News

കര്‍ണാടക സര്‍ക്കാരിനെ പിരിച്ചുവിടണം: ബി.ജെ.പി.

ബെംഗളുരു: ഭൂരിപക്ഷം നഷ്ടപ്പെട്ട കര്‍ണാടക സര്‍ക്കാരിനെ പിരിച്ചുവിടണമെന്നു സംസ്ഥാന ഗവര്‍ണറോടു ബി.ജെ.പി. ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച കത്ത് പാര്‍ട്ടി നേതാവ് യെദ്യൂരപ്പ രാജ്ഭവനിലെത്തി കൈമാറുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പു നടത്തേണ്ടതില്ലെന്നു കത്തില്‍ ചൂണ്ടിക്കാട്ടിയതായി അറിയുന്നു. അതേസമയം, നേരത്തേ രാജി സമര്‍പ്പിച്ച എം.എല്‍.എമാരുടെ രാജി സ്വീകരിക്കപ്പെടാത്ത സാഹചര്യത്തില്‍ അവര്‍ പുതിയ രാജിക്കത്ത് സ്പീഡ് പോസ്റ്റ് വഴി അയച്ചതായി റിപ്പോര്‍ട്ടുണ്ട്.
കര്‍ണാടകയിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം വിശദമാക്കിക്കൊണ്ടാണ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യം ബി.ജെ.പി. മുന്നോട്ടുവെച്ചത്. നാലു പേജുള്ള കത്തില്‍ സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ടമായെന്നും ന്യൂനപക്ഷ സര്‍ക്കാരിനെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. എം.എല്‍.എമാരെ കോണ്‍ഗ്രസ് നേതാവ് ശിവകുമാര്‍ ഭീഷണിപ്പെടുത്തുന്നതായി ഗവര്‍ണറെ യെദ്യൂരപ്പ ധരിപ്പിച്ചതായും അറിയുന്നു.
കയ്യക്ഷരവും ഒപ്പും ഉള്‍പ്പെട്ട രാജിക്കത്ത് വേണമെന്നു സ്പീക്കര്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണു വിമത എം.എല്‍.എമാര്‍ പുതിയ രാജിക്കത്തു നല്‍കിയത്. ചട്ടപ്രകാരമുള്ള രാജിക്കത്തു മാത്രമേ സ്വീകരിക്കാന്‍ നിര്‍വാഹമുള്ളൂ എന്നു സ്പീക്കര്‍ വെളിപ്പെടുത്തിയിരുന്നു.
പാര്‍ട്ടിക്കു പങ്കാളിത്തമുള്ള സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് സജീവമായി രംഗത്തുണ്ട്. സ്പീക്കറുടെ അധികാരത്തില്‍ ഗവര്‍ണര്‍ കൈകടത്തിയതായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ആരോപിച്ചു. എം.എല്‍.എമാരുടെ രാജി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു സ്പീര്‍ക്കര്‍ക്കു കത്തു നല്‍കാന്‍ ഗവര്‍ണര്‍ തയ്യാറായ സാഹചര്യത്തിലാണു കോണ്‍ഗ്രസിന്റെ പ്രതികരണം. രാജിക്കത്തു സ്വീകരിക്കേണ്ടതെങ്ങനെ എന്നതു സ്പീക്കറുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും ഗവര്‍ണര്‍ അനാവശ്യ ഇടപെടലിനു ശ്രമിച്ചുവെന്നമാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം.
.

Back to Top