News

പ്രധാനമന്ത്രി ഇന്നു കേരളത്തില്‍; രാഹുലും എത്തുന്നു

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്നെത്തും. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായാണ് അദ്ദേഹം മുഖ്യമായും എത്തുന്നത്. അതേസമയം, കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ഇന്നു കേരളത്തില്‍ എത്തുന്നുണ്ട്. വയനാട് മണ്ഡലത്തിലെ വോട്ടര്‍മാരോടു നന്ദി പറയാനാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം.
ഇന്നു രാത്രി 11.35നാണു പ്രധാനമന്ത്രി കൊച്ചിയില്‍ വിമാനമിറങ്ങുക. എറണാകുളം ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന അദ്ദേഹം നാളെ രാവിലെ ഗുരുവായൂരിലെത്തും. കൊച്ചിയില്‍നിന്നു ഹെലികോപ്റ്ററില്‍ തിരിക്കുന്ന പ്രധാനമന്ത്രി, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ ഹെലിപാഡിലിറങ്ങി റോഡ് മാര്‍ഗമാണു ക്ഷേത്രത്തിലെത്തുക. ശ്രീവത്സം ഗസ്റ്റ് ഹൗസിലെ ഒന്നാം നമ്പര്‍ മുറിയിലെത്തി വിശ്രമിച്ചശേഷം 10 മണിക്കു ക്ഷേത്രത്തിലെത്തും. 11.10നാണു മടങ്ങുക. തുടര്‍ന്നു ശ്രീകൃഷ്ണ സ്‌കൂള്‍ മൈതാനത്തു ചേരുന്ന ബി.ജെ.പി. പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.
പ്രധാനമന്ത്രിക്കു ക്ഷേത്ര ദര്‍ശനം നടത്തുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയതായി ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ് വ്യക്തമാക്കി. കിഴക്കേ ഗോപുരത്തിനുമുന്നില്‍വെച്ച് പൂര്‍ണകുംഭം നല്‍കി പ്രധാനമന്ത്രിയെ സ്വീകരിക്കും. തുലാഭാരം, പാല്‍പ്പായസം എന്നീ വഴിപാടുകള്‍ നേര്‍ന്നിട്ടുണ്ട്. താമരപ്പൂക്കള്‍കൊണ്ടാണു തുലാഭാരം നടത്തുക. ദര്‍ശനം നടത്തി ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ തിരിച്ചെത്തുന്ന നരേന്ദ്ര മോദിക്ക് പാഞ്ചജന്യം മുഴക്കുന്ന ശ്രീകൃഷ്ണന്റെ ദാരുശില്‍പവും ചുമര്‍ചിത്രകലയില്‍ വരച്ച ശ്രീകൃഷ്ണന്റെ ചിത്രവും ദേവസ്വം അധികൃതര്‍ സമ്മാനിക്കും.
പ്രധാനമന്ത്രി എത്തിച്ചേരുന്ന സാഹചര്യത്തില്‍ ഇന്നു രാവിലെ ഒന്‍പതു മുതല്‍ മറ്റു ഭക്തര്‍ക്കു ക്ഷേത്രദര്‍ശനം വിലക്കിയിട്ടുണ്ട്. രാവിലെ ഏഴു മുതല്‍ ഗുരുവായൂര്‍ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണവും ഉണ്ടായിരിക്കും.
ഇന്നുച്ചയ്ക്ക് ഒന്നരയോടെ രാഹുല്‍ഗാന്ധി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങും. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിക്കും. തുടര്‍ന്നു മലപ്പുറം ജില്ലയില്‍പ്പെടുന്ന, വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍പ്പെടുന്ന പ്രദേശങ്ങളിലെത്തി വോട്ടര്‍മാരോടു നന്ദി അറിയിക്കും. റോഡ് മാര്‍ഗം കല്‍പറ്റയിലെത്തുന്ന രാഹുല്‍, ശനിയാഴ്ച വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ആറിടത്തു പ്രസംഗിക്കും. ഞായറാഴ്ച തിരുവമ്പാടി നിയമസഭാ മണ്ഡലപരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ പ്രസംഗിച്ച ശേഷം മടങ്ങും. ഉച്ചഭാഷിണി ഘടിപ്പിച്ച തുറന്ന വാഹനത്തിലായിരിക്കും കോണ്‍ഗ്രസ് പ്രസിഡന്റിന്റെ പര്യടനം.
.

Back to Top