News

മഹാകവി അക്കിത്തത്തിനു ജ്ഞാനപീഠം

ന്യൂഡെല്‍ഹി: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്കു ജ്ഞാനപീഠ പുരസ്‌കാരം. അവാര്‍ഡ് നിര്‍ണയ സമിതി ഏകകണ്ഠമായാണ് അദ്ദേഹത്തിന്റെ പേര് അംഗീകരിച്ചത്. അക്കിത്തത്തിലൂടെ ആറാമതു ജ്ഞാനപീഠമാണു മലയാളത്തിനു ലഭിക്കുന്നത്. 11 ലക്ഷം രൂപയും സരസ്വതി ശില്‍പവും അടങ്ങുന്നതാണു പുരസ്‌കാരം.
ലക്ഷണമൊത്ത കവിതകളിലൂടെ മലയാള കാവ്യലോകത്തു തന്റേതായ ഇടം നേടിയ അക്കിത്തം, സാമൂഹിക പരിഷ്‌കരണത്തിനും സാംസ്‌കാരികപൈതൃകത്തിന്റെ സംരക്ഷണത്തിനും മുന്നിട്ടുനില്‍ക്കുന്ന പ്രതിഭയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട രചന. ഇടിഞ്ഞുപൊളിഞ്ഞ ലോകം, ഒരു കുടന്ന നിലാവ് തുടങ്ങി അനേകം കവിതാസമാഹാരങ്ങളും ഈ എട്ടത്തി നുണയേ പറയൂ എന്ന നാടകവും കാക്കപ്പുള്ളികള്‍, അവതാളങ്ങള്‍ എന്നീ ചെറുകഥാ സമാഹാരങ്ങളും ഉപനയനം, സമാവര്‍ത്തനം എന്നി ലേഖന സമാഹാരങ്ങളും അക്കിത്തം രചിച്ചിട്ടുണ്ട്.
വി.ടി.ഭട്ടതിരിപ്പാടിനൊപ്പം സമുദായ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന അക്കിത്തം അച്യുതന്‍ നമ്പൂതിരി കമ്മ്യൂണിസ്റ്റ് ചേരിയിലും നിലകൊണ്ടിരുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാടുമായി അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും പിന്നീട് കമ്മ്യൂണിസ്റ്റ് വിരുദ്ധനായി മുദ്ര കുത്തപ്പെട്ടു.
പത്രപ്രവര്‍ത്തകനായി ജീവിതം ആരംഭിച്ച അക്കിത്തം പിന്നീട് ആകാശവാണിയില്‍ സ്‌ക്രിപ്റ്റ് റൈറ്ററായി.  പിന്നീട് എഡിറ്ററായാണു വിരമിച്ചത്.
2017ല്‍ പത്മശ്രീ ലഭിച്ച അദ്ദേഹത്തിന് കേന്ദ്ര, സംസ്ഥാന സാഹിത്യ അക്കാമദി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ്, ആശാന്‍ അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്‌കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ കുമരനല്ലൂര്‍ സ്വദേശിയായ അദ്ദേഹത്തിനുകേരള സര്‍ക്കാര്‍ നല്‍കിവരുന്ന എഴുത്തച്ഛന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
.

Back to Top