News

കൊറോണ വൈറസ് : ഹോട്ടല്‍ ജീവനക്കാര്‍ക്കു ബോധവല്‍ക്കരണം

തിരുവനന്തപുരം: കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്  കീഴിലുള്ള റീജനല്‍ ഔട്ട് റീച്ച് ബ്യൂറോ കേന്ദ്ര ടൂറിസം മന്ത്രാലയം, സംസ്ഥാന ടൂറിസം, ആരോഗ്യ വകുപ്പുകള്‍, ടൂറിസം ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കായുള്ള കൊറോണ വൈറസ്  ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കമായി.
തിരുവനന്തപുരത്തു നടന്ന പരിപാടിക്ക് എച്ച്1എന്‍1, കൊറോണ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റല്‍  നേതൃത്വം നല്‍കി. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുടെ വ്യാപനം തടയുന്നതിന് ശക്തവും ഫലപ്രദവുമായ നടപടികളാണ് കൈക്കൊണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ദിശ കോള്‍ സെന്ററിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ തികച്ചും നിയന്ത്രണ വിധേയമാണ്. വിദേശത്തുനിന്ന്, പ്രത്യേകിച്ച് കൊറോണ ബാധിത പ്രദേശത്ത് നിന്ന് എത്തുന്ന വിനോദസഞ്ചാരികളുമായി ഇടപഴകുമ്പോള്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളെ കുറിച്ചും റിസോര്‍ട്ടുകളിലും മറ്റും കൈക്കൊള്ളേണ്ട ശുചിത്വ നടപടികളെ കുറിച്ചും ഡോ. അമര്‍ ഫെറ്റല്‍ ക്ലാസ്സെടുത്തു.
പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡിഷണല്‍ ഡയറക്ടര്‍ എര്‍മെലിന്‍ഡ ഡയസ് ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്ത് റീജിയണല്‍ ഔട്ട് റീച്ച് ബ്യൂറോയുടെ കീഴിലുള്ള ഏഴ് യൂണിറ്റുകള്‍ വഴി എല്ലാ ജില്ലകളിലും കൊറോണ ബോധവല്‍ക്കരണ പരിപാടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവരികയാണെന്ന് അവര്‍ പറഞ്ഞു.
കേന്ദ്ര ടൂറിസം വകുപ്പിന്റെ കൊച്ചി കാര്യാലയത്തിന്റെ മേധാവി സന്ധ്യ ഹരിദാസ് അദ്ധ്യക്ഷയായിരുന്നു. കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ അഡൈ്വസര്‍ സുധീഷ് കുമാര്‍, സംസ്ഥാന ടൂറിസം ഉപദേശക ബോര്‍ഡ് അംഗം പി.കെ. അനീഷ് കുമാര്‍, ടൂറിസം ഇന്ത്യ മാനേജിംങ് എഡിറ്റര്‍ രവിശങ്കര്‍ കെ.വി. എന്നിവരും സംബന്ധിച്ചു. കോവളം, പൂവാര്‍ മേഖലകളിലെ വിവിധ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ പങ്കെടുത്തു.
റീജനല്‍ ഔട്ട് റീച്ച് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ 12നു കൊച്ചിയിലും വയനാട്ടിലും 13 ന് മൂന്നാര്‍ എന്നിവിടങ്ങളിലും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
.

Back to Top