്‍ നല്‍കിയ മുഖ്യസംഭാവനയായിരുന്നു അത്. സി. അച്യുതമേനോന്‍, പി. ഗോവിന്ദപിള്ള, പി.പി. ഉമ്മര്‍കോയ, കെ.വി. സുരേന്ദ്രനാഥ്, എ.പി. ഉദയഭാനു, കെ. വേണു, സി.പി. ജോണ്‍, സിവിക് ചന്ദ്രന്‍, എം.പി. വീരേന്ദ്രകുമാര്‍, പ്രൊഫ. സുകുമാര്‍ അഴീക്കോട് തുടങ്ങി ആശയപരമായി വ്യത്യസ്ത തലങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവര്‍ വിചാരകേന്ദ്രത്തിന്റെ വേദിയില്‍ എത്തി. കേരളത്തിലെ എല്ലാ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരും മുതിര്‍ന്ന പത്രപ്രവര്‍ത്തകരും സമൂഹത്തിന് ദിശാബോധം നല്‍കുന്ന സന്യാസിശ്രേഷ്ഠരും സാഹിത്യകലാരംഗങ്ങളിലെ പ്രമുഖരും വിചാരകേന്ദ്രത്തിന്റെ വേദി പങ്കിട്ടു. ഇ.സി.ജി. സുദര്‍ശനന്‍, പ്രൊഫ. എന്‍.എസ്. രാമസ്വാമി, ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ തുടങ്ങി ദേശീയരംഗത്തെ എണ്ണിയാലൊടുങ്ങാത്ത പ്രമുഖരും സ്വാമി രംഗനാഥാനന്ദ, ദലൈലാമ തുടങ്ങിയ വരിഷ്ഠ ആചാര്യന്മാരും വിചാരകേന്ദ്രത്തിന്റെ വേദിയെ ധന്യമാക്കി. 

അകംപൊള്ള; തകരുന്ന കമ്മ്യൂണിസം

കേവലം കാഴ്ചക്കാരായി നോക്കിനില്‍ക്കാനല്ല, സജീവമായി ഇടപെടാനാണ് വിചാരകേന്ദ്രത്തിന്റെ പ്രവര്‍ത്തനം കേരളത്തില്‍ ശ്രദ്ധിച്ചത്. കമ്മ്യൂണിസത്തിന്റെ പരാജയം പ്രവചിക്കുക മാത്രമല്ല, പരാജയത്തിന്റെ കാരണങ്ങള്‍ വിശ്ലേഷണം ചെയ്തുകൊണ്ട് കേരളത്തില്‍ ആകമാനം നടത്തിയ വൈചാരിക സദസ്സുകള്‍ കമ്മ്യൂണിസത്തിന്റെ ആശയപരമായ പാപ്പരത്തം മലയാളിക്ക്  മനസ്സിലാക്കിക്കൊടുക്കുന്നതായിരുന്നു. പി. പരമേശ്വരനും ടി.ആര്‍. സോമശേഖരനും നടത്തിയ പ്രഭാഷണ പരമ്പരകള്‍  കേരളത്തിന്റെ മനസ്സിനെ ഇളക്കിമറിച്ചു. ആര്യാധിനിവേശം എന്ന മിഥ്യാവാദത്തിനെതിരെ ചരിത്ര വസ്തുതകള്‍ അണിനിരത്തിയുള്ള വിചാരകേന്ദ്രത്തിന്റെ മുന്നേറ്റം, കപടചരിത്രത്തിന്റെ കോട്ടകള്‍ തകര്‍ക്കുന്നതായിരുന്നു. ഇന്റോളജിസ്റ്റുകള്‍ സൃഷ്ടിച്ചെടുത്ത ഭാരത ചരിത്രത്തിന്റെ അകം ഇത്തരം പൊള്ളയായ സങ്കല്‍പ്പങ്ങളാല്‍ സൃഷ്ടിച്ചെടുത്തതാണെന്ന് മലയാളികള്‍ക്ക് മനസ്സിലായത് ഇതിലൂടെയാണ്. കശ്മീരിന്റെ പ്രത്യേക അവകാശത്തെ ചോദ്യം ചെയ്യുന്നതും ഏകീകൃത സിവില്‍കോഡിന്റെ സാംഗത്യം ചര്‍ച്ചചെയ്യുന്നതും കേരളത്തിന്റെ ധൈഷണിക മേഖലയ്ക്ക് പുതിയ അനുഭവമായിരുന്നു.  സ്വാതന്ത്ര്യസമരത്തിന്റെ വ്യത്യസ്ത ധാരകളെക്കുറിച്ചുള്ള പഠന പരമ്പരകള്‍, ചരിത്രരചനാ സമ്പ്രദായത്തിന്റെ രാഷ്ട്രീയദര്‍ശനങ്ങള്‍ വിശകലനം ചെയ്യുന്ന സെമിനാറുകള്‍ എന്നിവയും പുതിയ വെളിപാടുകള്‍ നല്‍കുന്നതായിരുന്നു.

തകര്‍ന്ന കേരള മാതൃക

കൊട്ടിഘോഷിക്കപ്പെട്ട കേരള മാതൃകയുടെ അകം പൊള്ളയാണെന്ന യാഥാര്‍ത്ഥ്യം വസ്തുതകള്‍ നിരത്തി മുന്നോട്ടുവെക്കുന്നതില്‍  പരമേശ്വര്‍ജിയുടെ നേതൃത്വത്തില്‍ ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച വികസന സെമിനാറുകള്‍ തുടക്കം കുറിച്ചു. കേരളത്തിന്റെ മാറുന്ന മുഖച്ഛായ എന്ന പേരില്‍ എറണാകുളം ഇടപ്പള്ളി കേരള ഹിസ്റ്ററി മ്യൂസിയത്തില്‍ 1994 ഒക്‌ടോബര്‍ 8, 9 തിയ്യതികളില്‍ സംഘടിപ്പിച്ച വിചാരസത്രം കേരളാനുഭവം പറഞ്ഞുകേട്ട സുഖാനുഭവങ്ങളുടേതല്ല എന്ന് തെളിയിക്കുന്നതായിരുന്നു. വികസനസംബന്ധിയായി കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന സെമിനാറുകള്‍, നിള വിചാരസത്രം തുടങ്ങിയ പരിസ്ഥിതിരംഗത്തെ വിവിധ പഠനസംരംഭങ്ങള്‍ എന്നിവയും വിചാരകേന്ദ്രത്തിന്റെ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. 

വികസനത്തെക്കുറിച്ച് സുവ്യക്തമായ നിലപാടുകളാണ് പി. പരമേശ്വര്‍ജി മുന്നോട്ടുവെച്ചത്. ''നമ്മുടെ വിഭവങ്ങളും ഉപകരണങ്ങളും അറിവുകളും അനുഭവങ്ങളുമെല്ലാം വികസിപ്പിച്ച് അവയുടെ അടിസ്ഥാനത്തില്‍ പുതിയ പുതിയ നേട്ടങ്ങള്‍ കൈവരിക്കാനുള്ള ശ്രമങ്ങളായിരുന്നു ചെയ്യേണ്ടിയിരുന്നത്. എങ്കില്‍ വളര്‍ച്ച മുരടിക്കുകയില്ലായിരുന്നു. കൃഷിയും ചെറുകിട വ്യവസായങ്ങളും പോഷിപ്പിച്ച് ഗ്രാമീണജീവിതത്തെ പച്ചപിടിപ്പിക്കുകയും ഗ്രാമവാസികളുടെ തൊഴിലും സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്തുകയും ചെയ്തിരുന്നെങ്കില്‍ പിന്നീട് കൂടുതല്‍ ഉയര്‍ന്ന ഉത്പാദനമേഖലകളിലേക്കും വിവരസാങ്കേതിക വിദ്യകളിലേക്കും സ്വാഭാവികമായി കേരളത്തിന് അടിവെച്ച് മുന്നേറാമായിരുന്നു. അയല്‍സംസ്ഥാനമായ കര്‍ണാടകത്തിലും തമിഴ്‌നാട്ടിലുമൊക്കെ ഏറെക്കുറെ അങ്ങനെയാണുണ്ടായത്. ഈ സംസ്ഥാനങ്ങള്‍ അധ്വാനത്തിലൂടെയും ആസൂത്രണത്തിലൂടെയും കാര്‍ഷിക-വ്യാവസായിക മേഖലകള്‍ ശക്തിപ്പെടുത്തി പിന്നീടാണ് വിവരസാങ്കതിക വിദ്യയിലേക്ക് പ്രവേശിച്ചത്. ആ കാലങ്ങളിലെല്ലാം കേരളം തൊഴില്‍ സമരങ്ങളും പ്രക്ഷോഭങ്ങളും അഴിച്ചുവിട്ട് കൃഷിയും വ്യവസായവും സ്തംഭിപ്പിക്കുകയായിരുന്നു. ഉത്പ്പാദനമേഖല മുരടിക്കുകയും സാമൂഹിക സേവനമേഖലയില്‍ മാത്രം വികസനമുണ്ടാവുകയും ചെയ്തു.'' 

വികസനത്തിന് ഭഗവദ്ഗീതയുടെ തത്ത്വബലം

ഭാരതീയ വിചാരകേന്ദ്രത്തിന്റെയും ഗീതാസ്വാദ്ധ്യായസമിതിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ അലയടിച്ച ഗീതാപ്രചാരപ്രവര്‍ത്തനങ്ങള്‍ കേവലം തത്ത്വചിന്താപരമായ സംവാദം മാത്രമായിരുന്നില്ല. കേരളത്തിന്റെ മനസിനെ തിരിച്ചറിഞ്ഞ ഒരു സാമൂഹ്യ പരിഷ്‌ക്കര്‍ത്താവിന്റെ വീക്ഷണമായിരുന്നു അതില്‍ ഉള്‍ച്ചേര്‍ന്നത്. കേരളത്തെക്കുറിച്ച് പരമേശ്വര്‍ജി ഇങ്ങനെ വിലയിരുത്തുന്നു. ''കേരളത്തെ ബാധിച്ചിട്ടുള്ളത് വിഷാദ രോഗമാണ്. ആകസ്മികമായ ഏതെങ്കിലും സംഭവം കൊണ്ടുണ്ടായ ഞെട്ടലല്ല. ഏറെ നാളായി നീറിപ്പുകഞ്ഞ് എരിപിരികൊള്ളുന്ന സങ്കീര്‍ണമായ മാനസികപ്രശ്‌നങ്ങളുടെ നീരാളിപ്പിടുത്തത്തില്‍ കുടുങ്ങിയിരിക്കുകയാണ് ഇവിടുത്തെ സാമൂഹികമനസ്. വിരുദ്ധവിചാരങ്ങളും വികാരങ്ങളും കയ്‌പ്പേറിയ അനുഭവങ്ങളും പരാജയപ്പെട്ട പരീക്ഷണങ്ങളും പ്രതീക്ഷകളും വിശ്വാസവഞ്ചനകളും കാപട്യങ്ങളും ഇരട്ടത്താപ്പുകളും ഒന്നിനുമേലൊന്ന് കുമിഞ്ഞുകൂടി ഇഴപിരിക്കാനാവാത്തവിധം കെട്ടുപിണഞ്ഞ് സമൂഹമനസിന്റെ സങ്കീര്‍ണ്ണതയാണിവിടെ. ചികിത്സയ്ക്കുവഴങ്ങാത്ത എല്ലാറ്റിലും വിശ്വാസം നഷ്ടപ്പെട്ട ശുഭപ്രതീക്ഷയുടെ രജതരേഖ കാണാനില്ലാത്ത, പരസ്പരം ആരോപണങ്ങളും അധിക്ഷേപങ്ങളും വര്‍ഷിക്കുന്ന വ്യര്‍ത്ഥതാബോധം കേരള മനസിനെ കീഴടക്കിയിരിക്കുകയാണ്. വിഷാദയോഗം പോലെ എളുപ്പം ഒരു ഞെട്ടല്‍ ചികിത്സയിലൂടെ പരിഹരിക്കാവുന്നതല്ല കേരളത്തിന്റെ വിഷാദരോഗം. കൂടുതല്‍ ദീര്‍ഘവും വിദഗ്ധവുമായ മനശാസ്ത്രചികിത്സ ആവശ്യപ്പെടുന്ന ഒന്നാണത്. ആദ്യമേ വേണ്ടത് രോഗത്തെ യോഗമാക്കി മാറ്റുകയാണ്. രോഗശാന്തി അസാധ്യമല്ലെന്നും ശാസ്ത്രീയമായ ചികിത്സയിലൂടെ അത് പരിഹരിക്കാന്‍ കഴിയുമെന്നുള്ള വിശ്വാസം ഉണര്‍ത്തുക, ചികിത്സയ്ക്ക് വിധേയമാകാനുള്ള മാനസികാവസ്ഥ വളര്‍ത്തുക; താല്‍ക്കാലിക പരാജയം കൊണ്ട് തളരാത്ത മനശ്ശക്തി വളര്‍ത്തുക; ശുഭാപ്തി വിശ്വാസവും ആത്മവിശ്വാസവും സൃഷ്ടിക്കുക ഇതാണ് പ്രാഥമികമായി നിര്‍വഹിക്കപ്പെടേണ്ടത്.'' ഭഗവദ്ഗീതയെ കാലാനുകൂലമായി അവതരിപ്പിക്കുന്ന പാരമ്പര്യമാണ് പരമേശ്വര്‍ജി ഇതിലൂടെ മുന്നോട്ടുവെച്ചത്. 

വികസനത്തെക്കുറിച്ച് വ്യക്തമായ ദിശാദര്‍ശനം അദ്ദേഹം നല്‍കി. അദ്ദേഹം പറയുന്നു. ''കേരളം അതിരുകടന്ന പരാശ്രയത്തിലാണ്. കേരളത്തിന്റെ വികസനതന്ത്രം പരാശ്രയത്തില്‍ അധിഷ്ഠിതമാണ്. വിദേശത്തുനിന്നുള്ള വരുമാനം ഇല്ലെങ്കില്‍ കേരളം പട്ടിണിയിലാണ്. നമ്മുടെ ഉദ്യോഗാര്‍ത്ഥികള്‍ ഉറ്റുനോക്കുന്നത് വിദേശങ്ങളെയാണ്. കേരളത്തിനകത്ത് എന്തെങ്കിലും ചെയ്ത് സ്വന്തം കാലില്‍ നിന്നുകൊണ്ട് ജീവിതം ഭദ്രമാക്കാനല്ല ആരെയെങ്കിലും ആശ്രയിച്ച് ഉപജീവനമാര്‍ഗം കണ്ടെത്തുകയാണ് ശരാശരി കേരളീയന്റെ താല്‍പ്പര്യം. ആശ്രയത്തിന്റെ ഉറവകള്‍ വറ്റുമ്പോള്‍ അരക്ഷിതത്വമാണ് അവനെ അഭിമുഖീകരിക്കുന്നത്. പരാശ്രയിക്ക് ഈ ദുര്‍വ്വിധി അനിവാര്യമാണ്.'' പരാശ്രിതരുടെ കേരളത്തിനു മുമ്പില്‍ 'ഉദ്ധരേദാത്മനാത്മാനാം' എന്ന ഗീതാവാക്യം അദ്ദേഹം മുന്നോട്ടു വെച്ചു. പഞ്ചായത്ത്തലം മുതല്‍ അന്താരാഷ്ട്ര ഗീതാസെമിനാര്‍ വരെയുള്ള നിരവധി പരിപാടികളുടെ സമഗ്രലക്ഷ്യം കേരളത്തെ സമ്പൂര്‍ണവികസനത്തിലേക്ക് നയിക്കുക എന്ന ക്രാന്തദൃഷ്ടിയുടെ വീക്ഷണമായിരുന്നു.

പഠന ഗവേഷണത്തിന് പുതിയ മുഖം

കേരളത്തിന് അപരിചിതമായിരുന്ന അരവിന്ദദര്‍ശനം മലയാളിക്ക് പരിചയപ്പെടുത്താന്‍ വിചാരകേന്ദ്രം മുന്‍കൈയെടുത്തു. വിവേകാനന്ദജയന്തി, ശ്രീനാരായണജയന്തി, അരവിന്ദ ജയന്തി തുടങ്ങിയ അവസരങ്ങള്‍ ആശയപരമായ ഉള്ളടക്കത്താല്‍ സമൃദ്ധമാക്കാന്‍ വിചാരകേന്ദ്രം ശ്രദ്ധിച്ചു. സര്‍വ്വകലാശാല ഗവേഷണം രാഷ്ട്രപുരോഗതിക്ക് എന്ന മൂന്നു ദിവസത്തെ ശില്പശാല ഇത്തരത്തിലുള്ള കേരളത്തില്‍ ആദ്യസംരംഭമായിരുന്നു.

ശാസ്ത്രവും ആദ്ധ്യാത്മികതയും തമ്മിലുള്ള അഭേദ്യബന്ധം, ഭാവി ഭാരത രചനയ്ക്കുള്ള മാര്‍ഗ്ഗരേഖയായ ഏകാത്മ മാനവദര്‍ശനത്തെക്കുറിച്ചുള്ള പഠനശിബിരങ്ങള്‍ തുടങ്ങി സുപ്രധാനമായ കാല്‍വെപ്പുകളായിരുന്നു. ചിന്താവിപ്ലവത്തിന് തിരികൊളുത്തുന്ന വാര്‍ഷികസമ്മേളങ്ങള്‍, പഠനശിബിരങ്ങള്‍, പ്രബന്ധസമ്മേളനങ്ങള്‍, സംവാദങ്ങള്‍ എന്നിവ വിപുലവും വിസ്തൃതവുമായ പ്രവര്‍ത്തനങ്ങളിലാണ് വിചാരകേന്ദ്രം വ്യാപൃതമായത്.  നാല്പതോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത് മലയാളിയുടെ വായന സംസ്‌കാരത്തിന് കാമ്പേകുന്നതായിരുന്നു. പ്രഗതി ഗവേഷണ ജേണല്‍, വിശാലമായ റഫറന്‍സ് ലൈബ്രറി തുടങ്ങി ആധുനിക ഗവേഷണത്തിന്റെ രീതിശാസ്ത്രങ്ങള്‍ക്കനുസരിച്ച് ഭാരതീയ വിചാരകേന്ദ്രം കാലത്തിനൊപ്പം മുന്നേറി. 

തിരുവനന്തപുരം കോട്ടക്കകത്തെ  വാടക കെട്ടിടത്തില്‍ നിന്ന് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിട സമുച്ചയത്തിലേക്ക് ഭാരതീയവിചാരകേന്ദ്രത്തെ പറിച്ചു നടുമ്പോള്‍ അതിന്റെ ആത്മാവ് നഷ്ടപ്പെടാതിരിക്കാന്‍ പി. പരമേശ്വരനെപ്പോലുള്ള ഒരു ദാര്‍ശനികന്റെ ദീര്‍ഘവീക്ഷണത്തിന് കഴിഞ്ഞു. 2004 ജൂലൈ 30ന് ആണ് സെക്രട്ടറിയേറ്റിനടുത്ത് ഇന്നത്തെ പുതിയ ബഹുനില കെട്ടിട സമുച്ചയത്തിലേക്ക് ഭാരതീയ വിചാരകേന്ദ്രം ആസ്ഥാനമന്ദിരം മാറ്റിയത്. രണ്ട് പ്രധാന സര്‍വ്വകലാശാലകളായ രാജസ്ഥാനിലെ അജ്മീര്‍ മഹര്‍ഷി ദയാനന്ദസരസ്വതി സര്‍വ്വകലാശാല, കര്‍ണ്ണാടകയിലെ തുങ്കൂര്‍ സര്‍വ്വകലാശാല തുടങ്ങിയവയുടെ ഗവേഷണകേന്ദ്രമാണ് ഭാരതീയവിചാരകേന്ദ്രം. ഏഴ് മാനവിക വിഷയങ്ങളില്‍  ഗവേഷണ ബിരുദം നല്‍കുന്ന ഭാരതീയവിചാരകേന്ദ്രം ഇഗ്നോയുടെ  പഠനകേന്ദ്രം കൂടിയാണ്. 

ഭാരതീയവിചാരത്തിന്റെ കൈത്തിരി കത്തിച്ചുവെക്കുകയായിരുന്നു 1982ലെ വിജയദശമി നാളില്‍ പരമേശ്വര്‍ജി ചെയ്തത്. കവിയും സംഘാടകനും ധൈഷണിക പ്രതിഭയും തുടങ്ങി വിശേഷണങ്ങളില്‍ ഒതുങ്ങാത്ത ഒരു വലിയ മനുഷ്യന്റെ സമര്‍പ്പിത ജീവിതമാണ് ഇന്ന് കേരളത്തില്‍ ഹിമാലയത്തോളം ഉയര്‍ന്നുനില്‍ക്കുന്ന ഭാരതീയവിചാരകേന്ദ്രം എന്ന അനന്യമായ സംവിധാനത്തിന്റെ പിന്നിലെ ശക്തി. ഡോ. കെ. മാധവന്‍കുട്ടി, ടി. ആര്‍. സോമശേഖരന്‍, പി. പരമേശ്വരന്‍ എന്നിവരുടെ തപസ്സിന്റെ ഫലമാണ് മാറിയ കേരളത്തിന്റെ വൈചാരിക മേഖലയെ പ്രതിനിധാനം ചെയ്യുന്നത്. ദര്‍ശനത്തിന്റെ സാധുത വിജയിച്ചു കയറിയ പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം നോക്കി തിട്ടപ്പെടുത്താമെന്ന നമ്പൂതിരിപ്പാടിന്റെ പഴയ ഫലിതയുക്തി ഇന്ന് തിരിച്ചടിച്ചിരിക്കുകയാണെന്ന് പറയുമ്പോള്‍ മുഖത്ത് കുസൃതിച്ചിരി കൊണ്ട് പരമേശ്വര്‍ജി കേരളത്തിന്റെ ഒരു വലിയ ചരിത്രമാണ്.

കവിയും പത്രാധിപരും

1951ല്‍ കേസരി വാരിക ആദ്യമായി പുറത്തിറങ്ങിയപ്പോള്‍ അതിന്റെ മുഖപ്രസംഗം എഴുതിയതോടെയാണ് പരമേശ്വരന്‍ എന്ന പത്രപ്രവര്‍ത്തകനെ പുറംലോകം അറിയുന്നുത്. സംഘടനാപ്രവര്‍ത്തനത്തിന്റെ തിരക്കുകള്‍ക്കിടയില്‍ കേസരിയുടെ വളര്‍ച്ചയില്‍ പരമേശ്വരന്‍ ഏറെ പങ്കുവഹിച്ചു. 1977 മുതല്‍ 81 വരെ ദല്‍ഹി ദീനദയാല്‍ ഗവേഷണ കേന്ദ്രത്തിന്റെ മുഖ മാസികയായ 'മന്ഥ'ന്റെ പത്രാധിപരായും 1995 മുതല്‍ വിവേകാനന്ദകേന്ദ്രത്തിന്റെ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായും പ്രവര്‍ത്തിച്ചു. കേസരി വാരികയുടെ കീഴില്‍ ഗവേഷണ ത്രൈമാസിക എന്ന നിലയില്‍ പ്രസിദ്ധീകരിച്ചിരുന്ന പ്രഗതി ത്രൈമാസിക പ്രസിദ്ധീകരണം അവസാനിച്ചപ്പോള്‍ അത് വിചാരകേന്ദ്രം ഏറ്റെടുത്ത് പുനഃപ്രസിദ്ധീകരണം ആരംഭിച്ചതിന് പിന്നില്‍ പരമേശ്വര്‍ജിയുടെ പ്രയത്‌നമായിരുന്നു. 1995 മുതല്‍ 98 വരെയുള്ള 'യുവഭാരതി'യില്‍ പ്രസിദ്ധീകരിച്ച് മുഖപ്രസംഗങ്ങള്‍ ഗ്രന്ഥമായി പുറത്തിറക്കിയിട്ടുണ്ട്.

പരമേശ്വര്‍ജിയുടെ കവിതകള്‍ യജ്ഞപ്രസാദം എന്ന പേരില്‍ ഗ്രന്ഥരൂപത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. കവിത്വത്തിന്റെ പതാക സംഘടനയ്ക്കു കീഴില്‍ കെട്ടിയില്ലായിരുന്നുവെങ്കില്‍ കേരളത്തിന് ഒരു മഹാകവിയെ കിട്ടുമായിരുന്നു എന്ന് പറഞ്ഞത് കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയാണ്. സംഘടനാ പ്രവര്‍ത്തനത്തിന്റെ തിരക്കുകള്‍ക്കിടയില്‍ പരമേശ്വര്‍ജിയിലെ കവി പൂര്‍ണമായി പുറത്തുവന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഭവം. മഹാകവി അക്കിത്തം ഇങ്ങനെ പറഞ്ഞു. ''ഉദാത്തദേശസ്‌നേഹത്തിന്റെ, ചിലപ്പോള്‍ ശൃംഖലിതങ്ങളും ചിലപ്പോള്‍ ഉച്ഛൃംഖലങ്ങളുമായ ഈ രചനകള്‍ക്ക് സദൃശം എന്നുതോന്നാവുന്ന കൃതികള്‍ മലയാളകവിതയുടെ മുഖ്യധാരയില്‍ ഉണ്ടോ എന്നു ചോദിക്കുന്നപക്ഷം നമ്മുടെ മനക്കണ്‍കളില്‍ തെളിയുന്ന ചില മുഖങ്ങളാണ് അംശി, ബോധേശ്വരന്‍, 'ചുട്ടെരിക്കുവിന്‍' എഴുതിയ ചങ്ങമ്പുഴ, 'സംസ്‌കൃതവിജ്ഞാന'വും 'ത്രിപഥഗ'യും മറ്റുമെഴുതിയ എന്‍.വി. കൃഷ്ണവാരിയര്‍ എന്നിങ്ങനെ പലരും.'' ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ദേശസ്‌നേഹത്തിന്റെ മന്ത്രങ്ങളായി മാറിയ അനേകം ഗീതങ്ങള്‍ മുതല്‍ നിരവധി ഈടുറ്റ കവിതകള്‍ പരമേശ്വര്‍ജിയുടെ സ്വകാര്യശേഖരത്തിലുണ്ട്. അവ കൊട്ടിഘോഷിക്കപ്പെട്ട കാവ്യങ്ങളായി പുറത്തിറങ്ങുമായിരുന്നു അദ്ദേഹത്തെപ്പോലൊരാളല്ലെങ്കില്‍.

രാഷ്ട്രീയക്കാരനല്ലാത്ത രാഷ്ട്രീയക്കാരന്‍

ആര്‍എസ്എസ് പ്രചാരകനായി 1950കളില്‍ ആരംഭിച്ചതാണ് പരമേശ്വര്‍ജിയുടെ പൊതുജീവിതം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘപ്രവര്‍ത്തനത്തിന് ആദ്യകാലഘട്ടങ്ങളില്‍ അദ്ദേഹം നേതൃത്വം നല്‍കി. 1957ലാണ്  ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി അദ്ദേഹം മാറുന്നത്. രാഷ്ട്രീയം തന്റെ ഇടമല്ലെന്ന് പറഞ്ഞ അദ്ദേഹത്തോട് ഈ കാഴ്ചപ്പാടോട് കൂടി രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കാനായിരുന്നു സംഘനേതൃത്വം ആവശ്യപ്പെട്ടത്. 1968ല്‍  ജനസംഘത്തിന്റെ അഖിലഭാരതീയ സെക്രട്ടറിയായി അദ്ദേഹം ചുമതലയേറ്റെടുത്തു. ഭാരതത്തിലെമ്പാടും ജനസംഘപ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ അദ്ദേഹം വ്യാപൃതനായി. സംഘനയ്ക്ക് ആശയപരമായ അടിത്തറ നല്‍കുന്നതില്‍ അദ്ദേഹം ഏറെ പങ്കുവഹിച്ചു. ഏകാത്മമാനവദര്‍ശനത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പഠനങ്ങളും പ്രഭാഷണങ്ങളും ഇതില്‍ ഏറെ പങ്കുവഹിച്ചു.  അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ മിസാ തടവുകാരനായി അദ്ദേഹം ജയിലിലടക്കപ്പെട്ടു. 1976ല്‍ പാലക്കാട്ടുവെച്ചാണ് അദ്ദേഹം പ്രക്ഷോഭത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിക്കുന്നത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം ജനസംഘം ജനതാപാര്‍ട്ടിയായി രൂപാന്തരപ്പെട്ടപ്പോള്‍ സജീവ രാഷ്ട്രീയസംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നും അദ്ദേഹം വിടവാങ്ങി. 1977 മുതല്‍ 81 വരെ ദല്‍ഹി ആസ്ഥാനമായി ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി അദ്ദേഹം പ്രവര്‍ത്തിച്ചു. 

പിന്നീട് കേരളത്തിലേക്ക് പ്രവര്‍ത്തനകേന്ദ്രം മാറ്റിയതോടെ കേരളത്തിന്റെ വൈചാരികരംഗത്ത്  പ്രവര്‍ത്തനം കേന്ദ്രീകരിച്ചു.  കമ്മ്യൂണിസ്റ്റ് ആശയങ്ങളും സംഘടനകളും ആധിപത്യം സ്ഥാപിച്ച മണ്ണില്‍ അദ്ദേഹം പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. അക്കാലത്തെക്കുറിച്ച് അദ്ദേഹം ഓര്‍മ്മിക്കുന്നു.  ''പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങി ഇടതുപക്ഷ-പുരോഗമനലൈന്‍ സ്വീകരിക്കാന്‍ ഇവിടത്തെ പ്രമുഖ ബുദ്ധിജീവികള്‍ ഭൂരിഭാഗംപേരും  സസന്തോഷം സമ്മതിച്ചു കഴിഞ്ഞു. ഒരു നിശ്ചിത സ്ഥാനത്തുനിന്നു വരുന്ന ഏതു പ്രസ്താവനയും വായിച്ചുനോക്കാതെതന്നെ ഒപ്പിട്ടുകൊടുക്കാന്‍ മുന്‍കൂര്‍ സമ്മതിച്ചിട്ടുള്ള സാംസ്‌കാരികനായകന്മാരും എഴുത്തുകാരും ബുദ്ധിജീവികളും കേരളത്തില്‍ ധാരാളമുണ്ട്. അത്തരക്കാരില്‍ നിന്ന് ഒരു മുറുമുറുപ്പുപോലും പ്രതീക്ഷിക്കേണ്ടതില്ല. മാധ്യമങ്ങള്‍ പൊതുവെ അവര്‍ക്ക് നീക്കിവയ്ക്കപ്പെട്ടിട്ടുള്ളവയാണ്.'' 

കമ്മ്യൂണിസ്റ്റുകളുടെ ഇരട്ടത്താപ്പിനെക്കുറിച്ചും പൊള്ളത്തരത്തെക്കുറിച്ചും അദ്ദേഹം കടുത്തഭാഷയില്‍ വിമര്‍ശിച്ചു. ''കമ്മ്യൂണിസ്റ്റുപ്രസ്ഥാനം, പിളര്‍പ്പിനു മുമ്പും പിമ്പും ഏറ്റെടുത്തിരുന്ന ഒരു അജണ്ട ദേശീയൈക്യം തകര്‍ക്കുക എന്നതായിരുന്നു. മുസ്ലീംലീഗ് ദ്വിരാഷ്ട്രവാദമുന്നയിച്ചപ്പോള്‍ അതിനെ സര്‍വാത്മനാ പിന്താങ്ങിയ അവിഭക്തകമ്മ്യൂണിസ്റ്റു പാര്‍ട്ടി ബഹുരാഷ്ട്രവാദമുന്നയിക്കുകയും ഇന്ത്യ പതിനെട്ടു രാഷ്ട്രങ്ങളുടെ സമുച്ചയമാണെന്നു വാദിക്കുകയും ചെയ്തു. കേരളത്തില്‍ ലീഗിനോടൊപ്പം മാപ്പിളസ്ഥാനുവേണ്ടി പ്രക്ഷോഭം നടത്തിയ അതേ അവസരത്തില്‍ ഹൈദരാബാദിനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ച നൈസാമിന്റെ സ്വകാര്യസേനയായിരുന്ന റസാഖര്‍ പടയുമായി സഹകരിച്ച് ഇന്ത്യാഗവണ്‍മെന്റിനെതിരെ സായുധ വിപ്ലവം സംഘടിപ്പിക്കുകയായിരുന്നു തെലുങ്കാനസമരത്തിലൂടെ അവര്‍ ചെയ്തത്. ഭാരതത്തെ ഛിന്നഭിന്നമാക്കി റഷ്യയുടെ സഹായത്തോടെ കമ്മ്യൂണിസത്തിന്‍കീഴില്‍ കൊണ്ടുവരിക എന്നതായിരുന്നു അവരുടെ പദ്ധതി. സര്‍ദാര്‍ പട്ടേല്‍ എന്ന ഉരുക്കുമനുഷ്യന്‍ അതെല്ലാം വിഫലമാക്കി. എങ്കിലും അടിസ്ഥാനപരമായി ബഹുരാഷ്ട്രസിദ്ധാന്തം അവരിന്നും ഉപേക്ഷിച്ചിട്ടില്ല. സായുധവിപ്ലവത്തിലൂടെ സാധിക്കാത്തത് സാംസ്‌കാരികവിപ്ലവത്തിലൂടെ സാധിക്കാനാണ് ഗൂഢപരിശ്രമം.''

നവോത്ഥാനത്തെ കീഴ്‌മേല്‍മറിച്ച കമ്മ്യൂണിസ്റ്റ് ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതില്‍ അദ്ദേഹം വിജയിച്ചു. കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരികരംഗത്തെ ആത്മീയ ഉള്ളടക്കത്തെ ഉച്ചാടനം ചെയ്യാനുള്ള ഫാസിസ്റ്റ് സമീപനങ്ങള്‍ക്കെതിരെ അദ്ദേഹം നിലകൊണ്ടു. അദ്ദേഹം പറയുന്നു. 'ആള്‍ദൈവങ്ങള്‍ക്കെതിരെയുള്ള രണ്ടാം നവോത്ഥാന പ്രക്ഷോഭം' എന്ന മുദ്രാവാക്യം, 'മഹത്തായ പ്രോളിറ്റേറിയന്‍ സാംസ്‌കാരികവിപ്ലവം' എന്ന മുദ്രാവാക്യം പോലെ കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. ശ്രീനാരായണഗുരുവിന്റെയും  ചട്ടമ്പിസ്വാമികളുടെയും നേതൃത്വത്തില്‍ നടന്ന ഒന്നാം നവോത്ഥാനം അതിന്റെ ആദ്ധ്യാത്മികാടിത്തറയില്‍നിന്ന് ഭൗതികവാദരാഷ്ട്രീയത്തിലേക്കു ഹൈജാക്ക് ചെയ്തുകൊണ്ടുപോയവരാണ് ഇപ്പോള്‍ രണ്ടാം നവോത്ഥാനപ്രക്ഷോഭത്തിന്റെ വൈതാളികരായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. ആള്‍ദൈവങ്ങള്‍ എന്ന പദം പോലും കടം വാങ്ങിയതാണ്. സ്വന്തം പ്രതിഭയില്‍ നിന്ന് ഉയിര്‍കൊണ്ടതല്ല.''

മാറ്റത്തിന്റെ തുടക്കം വിദ്യാഭ്യാസത്തില്‍ നിന്നാവണം

മാറ്റത്തിന്റെ തുടക്കം വിദ്യാഭ്യാസത്തില്‍ നിന്നായിരിക്കണമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. പരാജയപ്പെട്ടത് വികസനത്തിലല്ല, മറിച്ച് വിദ്യാഭ്യാസരംഗത്താണെന്നും അദ്ദേഹം പറഞ്ഞു. ''സ്വതന്ത്രഭാരതത്തിന്റെ ഏറ്റവും വലിയ പരാജയം വിദ്യാഭ്യാസരംഗത്തായിരുന്നു. രാഷ്ട്രപുനിര്‍നിര്‍മ്മാണത്തിന്റെ അടിസ്ഥാനശില വിദ്യാഭ്യാസമായതുകൊണ്ട് ആ പരാജയം ഉപരിഘടനയെ മുഴുവന്‍ ബാധിച്ചു. വിദ്യാഭ്യാസത്തെ പൂര്‍ണ്ണമായും ദേശീയമാക്കണമെന്നും ആത്മീയവും ഭൗതികവുമായ മുഴുവന്‍ വിദ്യാഭ്യാസത്തിന്റെയും നിയന്ത്രണം യഥാര്‍ത്ഥ ഭാരതീയരുടെ കൈകളിലായിരിക്കണമെന്നും സ്വാമി വിവേകാനന്ദന്‍ 'ഭാരതത്തിന്റെ ഭാവി' എന്ന തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞിരുന്നു. കൊളോണിയല്‍ വിദ്യാഭ്യാസത്തിന്റെ വൈകല്യങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് സ്വാമിജി അന്നു പറഞ്ഞത് ഭൂതകാലത്തെക്കുറിച്ച് അഭിമാനവും സ്വന്തം കഴിവുകളെക്കുറിച്ച് വിശ്വാസവും പൗരുഷവും ഇല്ലാത്ത തലമുറകളെയാണ് അത് വാര്‍ത്തെടുക്കുന്നത് എന്നായിരുന്നു. ലോകമാന്യതിലകനും മഹായോഗി അരവിന്ദനും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിതന്നെ മുന്നോട്ടുവച്ചത് ദേശീയവിദ്യാഭ്യാസമെന്ന ആദര്‍ശമായിരുന്നു. അതിനുവേണ്ടി അവര്‍ പ്രത്യേക വിദ്യാലയങ്ങള്‍ തന്നെ ആരംഭിച്ചു. വിദ്യാഭ്യാസ നവീകരണത്തില്‍ ഏറെ ശ്രദ്ധചെലുത്തിയ ആളായിരുന്നു ഗാന്ധിജി. അടിമത്തത്തില്‍ നിന്ന് മോചനം നേടിക്കഴിഞ്ഞാല്‍ തികച്ചും സ്വതന്ത്രവും ദേശീയവുമായ ഒരു വിദ്യാഭ്യാസസമ്പ്രദായം നിലവില്‍വരുമെന്ന് അവര്‍ ദൃഢമായി വിശ്വസിച്ചു. പക്ഷേ, നിര്‍ഭാഗ്യമെന്നു പറയട്ടെ, ഏറ്റവും അധികം അവഗണിക്കപ്പെട്ടതും വഴിപിഴപ്പിക്കപ്പെട്ടതും വിദ്യാഭ്യാസം തന്നെയായിരുന്നു.''

ചരിത്ര ഗവേഷണ പഠനരംഗത്തുണ്ടായ അട്ടിമറികള്‍ അടിവരയിട്ടുകൊണ്ട് അദ്ദേഹം കേരളത്തിന്റെ പ്രബുദ്ധ സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചു. ആര്യനാക്രമണത്തെക്കുറിച്ച് കേട്ടുപഴകിയ കഥകള്‍ക്കുപകരം ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ അദ്ദേഹം മുന്നോട്ടു വെച്ചു. ചരിത്രം ചരിത്രത്തിനുവേണ്ടിയല്ലെന്നും അത് ഭാവിരചിക്കാനുള്ള ഉപകരണമാണെന്നുമുള്ള യഥാര്‍ത്ഥ കാഴ്ചപ്പാട് അദ്ദേഹം മുന്നോട്ടുവെച്ചു. മാര്‍ക്‌സിയന്‍ രീതിശാസ്ത്രങ്ങളില്‍ പെട്ടുപോയ പഠനഗവേഷണ മാതൃകള്‍ക്കു പകരം ബദല്‍ പഠനരീതികള്‍ വളര്‍ന്നുവരാന്‍ അദ്ദേഹം വഴിയൊരുക്കി. നിരവധി പരിശ്രമങ്ങള്‍ ഈ മേഖലയിലുണ്ടായി. ഇതിനെക്കുറിച്ച് അദ്ദേഹം പറയുന്നു. ''ചരിത്രം കേരളീയ സമൂഹത്തിന് മനഃശാസ്ത്രപരമായ ഏകത വളര്‍ത്തിയെടുത്ത് ശക്തിപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടോ എന്ന പ്രശ്‌നത്തിനും എളുപ്പം ഉറച്ച ഉത്തരംപറയാന്‍ പ്രയാസമാണ്. കേരളത്തിന് ഒരു സമൂഹമനസ് ഇന്നും രൂപപ്പെട്ടു കഴിഞ്ഞിട്ടില്ല എന്നുവേണം പറയാന്‍.''ഒരു ക്രാന്തദര്‍ശിയുടെ ജീവിതവും സന്ദേശവും കേരളം ഇനിയും തിരിച്ചറിയേണ്ടതുണ്ട്. കേരളത്തെ മാറ്റിയെടുക്കാനുള്ള ഏതൊരു ആത്മാര്‍ത്ഥ പരിശ്രമത്തിനും ഒഴിവാക്കാനാവാത്ത സംഭാവനയാണ് പി. പരമേശ്വരന്‍ എന്ന കേരളീയരുടെ പരമേശ്വര്‍ജി മുന്നോട്ടുവെച്ചത്.

 
.

Back to Top