News

കോഴിക്കോട്ട് ആറു ബന്ധുക്കളുടെ മരണം: ജോളിയും മറ്റു രണ്ടു പ്രതികളും പൊലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: കൂടത്തായിയില്‍ ബന്ധുക്കളായ ആറു പേരുടെ ദുരൂഹ മരണം അന്വേഷിക്കുന്നതിന്റെ ഭാഗമായി, സംശയത്തിന്റെ നിഴലിലുള്ള യുവതി ജോളി കൂടത്തായിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ഭര്‍ത്താവ് റോയ് തോമസ്, ഭര്‍തൃമാതാവ് അന്നമ്മ, ഭര്‍തൃപിതാവ് ടോം തോമസ്, റോയിയുടെ പിതൃസഹോദര പുത്രനായ ഷാജുവിന്റെ ഭാര്യ സിലിയും മകളും, റോയിയുടെ അമ്മാവന്‍ എം.എം.മാത്യു എന്നിവരാണു സംശയാസ്പദമായ സാഹചര്യങ്ങളില്‍ മരിച്ചത്. എല്ലാവരും മാരക രാസവസ്തുവായ സയനൈഡ് അകത്തുചെന്നാണു മരിച്ചതെന്നാണു സൂചന. ജോളിക്കു പിറകെ രണ്ടു പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കപ്പെട്ട ഇവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബന്ധുക്കളെ ഉള്‍പ്പെടെ അന്വേഷണസംഘം ആവര്‍ത്തിച്ചു ചോദ്യംചെയ്തുവരികയാണ്. അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്കു കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും.
അന്നമ്മയാണു ദൂരൂഹ സാഹചര്യത്തില്‍ ആദ്യം മരിച്ചത്. 2002ലല്‍ അവര്‍ ആട്ടിന്‍സൂപ്പ് കഴിച്ചയുടന്‍ കുഴഞ്ഞുവീണു മരിക്കുകയാണ് ഉണ്ടായത്. ജോളി തയ്യാറാക്കി നല്‍കിയ സൂപ്പാണ് അന്നമ്മ കഴിച്ചതെന്നാണു കരുതുന്നത്. സൂപ്പില്‍ സയനൈഡ് കലര്‍ത്തിനല്‍കിയതാകാം എന്നാണു നിഗമനം. 2008ല്‍ സമാനമായ സാഹചര്യത്തില്‍ ടോം തോമസും മരിക്കാനിടയായി. കപ്പ കഴിച്ച ഉടനെയായിരുന്നു മരണം. കപ്പയില്‍ സയനൈഡ് കലര്‍ത്തിനല്‍കി കൊലപ്പെടുത്തുകയായിരുന്നു എന്നാണു സംശയം.
ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത് 2011ലാണ്. ഭക്ഷണം കഴിച്ചശേഷം ബാത്ത്‌റൂമില്‍ പോയ അദ്ദേഹം കുഴഞ്ഞുവീഴുകായിരുന്നു. സയനൈഡ് അകത്തുചെന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വെളിപ്പെട്ടിരുന്നുവെങ്കിലും റോയ് ആത്മഹത്യ ചെയ്തതാണെന്നും ഈ വിവരം പുറത്തറിയുന്നതു കുടുംബത്തിന്റെ സല്‍പ്പേരിനു കളങ്കം വരുത്തുമെന്നുമുള്ള വ്യാജേന ജോളിയുടെ നേതൃത്വത്തില്‍ ഇക്കാര്യം മൂടിവെക്കുകയായിരുന്നുവത്രെ. റോയിയുടെ മരണത്തില്‍ സംശയമുയര്‍ത്തിയ അമ്മാവന്‍ എം.എം.മാത്യു വൈകാതെ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. കാപ്പിയില്‍ സയനൈഡ് കലര്‍ത്തിനല്‍കിയതോടെയാണു മരണം സംഭവിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.
തുടര്‍ന്നു കൊല്ലപ്പെട്ടത് ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യയിലുള്ള രണ്ടു വയസ്സുകാരി മകളും ഭാര്യ സിലിയുമാണ്. 2014ലാണു കുട്ടിക്കു ജീവന്‍ നഷ്ടമായതെങ്കില്‍ സിലി മരിച്ചത് 2016ലാണ്. വിഷം അകത്തുചെന്നായിരുന്നു ഇരുവരുടെയും മരണമെന്നാണു നിഗമനം.
തുടര്‍ന്നു ജോളിയും ഷാജുവും വിവാഹിതരായി. റോയിയുടെ സഹോദരങ്ങളും ജോളിയും തമ്മില്‍ സ്വത്തു സംബന്ധിച്ചുണ്ടായ തര്‍ക്കമാണു മരണങ്ങളെക്കുറിച്ചുള്ള ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യത്തിലേക്കു നയിച്ചത്. പരാതി ലഭിച്ചതിനെത്തുടര്‍ന്നു നടത്തിയ വിദഗ്ധമായ അന്വേഷണത്തിലാണു മരണങ്ങള്‍ക്കു പിന്നിലുള്ള ദുരൂഹത പുറത്തുകൊണ്ടുവരാന്‍ പൊലീസിനു സാധിച്ചത്. സംശയകരമായ സാഹചര്യത്തില്‍ മരിച്ച എല്ലാവരുടെയും കല്ലറകള്‍ തുറന്നു മൃതദേഹ ഭാഗങ്ങള്‍ പൊലീസ് ശേഖരിച്ചു. ഇവ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും.
ജോളിയുടെ ജീവിതത്തെക്കുറിച്ചു തന്നെ പല സംശയങ്ങളും ഉയരുന്ന സാഹചര്യമാണ് ഉള്ളത്. കോഴിക്കോട് എന്‍.ഐ.ടിയില്‍ അധ്യാപികയാണെന്നായിരുന്നു ഭര്‍തൃവീട്ടുകാരെയും ബന്ധുക്കളെയും നാട്ടുകാരെയുമൊക്കെ ജോളി ധരിപ്പിച്ചിരുന്നത്. എന്നാല്‍, ഇതു ശരിയല്ല. അതേസമയം, എന്‍.ഐ.ടിയില്‍ ഇവര്‍ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നത്രെ. എന്‍.ഐ.ടി. കാന്റീന്‍, സമീപത്തുള്ള ബ്യൂട്ടി പാര്‍ലര്‍ എന്നിവിടങ്ങളിലൊക്കെ ജോളി നിത്യസന്ദര്‍ശകയായിരുന്നത്രെ.
രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ പല പുരുഷന്‍മാരുമായും ഇവര്‍ വഴിവിട്ട ബന്ധം നിലനിര്‍ത്തിയിരുന്നു എന്നാണു സൂചന. ഒന്നിലധികം പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കളും ഏതാനും സുഹൃത്തുക്കളും കൊലപാതകങ്ങള്‍ക്കും സ്വത്തു തട്ടിയെടുക്കലിനും സഹായമേകിയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
മരിച്ച റോയിയുടെ ബന്ധു മാത്യുവും സ്വര്‍ണ പണിക്കാരന്‍ പ്രജു കുമാറുമാണ് കസ്റ്റഡിയില്‍ ഉള്ളത്. ഇതില്‍ മാത്യുവാണ് ജോളിക്ക് സയനൈഡ് എത്തിച്ചുനല്‍കിയതെന്നാണു കരുതുന്നത്. പ്രജു കുമാര്‍ ജുവലറി ജീവനക്കാരനാണ്.
ഭര്‍തൃവീട്ടിലെ സ്വത്തു തട്ടിയെടുക്കാനായി ജോളി ചമച്ച വ്യാജ ഒസ്യത്ത് തയ്യാറാക്കുന്നതിനു പലരും സഹായം നല്‍കിയിട്ടുണ്ടെന്നാണു സൂചന. ഒസ്യത്തില്‍ ഒപ്പിട്ട പ്രാദേശിക നേതാവിനെ സി.പി.ഐ.(എം) പുറത്താക്കി. എന്‍.ഐ.ടിക്കു സമീപമുള്ള കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ മരണവുമായി ബന്ധപ്പെട്ടും ജോളിക്കു നേരെ സംശയമുന നീളുന്നുണ്ട്.
ആറു കൊലപാതകങ്ങള്‍ ഒരു സ്ത്രീക്കു മാത്രമായി ആസൂത്രണം ചെയ്തു നടപ്പാക്കാന്‍ സാധിക്കില്ലെന്നാണു നിഗമനം. കൂടുതല്‍ പേരെ കൊലപ്പെടുത്താന്‍ ജോളി ശ്രമിച്ചിരുന്നതായും സൂചനയുണ്ട്. പെണ്‍കുട്ടികളെ ഇഷ്ടമല്ലാത്തതിനാല്‍ ഒന്നിലേറെ പെണ്‍കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി അവര്‍ പൊലീസിനു മൊഴി നല്‍കിയതായാണു റിപ്പോര്‍ട്ട്. റോയിയുടെ സഹോദരി റെഞ്ചിയെയും മകളെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നത്രെ. ഒരിക്കല്‍ ജോളി നല്‍കിയ പാനീയം കുടിച്ച റെഞ്ചിക്കു ഛര്‍ദിയും അസ്വസ്ഥതയും അനുഭവപ്പെടുകയും തുടര്‍ന്നു വളരെയധികം വെള്ളം കുടിച്ചതോടെ രക്ഷപ്പെടുകയുമാണത്രെ ഉണ്ടായത്.
.

Back to Top