News

പി.ജയരാജന്‍ ബി.ജെ.പിയിലേക്കെന്ന്; ഇല്ലെന്നു ജയരാജന്‍

കോഴിക്കോട്: സി.പി.ഐ.(എം) സംസ്ഥാന നേതൃത്വം അകറ്റിനിര്‍ത്തിയിരിക്കുന്ന പാര്‍ട്ടിയുടെ കണ്ണൂരിലെ നേതാവ് പി.ജയരാജന്‍ പാര്‍ട്ടി വിടുന്നുവെന്നു പ്രചരണം. ജയരാജന്‍ സി.പി.ഐ.(എം) വിടുന്നു എന്നും ബി.ജെ.പിയില്‍ ചേരും എന്നുമാണു സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബി.ജെ.പി. നേതാക്കളുമായി ജയരാജന്‍ ചര്‍ച്ച നടത്തിയതായും വിശദീകരിക്കപ്പെടുന്നുണ്ട്. എന്നാല്‍, താന്‍ ബി.ജെ.പിയില്‍ ചേരുന്നു എന്ന വാര്‍ത്ത വ്യാജമാണെന്നു പി.ജയരാജന്‍ പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സംഭവത്തെക്കുറിച്ചു പ്രതികരിക്കാന്‍ മറ്റു സി.പി.ഐ.(എം) നേതാക്കളൊന്നും തയ്യാറായിട്ടില്ലെന്നതു ശ്രദ്ധയമാണ്.
ജനം ടിവിയുടെ ലോഗോ വെച്ചുള്ള കാര്‍ഡാണ് പി. ജയരാജന്‍ പാര്‍ട്ടി വിടുന്നു എന്നതു സംബന്ധിച്ചു കൂടുതലായി പ്രചരിക്കുന്നത്. അദ്ദേഹം സി.പി.ഐ.(എം) വിടുകയാണെന്നും ബി.ജെ.പി. നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും ഈ സംഭവവികാസങ്ങള്‍ സി.പി.ഐ.(എം) നേതൃത്വത്തെ അങ്കലാപ്പിലാക്കി എന്നുമാണ് ഇതില്‍ വിശദീകരിക്കുന്നത്.
സി.പി.ഐ.(എം) നേതൃത്വത്തിന് അനഭിമതനായ പി.ജയരാജന്റെ രാഷ്ട്രീയഭാവി അനിശ്ചിതത്വത്തില്‍ തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ കാലുമാറ്റം സംഭവിച്ച വാര്‍ത്ത പ്രചരിക്കുന്നത് എന്നതു ശ്രദ്ധയമാണ്. സി.പി.ഐ(എം)യുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജന്‍ അക്രമത്തിന്റെ പാത പിന്‍തുടരുകയും യുവജന നായകനായിത്തീരാന്‍ പാര്‍ട്ടിക്കു ചേരാത്ത വഴി തേടുകയും ചെയ്യുന്നു എന്നു ചൂണ്ടിക്കാട്ടി മറ്റു നേതാക്കള്‍ പലരും അദ്ദേഹത്തിനെതിരെ തിരിഞ്ഞിരുന്നു. പി.ജയരാജന്റെ ഫോട്ടോകള്‍ പതിച്ച വലിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള വിപ്ലവഗാനങ്ങള്‍ പുറത്തിറങ്ങുകയും ചെയ്തതു പാര്‍ട്ടിയില്‍ എതിര്‍പ്പു വര്‍ധിപ്പിച്ചു.
തുടര്‍ന്നു ശാസിക്കപ്പെട്ട ജയരാജന്‍ പാര്‍ട്ടിക്കു വഴങ്ങുന്നതായി സൂചിപ്പിച്ചുകൊണ്ടു പ്രസ്താവന ഇറക്കിയിരുന്നു. എങ്കിലും തന്നെ ഉയര്‍ത്തിക്കാട്ടുന്ന ഒരു വിഭാഗം പ്രവര്‍ത്തകരുടെ 'പാര്‍ട്ടിക്കു രുചിക്കാത്ത' പ്രവര്‍ത്തനത്തിനു തടയിടാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.
ഈ സാഹചര്യത്തിലാണു ജയരാജനെ വടകര ലോക്‌സഭാ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. മുന്‍പേ നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം പരാജയപ്പെട്ട മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി ജയരാജനെ തെരഞ്ഞെടുത്തതു കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിനിര്‍ത്താന്‍ ഉദ്ദേശിച്ചുകൂടിയാണെന്നു വ്യക്തമായിരുന്നു. പി.ജയരാജന്‍ സ്ഥാനാര്‍ഥിയാക്കപ്പെട്ടതോടെ തിടുക്കത്തില്‍ എം.വി.ജയരാജനെ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പ്രഖ്യാപിക്കുകയാണ് ഉണ്ടായത്. പി.ജയരാജന്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നപക്ഷം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരിച്ചുവരുന്ന സാഹചര്യം ഒഴിവാക്കാനാണു സ്ഥിരം സെക്രട്ടറിയായി എം.വി.ജയരാജനെ തീരുമാനിച്ചതെന്നാണു സൂചന. അതുവരെ മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്ന എം.വി.ജയരാജന്‍ സംസ്ഥാന ഭരണത്തില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിവരികയായിരുന്നു. എന്നിരിക്കെ, അദ്ദേഹത്തെ കണ്ണൂരിലേക്ക് അയക്കാന്‍ പിണറായി വിജയന്‍ തയ്യാറായതു സ്വന്തം തട്ടകത്തില്‍ പി.ജയരാജന്‍ അനിഷേധ്യ നേതൃത്വമായി വളരുന്ന സാഹചര്യം ഒഴിവാക്കാനാണെന്നാണു കരുതപ്പെടുന്നത്.
കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ സി.പി.ഐ(എം)യിലേക്കു പോയ ബി.ജെ.പി. പ്രവര്‍ത്തകര്‍ പലരും ബി.ജെ.പിയിലേക്കു മടങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. ബി.ജെ.പി. പ്രവര്‍ത്തകരെ സി.പി.ഐ(എം)യില്‍ എത്തിക്കുന്നതിനു നേതൃത്വം നല്‍കിയ നേതാവാണു പി.ജയരാജന്‍. ഇപ്പോള്‍ അദ്ദേഹം തന്നെ ബി.ജെ.പിയിലേക്കു പോകുന്നു എന്നു പ്രചരിക്കുന്നതു സി.പി.ഐ(എം)ക്കു തിരിച്ചടിയാകും.
അതേസമയം, താന്‍ ബി.ജെ.പിയില്‍ ചേരുന്നുവെന്ന പ്രചരണം വ്യാജമാണ് എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പി.ജയരാജന്‍ വ്യക്തമാക്കിയിരിക്കുന്നത്. താന്‍ പാര്‍ട്ടി വിടുന്നതായ വാര്‍ത്ത കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും ഒടുവില്‍ ജനം ടിവിയുടെ ലോഗോ വെച്ച് ഈ പ്രചരണം പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണു പ്രതികരിക്കുന്നതെന്നും ആണ് അദ്ദേഹത്തിന്റെ വിശദീകരണം. പിതൃശൂന്യവാര്‍ത്ത, സംഘപരിവാരത്തിന്റെ നെറികെട്ട നുണ തുടങ്ങിയ പ്രയോഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണു പോസ്റ്റ്. സംഘപരിവാറിനെതിരെ പോരാടാനാണു രാഷ്ട്രീയ ജീവിതത്തിന്റെ പ്രധാന പങ്കും ഉപയോഗപ്പെടുത്തിയതെന്നും അതിനിയും തുടരുമെന്നും പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
.

Back to Top