News

കാലവര്‍ഷം അതിദുര്‍ബലം; കേരളം വരള്‍ച്ചാഭീതിയില്‍

തിരുവനന്തപുരം: കാലവര്‍ഷം തിമിര്‍ത്തുപെയ്യേണ്ട തിരുവാതിര ഞാറ്റുവേല പിന്നിടുമ്പോഴും മഴ ദുര്‍ബലം. കേരളത്തില്‍ ചില പ്രദേശങ്ങളില്‍ ഇപ്പോഴും ജലാശയങ്ങളും കിണറുകളും വറ്റിയ നിലയില്‍ തുടരുകയാണ്. നദികളിലും തോടുകളിലും നീരൊഴുക്കു ശക്തിപ്പെട്ടിട്ടില്ല. ആകെ ലഭിക്കേണ്ട മഴയുടെ അഞ്ചിലൊന്നു മാത്രമേ ഏതാനും സ്ഥലങ്ങളില്‍ ഇതുവരെ ലഭിച്ചിട്ടുള്ളൂ. മഴ കുറഞ്ഞതു കുടിവെള്ള ലഭ്യതയെയും കൃഷിയെയും വൈദ്യുതി ഉല്‍പാദനത്തെയുമൊക്കെ വിപരീതമായി ബാധിച്ചേക്കും.
കാലവര്‍ഷത്തിന്റെ ഏറിയ പങ്കും ലഭിക്കേണ്ട ജൂണ്‍ മാസത്തില്‍ ഇത്തവണ കാര്യമായ മഴ ലഭിച്ചതേയില്ല. പകുതി മഴ ലഭിച്ചതായി വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും ആവശ്യമായതിന്റെ 80 ശതമാനത്തോളം മഴ കുറവായ ഇടങ്ങളുണ്ട്. അണക്കെട്ടുകള്‍ പലതും വറ്റിവരണ്ട നിലയില്‍ തുടരുകയാണ്. മഴക്കാലത്തു മാത്രം നീരൊഴുക്കുണ്ടാകുന്ന തോടുകളിലൊന്നും നീരൊഴുക്ക് ആരംഭിച്ചിട്ടില്ല. പുഴകളില്‍ ജലനിരപ്പു കുറവുമാണ്.
മണ്‍സൂണ്‍ മേഘങ്ങളെ കേരളത്തിലേക്കെത്തിക്കേണ്ട കാറ്റിന്റെ ഗതി മാറിയതാണു മഴ കുറയാന്‍ കാരണമെന്നാണു കാലാവസ്ഥാ വിദഗ്ധരുടെ വിശദീകരണം. അറബിക്കടലില്‍നിന്നു കേരളത്തില്‍ എത്തുമെന്ന പ്രതീക്ഷിച്ച കാറ്റ് ദിശ മാറി ഗോവ-കൊങ്കണ്‍ തീരത്തേക്കു നീങ്ങുകയാണുണ്ടായത്. അതോടെ ഗോവ, മുംബൈ തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. കേരളം വരള്‍ച്ച നേരിടുമ്പോള്‍ മുംബൈ വെള്ളപ്പൊക്ക ദുരിതം നേരിടുന്ന സാഹചര്യം സംജാതമാകാന്‍ ഇതാണു കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വൈദ്യുതോല്‍പാദനം, കൃഷി, കുടിനീര്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കൊന്നും വെള്ളമില്ലാത്ത സ്ഥിതി വരുമോ എന്ന ആശങ്കയിലാണു സംസ്ഥാനം. കഴിഞ്ഞ ഏതാനും ആഴ്ചകളായി ചെന്നൈ നഗരം അനുഭവിച്ചതുപോലെ ജലക്ഷാമം നേരിടേണ്ടിവരുമോ എന്നു ജനങ്ങള്‍ സംശയിക്കുന്നു. തോടുകളും ജലാശയങ്ങളും വറ്റിവരണ്ടതു നിമിത്തം ഏതാനും മാസങ്ങളായി കുടിവെള്ള ലഭ്യത കുറവാണ്. ജലക്ഷാമം കൃഷിയെയും പ്രതികൂലമായി ബാധിച്ചിരുന്നു. പലയിടങ്ങളിലും കൃഷി വ്യാപകമായി ഉണങ്ങിനശിച്ചു. വൈദ്യുതോല്‍പാദനം പ്രതിസന്ധിയിലേക്കു നീങ്ങുകയുമാണ്. ആവശ്യത്തിനു വൈദ്യുതി ഇല്ലാത്ത സാഹചര്യമാണ് ഈ ദിവസങ്ങളില്‍പ്പോലും നിലനില്‍ക്കുന്നത്. കാലവര്‍ഷം ശക്തമാകുന്നതോടെ വൈദ്യുതി വില്‍ക്കാന്‍ സാധിക്കാറുള്ള നാളുകളിലാണ് കേരളം ഇത്തവണ വൈദ്യുതിക്ഷാമം നേരിടേണ്ടിവരുന്നത്. ലോഡ് ഷെഡിങ് പോലുള്ള നിയന്ത്രണങ്ങളിലേക്കു കടക്കുന്ന സാഹചര്യം ഇപ്പോള്‍ത്തന്നെ സംജാതമായാല്‍ ഇനിയങ്ങോട്ടുള്ള നാളുകളില്‍ വൈദ്യുതിക്ഷാമം എത്രത്തോളം ഉയരുമെന്നതും ജനങ്ങളെ അങ്കലാപ്പിലാക്കുന്നു.
.

Back to Top