News

മോദി ജനകീയന്‍, മോദിഭരണം മികച്ചത്: ജയറാം രമേഷ്

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതു ജനങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്. സവിശേഷമായ വിധത്തിലാണു മോദി ഭരണനിര്‍വഹണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഡി.എ. എങ്ങനെ രണ്ടാമതും ഉജ്വല വിജയം നേടി എന്നതു പഠനവിധേയമാക്കേണ്ട സമയമാണ് ഇതെന്നും ഒരു പുസ്തകപ്രകാശന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.
ജനങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിന് ഉതകുന്ന ഭാഷയിലാണു മോദി സംസാരിക്കുന്നത്. മുന്‍പൊരു ഭരണാധികാരിയും ചെയ്തിട്ടില്ലാത്തതും ജനങ്ങളുടെ അംഗീകാരം ലഭിക്കുന്നതുമായ കാര്യമാണു മോദി സര്‍ക്കാര്‍ ചെയ്യുന്നത്.
ഭരണനിര്‍വഹണത്തില്‍ മോദിക്കുള്ള സവിശേഷത തിരിച്ചറിയണം. മോദിഭരണം സൃഷ്ടിച്ച സാമൂഹിക ബന്ധങ്ങള്‍ മേന്മയേറിയതാണ്. മോദിയുടെ ഭരണമാതൃക അപ്പാടെ മോശമല്ലെന്നും മോദി ചെയ്ത കാര്യങ്ങളെല്ലാം തള്ളിക്കളയേണ്ടവയാണെന്നു കരുതുന്നില്ലെന്നും ജയറാം രമേഷ് വ്യക്തമാക്കി.
ഒന്നാം മോദി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ട സമയമാണ് ഇപ്പോള്‍. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. 37.4 ശതമാനം വോട്ടും എന്‍.ഡി.എ. 45 ശതമാനം വോട്ടും നേടി. ഉജ്വലവിജയം നേടാന്‍ ഭരണമുന്നണിക്ക് എങ്ങനെ സാധിച്ചുവെന്നു വിലയിരുത്തേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.

Back to Top