News

സാമ്പത്തിക പ്രതിസന്ധി: സ്വത്തു വെളിപ്പെടുത്തണമെന്നു പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എന്ന സൂചന നല്‍കിക്കൊണ്ട് എല്ലാ പൗരന്‍മാരും സ്വത്തു വെളിപ്പെടുത്തണമെന്നു പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നിര്‍ദേശം. മുപ്പതിനകം സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതു രാജ്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്നും ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തി.
ഭൂസ്വത്ത് ഒഴികെ പാക്കിസ്ഥാനിലുള്ള ബിനാമി സ്വത്തുക്കള്‍ സംബന്ധിച്ചു സ്വമേധയാ വെളിപ്പെടുത്തല്‍ നടത്തിയാല്‍ അവ നാലു ശതമാനം നികുതി അടച്ചു സ്വന്തമാക്കാം. ബിനാമി പേരില്‍ നടത്തിയ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ആറു ശതമാനം നികുതി അടയ്ക്കണം. നിയമവിധേയമായല്ലാതെ കയ്യില്‍വെച്ചുവരുന്ന സ്വത്തുക്കള്‍ സംബന്ധിച്ച വിവരം സ്വമേധയാ വെളിപ്പെടുത്താനുള്ള സമയ പരിധി മുപ്പതാം തീയതിയാണ്.
ബിനാമി സ്വത്തുക്കള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ അന്വേഷണ ഏജന്‍സിയുടെ പക്കലുണ്ടെന്നും പാക് പ്രധാനമന്ത്രി വെളിപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്കു കടന്നേക്കുമെന്നാണു സൂചന. ആകെ ലഭിക്കുന്ന നികുതിയുടെ പകുതിയിലേറെയും കടം വീട്ടാന്‍ നീക്കിവെക്കേണ്ട സ്ഥിതിയിലാണു പാക്കിസ്ഥാന്‍.
.

Back to Top