News

ശബരിമല: സര്‍ക്കാര്‍ നിലപാട് മാറ്റിയെന്ന് പുന്നല ശ്രീകുമാര്‍; നവോത്ഥാന സമിതിയില്‍ ഭിന്നത

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ചു സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനു വിരുദ്ധമായ നിലപാടുമായി നവോത്ഥാന സംരക്ഷണസമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ രംഗത്ത്. ശബരിമല സംബന്ധിച്ചു സര്‍ക്കാര്‍ നിലപാടു മാറ്റിയെന്നാണ് ശ്രീകുമാറിന്റെ ആരോപണം. നവോത്ഥാന സമിതിയിലെ മറ്റൊരു പ്രമുഖനായ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ റിവ്യൂ ഹര്‍ജികളില്‍ വിശ്വാസികള്‍ക്ക് അനുകൂലമായി തീര്‍പ്പുണ്ടായിരിക്കുന്നു എന്നു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ശബരിമലയില്‍ യുവതികള്‍ക്കു ദര്‍ശനം നടത്തുന്നതിന് അനുമതി നല്‍കിയ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ നല്‍കപ്പെട്ട റിവ്യൂ ഹര്‍ജികളില്‍ തീര്‍പ്പാകുംവരെ യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ല എന്നതാണു സര്‍ക്കാര്‍ നിലപാട്. ഇതിനെതിരെയാണു പുന്നല ശ്രീകുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന യുവതികള്‍ കോടതി ഉത്തരവുമായി വരട്ടെ എന്ന ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നു ശ്രീകുമാര്‍ ആരോപിച്ചു. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുകയാണെന്നു കുറ്റപ്പെടുത്തുകയും ചെയ്തു.
റിവ്യൂ ഹര്‍ജികളില്‍ സുപ്രീം കോടതി കൈക്കൊണ്ട തീരുമാനം വിശ്വാസികള്‍ക്ക് അനുകൂലമാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന ഇടതു സര്‍ക്കാരിന്റെ നയത്തോടു യോജിപ്പില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ വെളിപ്പെടുത്തുന്നത്. തൊട്ടുപിറകെയാണ് സര്‍ക്കാരിന്റെ നിലപാടിനെതിരെ പുന്നല ശ്രീകുമാറും രംഗത്തെത്തിയിരിക്കുന്നത്.
സര്‍ക്കാരിനെതിരെയുള്ള വെള്ളാപ്പള്ളി നടേശന്റെയും പുന്നല ശ്രീകുമാറിന്റെയും പ്രതികരണം നവോത്ഥാന സംരക്ഷണ സമിതിയുടെ നിലനില്‍പിനെ ചോദ്യംചെയ്യുന്നതാണ്. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ട് 2018ല്‍ സുപ്രീം കോടതി വിധി വന്നപ്പോള്‍ മുഖം രക്ഷിക്കാനായി സര്‍ക്കാര്‍ രൂപീകരിച്ച സമിതിയാണ് ഇത്. വിധി മറയാക്കി ശബരിമലയിലെ ആചാരങ്ങള്‍ മാറ്റിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുത്തപ്പോള്‍ സര്‍ക്കാരിന്റെ നടപടികളെ ന്യായീകരിക്കാനും ജനപിന്‍തുണയുണ്ടെന്നു സ്ഥാപിക്കാനും രൂപീകരിക്കപ്പെട്ടതാണു നവോത്ഥാന സംരക്ഷണ സമിതി. ഇതിന്റെ ഭാരവാഹികളായി എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും കേരള പുലയര്‍ മഹാസഭ ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറിനെയും ഉള്‍പ്പെടുത്താന്‍ സാധിച്ചതു സര്‍ക്കാരിനു വിജയമായിരുന്നു.
.

Back to Top