News

കശ്മീരില്‍ ഐ.എസ്.ഐ. പുതിയ ഭീകരവാദ സംഘടന രൂപീകരിച്ചു

ന്യൂഡെല്‍ഹി: പാക് ചാര സംഘടനയായ ഐ.എസ്.ഐ. ഇസ്ലാമിക ഭീകരവാദികളെ ഉള്‍പ്പെടുത്തി ജമ്മു കശ്മീരില്‍ വിഘടനവാദികളുടെ പുതിയ സംഘടന രൂപീകരിച്ചതായി റിപ്പോര്‍ട്ട്. ലഷ്‌കര്‍-ഇ-തോയ്ബ പോലുള്ള ഭീകരവാദ സംഘടനകളിലെ മുന്‍കാല പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്നതാണു സംഘടനയെന്നു സൂ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ ഭീകരവിരുദ്ധ നിലപാടു ശക്തമാക്കുകയും സാമ്പത്തിക നിയന്ത്രണം കൊണ്ടുവരികയും ചെയ്തതോടെ ജമ്മുകശ്മീരില്‍ പ്രവര്‍ത്തിക്കാന്‍ നിലവിലുള്ള ഭീകരവാദ സംഘടനകള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണു പുതിയ നീക്കമെന്നാണു വിലയിരുത്തല്‍.
അതിര്‍ത്തിസംസ്ഥാനത്തിലെ ഭീകരതയുടെ വേരുകള്‍ അറുക്കാന്‍ ഒന്നാം മോദി സര്‍ക്കാര്‍ കരുനീക്കം നടത്തിയിരുന്നു. എന്‍.ഐ.എ. ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ശക്തമാക്കുകയും സംസ്ഥാന ഭരണകൂടത്തിന്റെകൂടെ പിന്‍തുണയോടെ ഭീകരരെ പിടികൂടുകയും ചെയ്തുവന്നിരുന്നു. ഭീകരവാദ സംഘടനകള്‍ക്ക് ആള്‍ബലവും പണവും എത്തിക്കുന്ന വഴികള്‍ ഒന്നൊന്നായി കണ്ടെത്തി തടയാനുള്ള ശ്രമവും ആരംഭിച്ചിരുന്നു. മോദി സര്‍ക്കാരിനു ഭരണത്തുടര്‍ച്ച ലഭിച്ച സാഹചര്യത്തില്‍ ഇക്കാര്യങ്ങളില്‍ തുടര്‍നടപടികള്‍ സജീവമാകുമെന്ന ആശങ്ക ഭീകരസംഘടനകള്‍ക്ക് ഉണ്ട്. പുതിയ കേന്ദ്ര ആഭ്യന്തര മന്ത്രി കര്‍ക്കശക്കാരനായ അമിത്ത് ഷായാണെന്നതും തീവ്രവാദി സംഘടനകള്‍ക്കു തിരിച്ചടിയാണ്. ഈ പ്രതിസന്ധി മറികടക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണു പുതിയ സംഘടന രൂപീകരിച്ചതെന്നാണു സൂചന.
.

Back to Top