News

മന്‍മോഹന്‍ സിങ്ങിന് എം.പി.സ്ഥാനം നഷ്ടമായി

ന്യൂഡെല്‍ഹി: മൂന്നു ദശാബ്ദത്തോളമായി നിലനിര്‍ത്തിപ്പോരുന്ന രാജ്യസഭാംഗത്വം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനു നഷ്ടമാകുന്നു. വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം സഭയില്‍ ഉണ്ടാകില്ല. കോണ്‍ഗ്രസ് അദ്ദേഹത്തെ വീണ്ടും രാജ്യസഭയിലെത്തിക്കാനുള്ള സാധ്യത കുറവാണെന്നാണു സൂചന.
1991ല്‍ അസമില്‍നിന്നാണു മന്‍മോഹന്‍ സിങ് ആദ്യമായി രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. നരസിംഹ റാവു മന്ത്രിസഭയില്‍ ധനമന്ത്രിയായി രാഷ്ട്രീയ രംഗപ്രവേശം ചെയ്ത വേളയിലായിരുന്നു അത്. 28 വര്‍ഷമായി രാജ്യസഭയില്‍ തുടരുന്ന അദ്ദേഹം, 2013ലാണ് അവസാനമായി തെരഞ്ഞെടുക്കപ്പെട്ടത്. ആറു വര്‍ഷം പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്തു വര്‍ഷം രാജ്യസഭയിലെ കക്ഷിനേതാവും ആയിരുന്നു.  
അസമില്‍നിന്നു വീണ്ടും തെരഞ്ഞെടുക്കപ്പെടണമെങ്കില്‍ 43 ഫസ്റ്റ് വോട്ടുകള്‍ ലഭിക്കണം. എന്നാല്‍, കോണ്‍ഗ്രസിന് 25 എം.എല്‍.എമാര്‍ മാത്രമേ ഉള്ളൂ. 13 എം.എല്‍.എമാരുള്ള ഓള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രന്റിന്റെ പിന്‍തുണ ലഭിച്ചേക്കാമെങ്കിലും അപ്പോഴും വിജയത്തിന് ആവശ്യമായ വോട്ടുകള്‍ ലഭിക്കില്ല.
രാജസ്ഥാന്‍, കര്‍ണാടക, ഝത്തീസ്ഗഢ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലുള്ള പാര്‍ട്ടി പ്രതിനിധികളായ എം.പിമാരെ രാജിവെപ്പിച്ചു സിങ്ങിനെ രാജ്യസഭയിലേക്ക് എത്തിക്കാമെങ്കിലും അത്തരമൊരു നീക്കത്തിനു കോണ്‍ഗ്രസ് തയ്യാറല്ല എന്നാണു സൂചന.
.

Back to Top