News

ഇടതു വിമത സ്ഥാനാര്‍ഥി സി.ഒ.ടി. നസീര്‍ സുഖം പ്രാപിക്കുന്നു

കോഴിക്കോട്: ആക്രമിക്കപ്പെട്ട വടകര ലോക്‌സഭാ മണ്ഡലത്തിലെ ഇടതു വിമത സ്ഥാനാര്‍ഥി സി.ഒ.ടി. നസീര്‍ സ്വകാര്യ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു. ഗുരുതരമായി പരുക്കേറ്റിരുന്ന അദ്ദേഹത്തെ മൂന്നു ശസ്തക്രിയകള്‍ക്കു വിധേയമാക്കിയശേഷം തീവ്രപരിചരണ വിഭാഗത്തില്‍നിന്നു മുറിയിലേക്കു മാറ്റി. മുറിഞ്ഞൂതൂങ്ങിയിരുന്ന വിരലുകള്‍ തുന്നിച്ചേര്‍ത്തു.
തലശ്ശേരി കായ്യത്ത് റോഡില്‍വെച്ചാണു സ്ഥാനാര്‍ഥി ആക്രമിക്കപ്പെട്ടത്. വയറില്‍ കത്തികൊണ്ടു കുത്തുകയും കൈകാലുകള്‍ ഇരുമ്പുദണ്ഡുകള്‍കൊണ്ട് അടിച്ചൊടിക്കുകയുമാണു ചെയ്തതെന്നു നസീര്‍ വെളിപ്പെടുത്തിയിരുന്നു. നെഞ്ചില്‍ കുത്താന്‍ ശ്രമിച്ചതു തടഞ്ഞപ്പോഴാണത്രെ വയറില്‍ കുത്തേറ്റത്.
നസീര്‍ ആക്രമിക്കപ്പെട്ടതു തൊട്ടടുത്ത ഹോട്ടലിലെ സി.സി.ടിവി ദൃശ്യങ്ങളില്‍ പകര്‍ത്തപ്പെട്ടിട്ടുണ്ട്. പള്‍സര്‍ ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് ആക്രമിച്ചതെന്നു ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്. സി.പി.ഐ.(എം) പ്രവര്‍ത്തകരാണ് ഇവരെന്നാണു സംശയിക്കുന്നത്. ദൃശ്യങ്ങള്‍ ഉപയോഗപ്പെടുത്തി പ്രതികളെ വൈകാതെ വലയിലാക്കാന്‍ സാധിക്കാന്‍ പൊലീസിനു സാധിച്ചേക്കും.
കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.മുരളീധരന്‍ എം.എല്‍.എ., ബി.ജെ.പി. ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ്, വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.ജയരാജന്‍, സി.പി.ഐ.(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ തുടങ്ങിയ പ്രമുഖര്‍ വിവിധ ദിവസങ്ങളിലായി നസീറിനെ സന്ദര്‍ശിച്ചു.
നസീറിനെ ആക്രമിച്ചതു സി.പി.ഐ(എം)ക്കാരാണെന്നും ആക്രമണത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നു പി.ജയരാജന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നും കെ.മുരളീധരന്‍ ആരോപിച്ചു. അക്രമിച്ചത് ആരെന്നു നസീറിന് അറിയാമെന്നും പ്രതികള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
ടി.പി.ചന്ദ്രശേഖരനെ ആക്രമിക്കാന്‍ ശ്രമിച്ചതിനു സമാനമായാണു നസീറും ആക്രമിക്കപ്പെട്ടതെന്നും സംഭവത്തിനു പിന്നില്‍ പി.ജയരാജനു പങ്കുണ്ടെന്നു സംശയിക്കുന്നുവെന്നും ബി.ജെ.പി. നേതാവ് പി.കെ.കൃഷ്ണദാസ് ആരോപിച്ചു. ഗൂഢാലോചന നടത്തിയാണ് നസീറിനെ ആക്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
.

Back to Top