News

ഹരിതകേരളം ജലസംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഹരിതകേരളം മിഷന്‍ സംസ്ഥാനത്ത് ഇതുവരെ നടത്തിയ പുഴ പുനരുജ്ജീവന -ജലസംരക്ഷണ പ്രവര്‍ത്തനങ്ങളെ ആധാരമാക്കി ദേശീയ തലത്തില്‍ ജലസംഗമം സംഘടിപ്പിക്കുന്നു. 30, 31 തീയതികളില്‍ ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിക്കുന്ന ജലസംഗമം- 2019ന്റെ ഉദ്ഘാടനം 30നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഡോ.തോമസ് ഐസക്, എ.സി.മൊയ്തീന്‍, കെ.കൃഷ്ണന്‍കുട്ടി, വി.എസ്.സുനില്‍ കുമാര്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നീ മന്ത്രിമാരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള വിദഗ്ധരും സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നു രണ്ടുവീതം പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. നദീപുരുജ്ജീവനവും സുസ്ഥിരതാ വെല്ലുവിളികളും, പ്രാദേശിക ജലസ്രോതസ്സുകളും ജലസുരക്ഷാ പദ്ധതികളും, നഗരനീര്‍ച്ചാലുകളുടെ ശൃംഖലയും മലിനജല പരിപാലനവും എന്നീ വിഷയങ്ങളില്‍ സംഘടിപ്പിക്കുന്ന സെമിനാറുകളില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവതരണങ്ങള്‍ നടക്കും.
ജലസംഗമത്തിലെ സമാന്തര സെഷനുകളിലെ അവതരണങ്ങളോട് ഐ.ഐ.ടികളില്‍നിന്നും ഗവേഷണ സ്ഥാപനങ്ങളില്‍നിന്നുമുള്ള വിദഗ്ധര്‍ പ്രതികരിക്കും. തെലുങ്കാന സംസ്ഥാനത്തിലെ നെക്‌നാംബൂര്‍ തടാകം, എറാക്കുട്ട തടാകം, പ്രഗതി നഗര്‍ തടാകം മുതലായ വലിയ തടാകങ്ങള്‍ മാതൃകാപരമായി പുനരുജ്ജീവിപ്പിച്ചു സംരക്ഷിക്കുന്ന പരിസ്ഥിതിപ്രവര്‍ത്തക കൂടിയായ, പിലാനി കേന്ദ്ര ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന മധുലികാ ചൗധരിയും നീര്‍ത്തട പരിപാലനം, സ്ഥലപര ആസൂത്രണം തുടങ്ങി വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള റൂര്‍ക്കി ഐ.ഐ.ടിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.മനോജ്.കെ.ജയിനും പ്രകൃതി വിഭവ സംരക്ഷണം, പുനഃസ്ഥാപനം, ജല-മലിനജല സംസ്‌കരണം, പാരിസ്ഥിതിക ആഘാത പഠനം എന്നിവയില്‍ വിദഗ്ധനായ വിനോദ് താരെ തുടങ്ങിയവരാണു സംസാരിക്കുക. ഇവരെക്കൂടാതെ വിവിധ ഐ.ഐ.ടികളില്‍നിന്നുള്ള ഡോ.പി.ആതിര, ഡോ.എന്‍.സി നാരായണന്‍, ഡോ.ടി.എല്‍ദോ എന്നിവരും കോഴിക്കോട് എന്‍.ഐ.ടിയില്‍നിന്നുള്ള സന്തോഷ് തമ്പി, ബാര്‍ട്ടന്‍ഹില്‍ എന്‍ജിനീയറിങ് കോളേജില്‍നിള്ള സുജ, ജലസംരക്ഷണവുമായി ബന്ധപ്പെട്ടു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാതൃകാ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ള പ്രദീപ് കുമാര്‍, ജോയ് കെ.ജെ തുടങ്ങിയവര്‍ പങ്കെടുക്കും.
31നു നടക്കുന്ന പ്ലീനറി സെഷനില്‍ സമാന്തര സെഷനിലെ അവതരണങ്ങളും തുടര്‍ന്നു നടക്കുന്ന ചര്‍ച്ചകളും ക്രോഡീകരിച്ചുള്ള അവതരണങ്ങളോട് വിദഗ്ധര്‍ പ്രതികരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നു നടത്തേണ്ട ഭാവിപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. മന്ത്രി ഡോ.ടി.എം.തോമസ് ഐസക് ഈ സെഷന് നേതൃത്വം നല്‍കും. സംസ്ഥാനത്ത് നടന്നിട്ടുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ നദീ സംയോജന പ്രവര്‍ത്തനങ്ങള്‍, ആലപ്പുഴ കനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, കാട്ടാക്കട നിയോജക മണ്ഡലത്തിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കണ്ടു മനസ്സിലാക്കാന്‍ ഫീല്‍ഡ് വിസിറ്റും സംഘടിപ്പിച്ചിട്ടുണ്ട്.  ജലസംരക്ഷണം വിഷയമാക്കിയുള്ള പ്രദര്‍ശനം 29നു മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.
.

Back to Top