News

കൃഷിക്കാരനു കൈത്താങ്ങ്; 81 കോടി ജനങ്ങള്‍ക്കു സൗജന്യ നിരക്കില്‍ ഭക്ഷ്യധാന്യം

ന്യൂഡെല്‍ഹി: ഏറെ പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കുകയും നിലവിലുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും പലതും നവീകരിക്കാനും അതുവഴി ഫലപ്രദമാക്കാനും ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിനു സാധിച്ച വര്‍ഷമാണ് 2018. അവയില്‍ പ്രധാനപ്പെട്ട ചിലവ:
ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം
രാജ്യത്ത് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കിക്കൊണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും 36 സംസ്ഥാനങ്ങളിലുമായി 80.72 കോടി ജനങ്ങള്‍ക്ക് മൂന്നു കിലോഗ്രാം വരെ ഗോതമ്പും അരിയും മറ്റു ചെറുതരം ഭക്ഷ്യധാന്യങ്ങളും സൗജന്യ നിരക്കില്‍ ലഭ്യമാക്കി വരുന്നു. ആദ്യ മൂന്നു വര്‍ഷത്തേക്ക് അരിക്ക് കിലോഗ്രാമിന് മൂന്നു രൂപ, ഗോതമ്പിന് രണ്ടു രൂപ, മറ്റു ധാന്യങ്ങള്‍ക്ക് ഒരു രൂപ എന്ന നിരക്കാണു നിശ്ചയിച്ചിരുന്നത്. ഇതു പിന്നീട് 2019 ജൂണ്‍ വരെ നീട്ടി. 2018 ഡിസംബര്‍ അഞ്ചു വരെ 2575 കോടി രൂപയാണ് പൊതുവിതരണ സംവിധാനം കാര്യക്ഷമമായി നടപ്പാക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. ആദ്യമായാണ് ഇത്തരത്തില്‍ ഒരു ക്രമീകരണം ഭക്ഷ്യസുരക്ഷാ മേഖലയില്‍ നടപ്പിലാക്കുന്നത്.

പൊതുവിതരണ സമ്പ്രദായത്തിന്റെ  കമ്പ്യൂട്ടര്‍വത്ക്കരണം
ഇതിനായി 884 കോടി രൂപ ചെലവഴിച്ചു. റേഷന്‍ കാര്‍ഡുകള്‍ ഡിജിറ്റലൈസ് ചെയ്ത് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചതോടെ 2017 നവംബര്‍ വരെ അര്‍ഹതയില്ലാത്ത 2.75 കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കാന്‍ സാധിച്ചു. യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്കു മാത്രമായി ഭക്ഷ്യ സബ്‌സിഡി ചുരുക്കിയതിലൂടെ  പ്രതിവര്‍ഷം 17,500 കോടി രൂപയുടെ ലാഭം ഖജനാവിനു നേടാനായി. ഇത് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പിലാക്കി. സംസ്ഥാനങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യ വിഹിതം ഓണ്‍ലൈനായി ലഭ്യമാക്കിവരുന്നു. രാജ്യത്തെ 25 സംസ്ഥാനങ്ങളിലേക്കുള്ള റേഷന്‍സാധനങ്ങളുടെ ചരക്കുനീക്കം ഇതിനോടകം കമ്പ്യൂട്ടര്‍വല്‍ക്കരിച്ചു. എല്ലാ സംസ്ഥാനങ്ങളിലും പരാതിപരിഹാര സൗകര്യങ്ങളും ഹെല്‍പ്‌ലൈനുകളും സ്ഥാപിച്ചു. എല്ലാ റേഷന്‍ കടകളിലും ഇലക്ട്രോണിക് മെഷീനുകള്‍ സ്ഥാപിച്ച് വിതരണ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങി. രാജ്യത്തെ മൊത്തം 5.34 ലക്ഷം റേഷന്‍ കടകളില്‍ 3.61 ലക്ഷം എണ്ണത്തിലും ഇലക്ട്രോണിക് സംവിധാനം സ്ഥാപിച്ചുകഴിഞ്ഞു. ആന്ധ്രാപ്രദേശ്, ഹരിയാന, കര്‍ണാടക, തെലുങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ത്രിപുര, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഗുണഭോക്താക്കള്‍ക്ക് നിലവില്‍ ഏതു റേഷന്‍ കടയില്‍നിന്നു വേണമെങ്കിലും റേഷന്‍ ധാന്യങ്ങള്‍ വാങ്ങുന്നതിനുള്ള ക്രമീകരണം പൂര്‍ത്തിയാക്കി. മധ്യപ്രദേശില്‍ ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു. പൊതുവിതരണ സംവിധാനത്തെ ദേശീയ തലത്തില്‍ നിരീക്ഷിക്കുന്നതിനുള്ള ശൃംഖല 2019-20 സാമ്പത്തിക വര്‍ഷത്തോടെ പൂര്‍ത്തിയാകും.

കൃഷിക്കാരനു കൈത്താങ്ങ്
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ നോക്കുമ്പോള്‍ 2018-19ല്‍ ഗോതമ്പിന്റെ സംഭരണം 357.95 ലക്ഷം മെട്രിക് ടണ്‍ ആയി ഉയര്‍ന്നു. 2017-18ല്‍ നെല്ലിന്റെ സംഭരണം 381.84 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു.

ഭക്ഷ്യധാന്യ വിതരണം
റെയില്‍, റോഡ്, കടല്‍, നദീപാതകളിലൂടെ ഏകദേശം 40 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് ഫുഡ് കോര്‍പ്പറേഷന്‍ രാജ്യത്തുടനീളം ഇക്കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തത്. 2017-18 സാമ്പത്തിക വര്‍ഷം 100 കണ്ടെയ്‌നര്‍ ധാന്യങ്ങള്‍ വിതരണം ചെയ്യണം എന്നതായിരുന്നു ലക്ഷ്യമെങ്കിലും അത് 134ല്‍ എത്തിക്കാന്‍ സാധിച്ചു. ഇതിലൂടെ 662 ലക്ഷം രൂപ ചരക്കുകൂലി ഇനത്തില്‍ ലാഭം ഉണ്ടാക്കി. ഈ വര്‍ഷം ഒക്ടോബര്‍ 15 വരെ 3.52 കോടി രൂപ ലാഭം ഉണ്ടാക്കി.
സംഭരണശാല വികസന നിയന്ത്രണ അതോറിറ്റി
വെയര്‍ഹൗസിംങ്  വികസന നിയന്ത്രണ അതോറിറ്റിയില്‍ സംഭരണകേന്ദ്രങ്ങളുടെ റജിസ്‌ട്രേഷന്‍ ലളിതമാക്കി. വെയര്‍ഹൗസുകളുടെ വര്‍ധന പ്രോത്സാഹിപ്പിക്കാന്‍ പുതിയ നിയമം കൊണ്ടുവന്നു. ഇതുവഴി സംഭരണശാലകളിലെ ചരക്കുകള്‍ വച്ച് വായ്പയ്ക്കു സൗകര്യം ഒരുക്കി. ഒക്ടോബര്‍ 31 വരെ ഇത്തരത്തില്‍ 51.45 കോടി രൂപയുടെ വായ്പ നല്കി. സംഭരണശാലകളില്‍ നിന്നുള്ള രസീതുകള്‍ക്ക് ഇലക്ട്രോണിക് സംവിധാനം കൊണ്ടുവന്നു.
പഞ്ചസാര മേഖല
പഞ്ചസാരയുടെ അധിക ഉത്പാദനത്തെയും വില ഇടിവിനെയും തുടര്‍ന്നു 2018 മെയ് മുതല്‍ പഞ്ചസാര മില്ലുകളും കരിമ്പു കര്‍ഷകരും പ്രതിസന്ധിയിലായി. ഇതിനു പരിഹാരമായി അടച്ചുപൂട്ടല്‍ ഒഴിവാക്കാന്‍ പഞ്ചസാര മില്ലുകള്‍ക്ക് 1540 കോടി രൂപ നല്‍കി.  പഞ്ചസാരയുടെ കുറഞ്ഞ വില്‍പന വില കിലോഗ്രാമിന് 29 രൂപയാക്കി നിശ്ചയിച്ചു. ഇതേത്തുടര്‍ന്നു രാജ്യത്തെ കരിമ്പു കര്‍ഷകര്‍ക്കുള്ള കുടിശിക 14538 കോടിയില്‍നിന്ന് 1924 കോടി രൂപയായി കുറഞ്ഞു. മില്ലുകള്‍ വാങ്ങുന്ന ഒരു ക്വിന്റല്‍ കരിമ്പിന് 5.50 രൂപ നിരക്കില്‍ സര്‍ക്കാര്‍ 1540 കോടി രൂപ സബ്‌സിഡിയും നല്കി. കൂടാതെ കരിമ്പിന്‍ നീരില്‍ നിന്ന് എഥനോള്‍ ഉത്പാദിപ്പിക്കാനുള്ള അനുമതി നല്കി രാജ്യത്തെ ജൈവ ഇന്ധന നയം പരിഷ്‌കരിച്ചു. എഥനോള്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് പഞ്ചസാര മില്ലുകള്‍ക്ക് പുതിയ ഡിസ്റ്റിലറികളും ബോയിലറുകളും നിര്‍മ്മിക്കാന്‍ ബാങ്കുകള്‍ വഴി 6139 കോടി രൂപ വായ്പ നല്കി. ഇതില്‍ 1332 കോടി രൂപയുടെ പലിശ ബാധ്യത ഗവണ്‍മെന്റ് ഏറ്റെടുക്കും. ആഭ്യന്തര ചരക്കുനീക്കത്തിനായി 2018-19ല്‍ മില്ലുകള്‍ക്ക് 1375 കോടി രൂപ ഗവണ്‍മെന്റ് അനുവദിച്ചു.
ഗവണ്‍മെന്റിന്റെ ഇത്തരം ഇടപെടലുകളെത്തുടര്‍ന്നു രാജ്യത്തെ കരിമ്പു കര്‍ഷകരുടെ കുടിശിക 23,232 കോടി രൂപയില്‍നിന്ന് 2017-18 ല്‍ 5465 കോടി രൂപയായി കുറഞ്ഞു.
.

Back to Top