News

ശബരിമല: വിധി നാളെ

ന്യൂഡെല്‍ഹി: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹര്‍ജികളില്‍ നാളെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധി പറയും. രാവിലെ 10.30നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറയുക.
യുവതികള്‍ പതിനെട്ടാംപടി കയറി ശബരിമല ദര്‍ശനം നടത്തുന്നത് അനുവദിച്ചുകൊണ്ടു നേരത്തേ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയെത്തുടര്‍ന്നു പൊലീസ് സംരക്ഷണത്തില്‍ ഏതാനും യുവതികള്‍ ശബരിമലയില്‍ എത്തിയിരുന്നു. ഇതിനു പിന്നില്‍ ശബരിമലയില്‍ ആചാരലംഘനം നടത്തുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ സ്ഥാപിത താല്‍പര്യമാണെന്ന പരാതി ഉയരുകയും ചെയ്തിരുന്നു.
സര്‍ക്കാര്‍ അവിശ്വാസികള്‍ക്കൊപ്പം ചേര്‍ന്നു വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കുംമീതെ കടന്നാക്രമണം നടത്താന്‍ ശ്രമിച്ചതു പലപ്പോഴും സംഘര്‍ഷത്തിനിടയാക്കി. ആചാരസംരക്ഷണത്തിനായി നിലകൊണ്ട ഭക്തരുടെയും അവര്‍ക്കൊപ്പം നിന്ന സംഘടനകളുടെ  പ്രവര്‍ത്തകരുടെയും പേരില്‍ കള്ളക്കേസുകള്‍ എടുക്കുന്ന സാഹചര്യവും ഉണ്ടായി. അതോടെ, കോടതിവിധിയുടെ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണെന്നും ഹൈന്ദവവിശ്വാസങ്ങളെ ചവിട്ടിമെതിക്കുകയാണെന്നും ശക്തമായ ആരോപണമുയര്‍ന്നു.
തുടര്‍ന്നു നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു ദയനീയമായ തോല്‍വി നേരിട്ടതോടെ സംസ്ഥാന സര്‍ക്കാരും സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന സി.പി.ഐ(എം)യും പുനര്‍വിചിന്തനത്തിനു തയ്യാറാവുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തില്‍, പുനഃപരിശോധനാ ഹര്‍ജികളിലെ വിധിക്കായി കേരളജനതയും പുറത്തുള്ള അയ്യപ്പഭക്തരും കാത്തിരിക്കുന്നത് ആശങ്കകളോടെയാണ്. ചീഫ് ജസ്റ്റിസിനു പുറമേ, സുപ്രീം കോടതി ജസ്റ്റിസുമാരായ ആര്‍.എഫ്.നരിമാന്‍, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ ഉള്‍പ്പെട്ട ഭരണഘടനാ ബെഞ്ചംാംണു വിധി പറയുക.
.

Back to Top