News

ബിനോയ് കോടിയേരി നിരന്തരം പീഡിപ്പിച്ചതായി ബിഹാര്‍ സ്വദേശിനിയുടെ പരാതി

മുംബൈ: സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് വിനോദിനി ബാലകൃഷണന്‍ വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചതായി ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതി. മുംബൈയിലാണു പരാതി നല്‍കിയിരിക്കുന്നത്. ബിനോയിയുമായുള്ള ബന്ധത്തില്‍ തനിക്കു കുഞ്ഞുണ്ടായെന്നും യുവതി വിശദീകരിച്ചിട്ടുണ്ട്. അതേസമയം, യുവതി ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നു കാണിച്ചു ബിനോയ് നേരത്തേ പൊലീസില്‍ പരാതിപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്. സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയുടെ മകനെക്കുറിച്ച് ആരോപണം ഉയര്‍ന്നതു സംബന്ധിച്ച് ഒന്നുമറിയില്ലെന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.
2009 മുതല്‍ 2018 വരെ പീഡിപ്പിച്ചതായാണു യുവതി മുംബൈയിലെ അന്ധേരി ഓഷിവാര പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഡാന്‍സ് ബാറില്‍ ജീവനക്കാരിയായിരുന്ന തന്നെ ഡാന്‍സ് ബാര്‍ സന്ദര്‍ശകനായി എത്തിയ വേളയിലാണു ബിനോയ് പരിചയപ്പെട്ടതെന്നു പരാതിയില്‍ പറയുന്നു. ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്നു ബിനോയ് ഉറപ്പു നല്‍കിയിരുന്നത്രെ. ബിനോയിയുമായുള്ള ബന്ധത്തില്‍ 2009 നവംബറില്‍ താന്‍ ഗര്‍ഭിണി ആയെന്നും തുടര്‍ന്നു മുംബൈയില്‍ എത്തിയെന്നും പരാതിയില്‍ പറയുന്നു. 2010ല്‍ ബിനോയ് അന്ധേരിയില്‍ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അവിടെ താമസിപ്പിച്ചത്രെ. ബിനോയ് അവിടെ എത്തുകയും പണം അയച്ചുനല്‍കുകയും ചെയ്തുപോന്നുവെന്നും പരാതിയില്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍, 2015 മുതല്‍ തന്നെ ഒഴിവാക്കാന്‍ തുടങ്ങിയെന്നും വിവാഹം കഴിക്കണമെന്ന അഭ്യര്‍ഥന നിരസിച്ചുവെന്നും ബിനോയ് വിവാഹിതനാണെന്ന് 2018ലാണ് അറിഞ്ഞതെന്നും യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ബിനോയ് വിവാഹിതനാണെന്ന് അറിയുകയും തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം തള്ളി ഭീഷണിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണു പൊലീസില്‍ പരാതി നല്‍കിയതെന്നാണു യുവതിയുടെ വിശദീകരണം.
മാനഭംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഐ.പി.സി. 376, 376(2), 420, 504, 506 എന്നീ വകുപ്പുകളാണ് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, യുവതി തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നതായി ബിനോയ് കോടിയേരി ബിഹാര്‍ സ്വദേശിക്കെതിരെ കണ്ണൂര്‍ റേഞ്ച് ഐ.ജിക്കു പരാതി നല്‍കിയിരുന്നതായി വെളിപ്പെട്ടു. ഒന്നര മാസം മുമ്പായിരുന്നു പരാതി നല്‍കിയതെന്നാണു റിപ്പോര്‍ട്ട്. പരാതിയില്‍ ഇതുവരെ നടപടി സ്വീകരിക്കാതിരുന്നതില്‍ ദുരൂഹതയുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ യുവതിക്കെതിരെ കേരള പൊലീസ് കേസെടുത്തേക്കുമെന്നു സൂചനയുണ്ട്.
ബിനോയിക്കെതിരെയുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മാധ്യമപ്രവര്‍ത്തകര്‍ സി.പി.ഐ.(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം ആരാഞ്ഞെങ്കിലും പരാതിയെക്കുറിച്ച് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബിനോയ് നേരത്തേ സാമ്പത്തികത്തട്ടിപ്പു കേസില്‍ പ്രതിയായപ്പോള്‍ വ്യക്തിപരമായ പരാതി ആയതിനാല്‍ പാര്‍ട്ടിയെ ബാധിക്കുന്നതല്ലെന്ന നിലപാടായിരുന്നു സി.പി.ഐ.(എം) കൈക്കൊണ്ടത്. ഈ വിഷയത്തില്‍ പാര്‍ട്ടി നിലപാട് എന്തെന്നു വിശദീകരിക്കപ്പെട്ടിട്ടില്ല.
.

Back to Top