News

ഐ.എസ്. അംഗങ്ങളായ മലയാളികള്‍ മടങ്ങാന്‍ ശ്രമിക്കുന്നു?

തിരുവനന്തപുരം: ഇസ്ലാമിക് സ്‌റ്റേറ്റ് അംഗങ്ങള്‍ക്കെതിരെയുള്ള നിയമനടപടികള്‍ ശക്തമായതോടെ ഐ.എസില്‍ ചേര്‍ന്ന മലയാളികള്‍ തിരിച്ചെത്താന്‍ ശ്രമം ആരംഭിച്ചതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഐ.എസിന്റെ ഭാഗമായിത്തീര്‍ന്ന ചിലര്‍ നാട്ടിലേക്കു വരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായി ബന്ധുക്കളെ അറിയിച്ചതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.
കേരളീയരുടെ ഐ.എസിലേക്കുള്ള ഒളിച്ചോട്ടത്തിനു തുടക്കമിട്ട ജില്ലകളിലൊന്നായ കാസര്‍കോട്ടുനിന്നു നാടുകടന്ന ഏതാനും പേര്‍ മടങ്ങുന്നതായാണു സൂചന. തൃക്കരിപ്പൂര്‍ ഇളമ്പച്ചിയിലെ ഫിറോസ് നാട്ടിലേക്കു മടങ്ങാന്‍ താല്‍പര്യമുണ്ടെന്നു ബന്ധുവിനെ വിളിച്ച് അറിയിച്ചുവത്രെ. കാസര്‍കോട് പീസ് സ്‌കൂള്‍ ജീവനക്കാരനായിരുന്ന ഇയാള്‍ 2016ലാണ് ഐ.എസില്‍ ചേര്‍ന്നത്. ഫിറോസിന്റെ നാട്ടുകാരായ, ഇയാള്‍ക്കൊപ്പം സിറിയയിലേക്കു കടന്ന രണ്ടു പേര്‍ കൂടി മടങ്ങാന്‍ നീക്കങ്ങള്‍ ആരംഭിച്ചതായാണു റിപ്പോര്‍ട്ട്.
ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ ഐ.എസിനെതിരെ ജാഗ്രത വര്‍ധിച്ചതു സംഘടനയുടെ പ്രവര്‍ത്തനത്തിനു തിരിച്ചടി സൃഷ്ടിച്ചിട്ടുണ്ട്. അടുത്തിടെ ശ്രീലങ്കയില്‍ ഉണ്ടായത് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മിക്ക രാജ്യങ്ങളിലും കര്‍ശനമായി നിരീക്ഷിച്ചുവരികയാണ്. തീവ്രവാദ സംഘടനകള്‍ക്കു പണവും മറ്റു സഹായങ്ങളും ലഭ്യമാക്കരുതെന്ന പൊതുചിന്ത ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്നതും തീവ്രവാദ ഗ്രൂപ്പുകള്‍ക്കു തിരിച്ചടിയായി.
.

Back to Top