News

ശബരിമല: റിവ്യൂ ഹര്‍ജികള്‍ ഏഴംഗ ബെഞ്ചിനു വിട്ടു

ന്യൂഡെല്‍ഹി: ശബരിമല യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയിലുള്ള റിവ്യൂ ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏഴംഗ ബെഞ്ചിനു വിട്ടു. മതവിശ്വാസം പരിഗണിക്കപ്പെടേണ്ടതാണെന്ന് പരമോന്നത നീതിപീഠം വിലയിരുത്തി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണു വിധി പുറപ്പെടുവിച്ചത്.
2018 സെപ്റ്റംബര്‍ 28ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചിരുന്നു. എന്നാല്‍, പ്രസ്തുത വിധിക്കെതിരെ 56 റിവ്യൂ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടു. അവയിലാണ് ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എ.എം.ഖാന്‍വില്‍കര്‍, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, ആര്‍.എഫ്.നരിമാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ വിധി. ഇതില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, ഖാന്‍വില്‍ക്കര്‍ എന്നിവരാണു ഹര്‍ജികള്‍ ഏഴംഗ ബെഞ്ചിനു വിടണമെന്നു വിധിച്ചത്. ജസ്റ്റിസുമാരായ റോഹിങ്ടണ്‍ നരിമാനും ഡി.വൈ.ചന്ദ്രചൂഡും റിവ്യൂ ഹര്‍ജികള്‍ തള്ളണമെന്ന നിലപാടാണു സ്വീകരിച്ചത്.
നിലവിലുള്ള ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്ന സാഹചര്യത്തില്‍ പുതിയ ചീഫ് ജസ്റ്റിസ് അധികാരമേറ്റ ശേഷമായിരിക്കും പുതിയ ബെഞ്ച് രൂപീകരിക്കുന്നത്.
മതത്തിനു പരിഗണന നല്‍കേണ്ടതാണെന്നു കോടതി വിലയിരുത്തി. മുസ്ലീം സ്ത്രീകള്‍ക്കു പള്ളിയില്‍ പ്രവേശിക്കുന്നതിനും പാര്‍സി സ്ത്രീകള്‍ക്ക് ആരാധനാലയത്തില്‍ പ്രവേശിക്കുന്നതിനും ഉള്ള വിലക്കും ശബരിമല വിധിയും ബന്ധപ്പെട്ടുകിടക്കുന്നുവെന്നു വിധിയില്‍ ചൂണ്ടിക്കാട്ടി. ശിരൂര്‍ മഠം കേസില്‍ മഠത്തിലെ ആചാരങ്ങള്‍ തീരുമാനിക്കേണ്ടത് ആചാര്യന്‍മാരാണെന്നു സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാല്‍, ശബരിമല കേസിലെ വിധി ഇതിനു വിരുദ്ധമാണെന്നു ന്യായാധിപന്‍മാര്‍ നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണു റിവ്യൂ ഹര്‍ജികള്‍ ഏഴംഗ ബെഞ്ചിനു വിടാന്‍ തീരുമാനിച്ചത്.
നേരത്തേ, റിവ്യൂ ഹര്‍ജികളിലുള്ള വാദം തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിരുന്നു. കേസ് പരിഗണിക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാരിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും നോട്ടീസയക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
.

Back to Top