News

വിട്ടകന്നു, പി.പരമേശ്വരന്‍

പാലക്കാട്: ഭാരതീയതയില്‍ ഊന്നിയ ചിന്തകള്‍ക്കും ഒപ്പം വിവാദങ്ങള്‍ക്കും വിരാമമിട്ടു പി.പരമേശ്വരന്‍ വിടവാങ്ങി. ചിന്തകനും എഴുത്തുകാരനും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഏറ്റവും ആദരീണയനായ പ്രചാരകരില്‍ ഒരാളുമായിരുന്നു. ചികില്‍സയ്ക്കിടെ ഒറ്റപ്പാലത്തെ ആയുര്‍വേദ ആശുപത്രിയിലായിരുന്നു അന്ത്യം. 93 വയസ്സായിരുന്നു. സംസ്‌കാരം ഇന്നു വൈകിട്ട് സ്വദേശമായ ആലപ്പുഴ മുഹമ്മയിലെ വീട്ടുവളപ്പില്‍ നടക്കും.
വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്നെങ്കിലും അവസാന നാളുകള്‍ വരെ സജീവമായി പൊതുമണ്ഡലത്തില്‍ സാന്നിധ്യം നിലനിര്‍ത്തിക്കൊണ്ടാണ് പി.പരമേശ്വരന്റെ വിടവാങ്ങല്‍. ഏതാനും ആഴ്ചകള്‍ക്കുമുന്‍പ് കണ്ണൂരില്‍ നടന്ന വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തത് അദ്ദേഹമായിരുന്നു. 1982ല്‍ സ്വയം മുന്‍കയ്യെടുത്തു തുടക്കമിടുകയും കേരളത്തില്‍ വിചാരവിപ്ലവത്തിനും ആശയ പോരാട്ടത്തിനും തിരിതെളിയിക്കുകയും ചെയ്ത വിചാരകേന്ദ്രത്തിന്റെ ഡയറക്ടറായിരുന്നു മരിക്കുംവരെ. ഞായറാഴ്ച പുലര്‍ച്ചെ 12.10നായിരുന്നു അന്ത്യം.
കേരളീയചിന്തകളിലേക്കു ഭാരതദര്‍ശനത്തെ പടര്‍ത്തിവിട്ട മഹാമനീഷിയാണു പി.പരമേശ്വരന്‍. കവിയും എഴുത്തുകാരനുമായ അദ്ദേഹം, ബാല്യകാലത്തു കവിതാമല്‍സരത്തില്‍ അനശ്വരനായ കവിയും പാട്ടെഴുത്തുകാരനുമായ വയലാര്‍ രാമവര്‍മ കൂടി മല്‍സരിച്ച കവിതാരചന മല്‍സരത്തില്‍ ജേതാവായിട്ടുണ്ട്. ഇ.എം.എസ്. ഉള്‍പ്പെടെയുള്ള പല പൊതുപ്രവര്‍ത്തകരുമായും എഴുത്തുകളിലൂടെ സജീവമായ സംവാദത്തില്‍ ഏര്‍പ്പെട്ടു. ആശയസമരത്തില്‍ പോരാടി ജയിച്ചും സംവാദം നിലനിര്‍ത്തിയും ഭാരതീയതയെ ഉയര്‍ത്തിക്കാട്ടാന്‍ ദശാബ്ദങ്ങളോളം കേരളത്തിന്റെ സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്നു. കേരളചരിത്രത്തിലെ മായാത്ത പേരാണു പി.പരമേശ്വരന്‍.
മാര്‍ക്‌സും വിവേകാനന്ദനും, മാര്‍ക്‌സില്‍നിന്നു മഹര്‍ഷിയിലേക്ക് തുടങ്ങിയ ഗ്രന്ഥങ്ങളും ഒട്ടേറെ ലേഖനങ്ങളും പ്രസംഗങ്ങളും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. സ്വാമി വിവേകാനന്ദന്‍, മഹര്‍ഷി അരവിന്ദന്‍, ശ്രീനാരായണ ഗുരു തുടങ്ങിയ ആധ്യാത്മിക ആചാര്യന്‍മാരെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളെയും ഇന്നത്തെ കേരളത്തിനു പരിചയപ്പെടുത്തുന്നതിനായി നിലകൊണ്ടു. ആഗമാനന്ദ സ്വാമിയാണ് ആധ്യാത്മിക-സാമൂഹിക മണ്ഡലങ്ങളിലേക്കു പി.പരമേശ്വരനെ കൈപിടിച്ചുയര്‍ത്തിയത്. പിന്നീട് പ്രചാരം നേടിയ രാമായണ മാസാരംഭം പോലുള്ള പല പരിപാടികളും അദ്ദേഹം മുന്‍കയ്യെടുത്തു നടപ്പാക്കിയ ആശയങ്ങളായിരുന്നു.
1927 സെപ്റ്റംബറില്‍ ആലപ്പുഴ മുഹമ്മയിലെ ചാരമംഗലം താമരശ്ശേരി ഇല്ലത്ത് പരമേശ്വരന്‍ ഇളയതിന്റെയും സാവിത്രി അന്തര്‍ജനത്തിന്റെയും ഇളയ മകനായി ജനിച്ചു. മുഹമ്മ ലൂതര്‍ എല്‍.പി.സ്‌കൂള്‍, ചേര്‍ത്തല ബോയ്‌സ് ഹൈസ്‌കൂള്‍, ചങ്ങനാശ്ശേരി എസ്.ബി. കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. സ്വര്‍ണ മെഡലോടെയാണ് ബി.എ. ഓണേഴ്‌സ് പൂര്‍ത്തിയാക്കിയത്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ പൊതുപ്രവര്‍ത്തനത്തിനു തുടക്കമിട്ടു. തുടര്‍ന്ന് 1967 മുതല്‍ 1971 വരെ ജനസംഘം ദേശീയ സെക്രട്ടറിയായും 1971 മുതല്‍ 1977 വരെ ദേശീയ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്തു ജയില്‍വാസം അനുഷ്ഠിച്ചു. 1977 മുതല്‍ 1982 വരെ ഡെല്‍ഹിയിലെ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു. കന്യാകുമാരി വിവേകാനന്ദ കേന്ദ്രം ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1982ല്‍ കേരളത്തിലേക്കു പ്രവര്‍ത്തന മണ്ഡലം മാറ്റി. വര്‍ഷങ്ങളോളം രാഷ്ട്രീയത്തില്‍ സജീവമായിരുന്നെങ്കിലും പാര്‍ലമെന്ററി പദവികള്‍ അദ്ദേഹത്തെ ആകര്‍ഷിച്ചതേയില്ല. 1992ല്‍ രാജ്യസഭ എം.പിയാകാന്‍ ബി.ജെ.പി. നിര്‍ദേശിച്ചെങ്കിലും പദവി ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല.
പി.പരമേശ്വരന്റെ ഭൗതികദേഹം ഇന്നു രാവിലെ ആറു മുതല്‍ വൈകിട്ട് നാലു വരെ കൊച്ചി എളമക്കരയിലെ രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന ഓഫീസില്‍ പൊതുദര്‍ശനത്തിനു വെക്കും. സംസ്‌കാരം 5.30നു മുഹമ്മയിലെ വീട്ടുവളപ്പില്‍.
.

Back to Top